മകള്‍ വീണയുടെ ഏക്സാലോജിക് കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടാന്‍ സിഎംആര്‍എല്ലിനെയോ മറ്റേതെങ്കിലും സ്ഥാപനത്തെയോ താന്‍ സ്വാധീനിക്കുകയോ, സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിഎംആര്‍എല്ലില്‍ നിന്നും മാസപ്പെടി വാങ്ങിയെന്ന ആരോപണത്തിന്മേല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തിലാണ് പിണറായി വിജയന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഹര്‍ജി ലക്ഷ്യം വെയ്ക്കുന്നത് രാഷ്ട്രീയ ആക്രമണാണെന്നും പൊതു താത്പര്യത്തിന്റെ പരിധിയ്ല്‍ വരില്ലെന്നും മുഖ്യമന്ത്രി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഒരു വാണിജ്യ കരാറിനെ മാത്രം അടിസ്ഥാനമാക്കി തന്നെയും മകളെയും ലാക്കാക്കി വ്യക്തിപരവും രാഷ്ട്രീയവുമായ ലക്ഷ്യത്തോടെയുള്ളതാണ് ഹര്‍ജിയെന്ന് മുഖ്യമന്ത്രി സത്യവാങ്മൂലത്തില്‍ പറയുന്നു. പൊതുതാല്‍പ്പര്യമെന്ന ഉദ്ദേശശുദ്ധി ഹര്‍ജിക്കില്ല. ഹര്‍ജിക്കാരനായ മാധ്യമപ്രവര്‍ത്തകന്‍ എം ആര്‍ അജയന് കേസുമായി ബന്ധപ്പെട്ട് നേരിട്ട് വിവരങ്ങളൊന്നുമില്ല. ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവിന്റെ മാത്രം അടിസ്ഥാനത്തിലാണ് ഹര്‍ജി. തന്നെയും തന്റെ മകളെയും ടാര്‍ഗറ്റ് ചെയ്യുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
പബ്ലിസിറ്റി താല്‍പര്യത്തോടു കൂടിയ ഹര്‍ജിയാണിത്. പൊതുവായ ഒരു നന്മയ്ക്കു വേണ്ടിയുള്ളതല്ല. മകളുടെ സ്ഥാപനം വഴി തനിക്ക് നേരിട്ടോ അല്ലാതെയോ പ്രതിഫലം ലഭിച്ചിട്ടില്ല. സിഎംആര്‍എലില്‍ നിന്നു ഫണ്ട് എക്‌സാലോജിക് വഴി തനിക്ക് നല്‍കിയെന്നത് വസ്തുതകളും തെളിവില്ലാതെയുമുള്ള ആരോപണമാണ്. സിഎംആര്‍എലില്‍ നിന്നു കൈക്കൂലി സ്വീകരിക്കാനുള്ള ബെനാമി കമ്പനിയാണ് എക്‌സാലോജിക് എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. എക്‌സാലോജിക്കും സിഎംആര്‍എല്ലുമായുള്ള എല്ലാ ഇടപാടുകളും ബാങ്ക് വഴിയാണ്. സ്വകാര്യ കരാറില്‍ തനിക്കു പങ്കില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മകളുടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രമാണ്. സിഎംആര്‍എലിന് അന്യായമായ എന്തെങ്കിലും ചെയ്തു കൊടുക്കാന്‍ സര്‍ക്കാര്‍ വകുപ്പിനോടോ ഉദ്യോഗസ്ഥരോടോ ആവശ്യപ്പെട്ടിട്ടില്ല. സിഎംആര്‍എലില്‍ നിന്നോ എക്‌സാലോജിക്കില്‍ നിന്നോ പണം സ്വീകരിച്ചിട്ടില്ല. എസ്എഫ്‌ഐഒ നിലവില്‍ അന്വേഷണം നടത്തുന്ന വിഷയത്തില്‍ മറ്റൊരു ഏജന്‍സിക്ക് സമാന്തരമായ അന്വേഷണം നടത്താനാകില്ല. കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം എന്ന ആവശ്യം നിലനില്‍ക്കാത്തതാണ്. തന്റെ സല്‍പ്പേര് കളങ്കപ്പെടുത്താനുള്ള ശ്രമമാണ്. കോവളം കൊട്ടാരം കൈമാറിയതിന്റെ പിന്നിലെ സൂത്രധാരന്‍ താനാണ് എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്.
സിഎംആർഎൽ, മാനേജിങ് ഡയറക്ടർ എന്നിവരുടെ നികുതി നിർണയവുമായി ബന്ധപ്പെട്ട് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് 2023 ജൂൺ 12 ന് പുറപ്പെടുവിച്ച ഉത്തരവ് അടിസ്ഥാനമാക്കിയാണ് ഹർജി. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് കാടടച്ചുള്ള അന്വേഷണം ആവശ്യപ്പെടുന്നതാണ് ഹർജി. സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിൽ താനോ മകളോ കക്ഷിയല്ല. ആദായനികുതി വകുപ്പും സിഎംആർഎല്ലും തമ്മിലുള്ള വിഷയമാണ്. ടാക്സ് സെറ്റിൽമെന്റ് സംബന്ധിച്ച വിഷയത്തിൽ മൂന്നാം കക്ഷിക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനാവില്ല. ഹർജിയിൽ സംസ്ഥാന സർക്കാരിനെ കക്ഷി ചേർക്കാത്തത് ഫെഡറൽ സംവിധാനത്തിന് എതിരാണെന്നും മുഖ്യമന്ത്രി സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.