Web Desk

ന്യൂഡല്‍ഹി

October 26, 2020, 10:42 pm

മധ്യപ്രദേശ് സര്‍ക്കാരിന്റെ ആനുകൂല്യം: ചീഫ് ജസ്റ്റിസ് വിവാദത്തിൽ

വിമർശിച്ച പ്രശാന്ത്ഭൂഷണെതിരെ കോടതിയലക്ഷ്യത്തിന് നീക്കം
Janayugom Online

ഹെലികോപ്ടർ യാത്രയ്ക്ക് മധ്യപ്രദേശ് സര്‍ക്കാരിന്റെ ആനുകൂല്യം സ്വീകരിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ വീണ്ടും വിവാദത്തിൽ. ഇതിനെതിരെ രംഗത്തെത്തിയ മുതിർന്ന അഭിഭാഷകൻ പ്രശാന്ത്ഭൂഷണെതിരെ വീണ്ടും കോടതിയലക്ഷ്യത്തിന് നീക്കം.

മധ്യപ്രദേശില്‍ എംഎല്‍എമാരെ അയോഗ്യരാക്കിയ സുപ്രധാന കേസ് പരിഗണനയിലുള്ളപ്പോഴായിരുന്നു കന്‍ഹ ദേശീയ ഉദ്യാനത്തിലേക്കും അവിടെനിന്ന് സ്വദേശമായ നാഗ്പൂരിലേക്കും ഹെലികോപ്ടർ യാത്ര. മധ്യപ്രദേശ് സര്‍ക്കാരിന്റെ നിലനില്പ് തന്നെ ആശ്രയിച്ചിരിക്കുന്ന കേസ് പരിഗണനയിലിരിക്കെ ചീഫ് ജസ്റ്റിസ് സര്‍ക്കാരില്‍ നിന്ന് സഹായം സ്വീകരിച്ചതിനെ വിമര്‍ശിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ അടക്കമുള്ളവർ രംഗത്തെത്തി.

കുടുംബം, അടുത്ത ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്നുപോലും ഒരു ജഡ്ജി സമ്മാനങ്ങള്‍ സ്വീകരിക്കരുതെന്നാണ് നീതിശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നതെന്ന് പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. ചീഫ്ജസ്റ്റിസിനെതിരെ പ്രസ്താവനയിറക്കിയ പ്രശാന്ത്ഭൂഷണെതിരെ കോടതിയ ലക്ഷ്യനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന് കത്ത് നല്കിയിരിക്കുന്നത്. സുപ്രീം കോടതിയിലെ അഭിഭാഷകനായ സുനില്‍ കുമാര്‍ സിങിന്റേതാണ് കത്ത്. പ്രശാന്ത് ഭൂഷണ്‍ ചീഫ് ജസ്റ്റിസിന്റെ സ്വകാര്യ ജീവിതത്തില്‍ കടന്നു കയറിയെന്നാണ് സിങിന്റെ ആരോപണം.

കമല്‍നാഥ് സര്‍ക്കാരിനെ താഴെ വീഴ്‌­ത്തിയ 22 വിമത എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള തന്റെ അപേക്ഷ തള്ളിയ മധ്യപ്രദേശ് പ്രോ ടെം സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് എംഎല്‍എ വിനയ് സക്സേന സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനും ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യം എന്നിവർ അംഗങ്ങളുമായ ബെഞ്ച് ഈ മാസം ആറിനാണ് കേസില്‍ വാദം കേട്ടത്. കൂടുതല്‍ വാദം കേള്‍ക്കുന്നത് നവംബര്‍ നാലിലേക്ക് മാറ്റുകയും ചെയ്തു.

ഈ മാസം 17നാണ് ചീഫ് ജസ്റ്റിസ് ജബല്‍പുരില്‍ എത്തിയത്. നിയമം അനുവദിച്ചിട്ടുള്ള മൂന്ന് ദിവസം 19ന് അവസാനിക്കുമെന്നിരിക്കെ കന്‍ഹയില്‍ നിന്നും 20ന് മാത്രമാണ് അദ്ദേഹം നാഗ്‌പുരിലേക്ക് തിരിച്ചത്. ജബല്‍പൂരില്‍ നിന്ന് കന്‍ഹയിലേയ്ക്കുള്ള ഹെലികോപ്ടര്‍ യാത്രയില്‍ ചീഫ് ജസ്റ്റിസിനൊപ്പം രണ്ട് ജഡ്ജിമാര്‍ കൂടി ഉണ്ടായിരുന്നുവെന്നുവെന്നും മധ്യപ്രദേശിലെ പരിപാടി കഴിയുന്നതുവരെ അദ്ദേഹത്തോടൊപ്പം താമസിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്.

ഇവരുടെ പേരുകള്‍ ഔദ്യോഗിക ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. പ‍ഞ്ചാബ്, ഹരിയാന കോടതിയിലെ ചീഫ് ജസ്റ്റിസ് രവിശങ്കര്‍ ഝായും ഒഡിഷ ലോകായുക്ത ജസ്റ്റിസ് അജിത്ത് സിങ്ങുമാണ് ഈ അതിഥികള്‍. ചീഫ് ജസ്റ്റിസിനൊപ്പം ഉണ്ടായിരുന്ന മറ്റൊരാള്‍ മധ്യപ്രദേശ് അഡ്വക്കേറ്റ് ജനറല്‍ പുരുഷൈന്ദ്ര കൗരവ് ആണ്. ജസ്റ്റിസുമാരായ ഝായും സിങ്ങും എ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന അതിഥികളാണ്. എന്നാല്‍ കൗരവ് സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയല്ലെന്നിരിക്കെ അദ്ദേഹത്തെ ചീഫ് ജസ്റ്റിസിന്റെ അതിഥിയായേ കാണാനാകൂ.

മുൻ സുപ്രീം കോടതി ജഡ്ജിയുടെ ആരോപണങ്ങൾക്കിടയിലും ചീഫ് ജസ്റ്റിസ് ഝായെ സുപ്രീം കോടതിയിലേക്ക് ഉയർത്തുന്നത് സുപ്രീംകോടതിയുടെ കൊളീജിയം പരിഗണിക്കുന്നതായാണ് സൂചന. ഒഡിഷ ചീഫ് ജസ്റ്റിസ് മുഹമ്മദ് റാഫിഖിനെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ ജസ്റ്റിസ് അജിത് സിങ് സ്വാധീനം ചെലുത്തുന്നു എന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. നിലവിൽ മധ്യപ്രദേശ് ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് സഞ്ജയ് യാദവ് ആണ്. മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായി കൗരവിനെ നിയമിക്കുന്നത് സുപ്രീം കോടതിയുടെ കൊളീജിയം പരിഗണിക്കുന്നതായും സൂചനയുണ്ട്. ഈ മൂന്നു കാര്യങ്ങളും സുപ്രീംകോടതി കൊളീജിയത്തിന്റെ പരിഗണനയിലിരിക്കെ ഇപ്പോഴുള്ള ഈ യാത്ര മുന്‍കൂട്ടി നിശ്ചയിച്ചതാണെന്ന് സംശയിക്കേണ്ടതുണ്ട്.

Eng­lish sum­ma­ry:  Chief Jus­tice S A Bobde in controversy

You may also like this video: