മാർഗനിർദേശങ്ങൾ പാലിക്കാത്ത കടകൾ അടച്ചുപൂട്ടും, കർശന നിയന്ത്രണം; മുഖ്യമന്ത്രി

Web Desk

തിരുവനന്തപുരം

Posted on October 03, 2020, 12:52 pm

സംസ്ഥാനത്ത് കോവിഡ് ജാഗ്രത കൈമോശം വന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ നൽകിയ നിർദേശങ്ങൾ പലതും പാലിച്ചില്ല. അതാണ് ഇത്രയും ഗുരുതര സ്ഥിതിവിശേഷം ഉണ്ടാക്കിയത്. ഇനി നടപ്പാക്കാതെ വഴിയില്ല. നടപ്പായില്ലെങ്കിൽ കർക്കശമായ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

90 പൊതു വിദ്യാലയങ്ങളുടെ ഉദ്ഘ്ടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നേരത്തെ നാം കാണിച്ച ജാഗ്രതയും കരുതലും തിരിച്ചുപിടിക്കേണ്ടതായിട്ടുണ്ട്. ആളുകൾ ലാഘവത്തോടെ സമീപിക്കുന്ന സ്ഥിതി വിശേഷം ഉണ്ടായി. അത്തരമൊരു സാഹചര്യത്തിൽ നാടിനെ രക്ഷിക്കാനായി കൂടുതൽ കടുത്ത നടപടികളിലേക്കാണ് സർക്കാർ നീങ്ങിയിട്ടുള്ളത്. സർവകക്ഷിയോഗത്തിൽ എല്ലാവരും പറഞ്ഞത് കൂടുതൽ കർക്കശമായ നടപടികളിലേക്ക് പോകണമെന്നാണ്.

കോവിഡ് ടെസ്റ്റുകൾ ഇനിയും വർധിപ്പിക്കും. ശാരീരിക അകലം പാലിക്കൽ, മാസ്ക് ശരിയായി ധരിക്കൽ എന്നിവ കർശനമായി പാലിക്കണം. മാസ്ക് ധരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഇപ്പോഴത്തെ പിഴ വർധിപ്പിക്കും. കടകളിൽ സാമൂഹിക അകലം, സാനിറ്റൈസർ തുടങ്ങി കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കണം. മാർഗനിർദേശങ്ങൾ പാലിക്കാത്ത കടകൾ അടച്ചുപൂട്ടും. കടകളിൽ ഗ്ലൗസ് ധരിച്ചുമാത്രമേ പോകാവൂ എന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.

സർക്കാർ പരിപാടിയിൽ അടക്കം ഒരു സ്ഥലത്ത് 20 ൽ അധികം പേർ പങ്കെടുക്കാൻ പാടില്ല. രോഗ്യവ്യാപനത്തിന് സാധ്യതയുള്ള ചില കേന്ദ്രങ്ങളുണ്ട്. അതെല്ലാം പൂർണമായി അടച്ചിടാൻ കഴിയില്ല. എത്രകാലം ഇങ്ങനെ അടച്ചിട്ട് മുന്നോട്ടുപോകാനാകും. എന്തായാലും കോവിഡ് കുറച്ചുകാലം കൂടി നമുക്കൊപ്പം ഉണ്ടാകുമെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിൽ കോവിഡ് മാർഗനിർദേശങ്ങൾ കർക്കശമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Eng­lish sum­ma­ry: Pinarayi vijayan on covid spread

you may also like this video