26 March 2024, Tuesday

ജുഡീഷ്യറിയില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം വേണം: ചീഫ് ജസ്റ്റിസ്

Janayugom Webdesk
ന്യൂഡല്‍ഹി
September 26, 2021 6:08 pm

ഇന്ത്യന്‍ ജുഡീഷ്യറിയില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം വേണമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ. രാജ്യത്തെ ലോ കോളജുകളിലും സമാനമായ രീതിയില്‍ സംവരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതി വനിത അഭിഭാഷകര്‍ നടത്തിയ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നിയമവ്യവസ്ഥയിലെ 50 ശതമാനം സംവരണം വനിതകളുടെ അവകാശമാണെന്നും അത് ആവശ്യപ്പെടാന്‍ അവര്‍ക്ക് അര്‍ഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് വർഷങ്ങളായുള്ള അടിച്ചമർത്തലിന്റെ പ്രശ്നമാണിത്. ജുഡീഷ്യറിയുടെ താഴ്ന്ന തലങ്ങളിൽ 30 ശതമാനത്തിൽ താഴെമാത്രമാണ് വനിതാ ജഡ്ജിമാരുടെ പ്രാതിനിധ്യം. 

ഹൈക്കോടതികളിൽ 11.5 ശതമാനവും സുപ്രീം കോടതിയിൽ 12 ശതമാനവുമാണ് സ്ത്രീകൾ. രാജ്യത്തെ 1.7 ദശലക്ഷം വരുന്ന ആകെ അഭിഭാഷകരില്‍ 15 ശതമാനം പേര്‍ മാത്രമാണ് വനിതകള്‍. സംസ്ഥാന ബാർ കൗൺസിലുകളിൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളില്‍ രണ്ട് ശതമാനം സ്ത്രീകളാണുള്ളത്. എന്തുകൊണ്ടാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ നാഷണൽ കമ്മിറ്റിയ്ക്ക് ഒരു വനിതാ പ്രതിനിധി പോലും ഇല്ലാത്തത് എന്ന ചോദ്യം താന്‍ ഉന്നയിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പ്രശ്നങ്ങൾ അടിയന്തിരമായി തിരുത്തേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. 

ലോകത്തിലെ സ്ത്രീകൾ ഒന്നിക്കുക. നിങ്ങളുടെ ചങ്ങലകളല്ലാതെ നിങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നും കാള്‍ മാക്സിന്റെ വരികളെ ഉദ്ധരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. കോടതികളിലെ അസുഖകരമായ ജോലി സാഹചര്യങ്ങളെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഇത് രണ്ടാം തവണയാണ് രാജ്യത്തെ നിയമവ്യവസ്ഥയിലെ സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ച് ചീഫ് ജസ്റ്റിസ് ആശങ്ക ഉന്നയിക്കുന്നത്. 

Eng­lish Sum­ma­ry : chief jus­tice state­ment about woman reser­va­tion in judiciary

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.