സിബിഐയ്ക്ക് മേല്‍ രാഷ്ട്രീയം; പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല: ചീഫ് ജസ്റ്റിസ്

Web Desk
Posted on August 14, 2019, 2:05 pm

ന്യൂഡല്‍ഹി: സിബിഐയ്ക്കുമേലുള്ള സര്‍ക്കാര്‍ നിയന്ത്രണം മാറ്റി പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്.
കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന് (സിഎജി) ഉള്ളത് പോലുള്ള അധികാരം സിബിഐയ്ക്ക് വേണമെന്നും അതിനായി നിയമം മൂലം സ്റ്റാറ്റിയൂട്ടറി സ്റ്റാറ്റസ് നല്‍കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ സിബിഐ സംഘടിപ്പിച്ച പരിപാടിയില്‍ ഡി പി കോലി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു ചീഫ് ജസ്റ്റിസ്.
ഏജന്‍സിയുടെ ഘടനയ്ക്കും അതിന്റെ ലക്ഷ്യങ്ങള്‍ക്കും അതിന്റെ പ്രവര്‍ത്തനരീതികള്‍ക്കും വിരുദ്ധമാണ് ഭരണസ്വാധീനമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
രാഷ്ട്രീയേതര കേസുകളില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന സിബിഐ രാഷ്ട്രീയ കേസുകളില്‍ ഈ മികവ് കാട്ടുന്നില്ല എന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
രാഷ്ട്രീയമാനമില്ലാത്ത കേസുകളില്‍ എന്തുകൊണ്ട് സിബിഐ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. പല ഉന്നതതല കേസുകളുടേയും അന്വേഷണത്തില്‍ സിബിഐ ശരിയായി പ്രവര്‍ത്തിച്ചില്ല. ഇത് സംവിധാനത്തിന്റെ പ്രശ്‌നമാണ് കാണിക്കുന്നത്.
1946ലെ ഡല്‍ഹി പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിലെ സെക്ഷന്‍ ഫോര്‍ പ്രകാരം സിബിഐ എല്ലായ്‌പ്പോഴും രാഷ്ട്രീയ ഉപകരണമാക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്. സിബിഐയെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടാകണം. പാര്‍ലിമെന്റിലെ നിയമ നിര്‍മ്മാണത്തിലൂടെ സ്റ്റാറ്റിയൂട്ടറി പദവി നല്‍കിയാലെ ഇത് സാധ്യമാകൂ എന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. കരസേന മേധാവി ബിപിന്‍ റാവത്ത്, വ്യോമസേനാ മേധാവി ബിഎസ് ധനോവ എന്നിവരും പങ്കെടുത്തു.