Janayugom Online
Pinarayi-Vijayan

“എന്ത് ദുരന്തമുണ്ടായാലും നമ്മള്‍ തളരരുത്, വൈഷമ്യങ്ങള്‍ മറന്ന് മുന്നേറണം”; സ്വാതന്ത്ര്യദിനത്തില്‍ മുഖ്യമന്ത്രി

Web Desk
Posted on August 15, 2019, 10:06 am

തിരുവനന്തപുരം: അസാധ്യമായത് ഒന്നുമില്ലെന്ന് കേരള ജനത തെളിയിച്ചുവെന്ന് സ്വാതന്ത്ര്യദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സ്വാതന്ത്ര്യദിനം ദുഃഖത്തിന്‍റെ നിഴല്‍ വീണ പശ്ചാത്തലത്തിലുള്ളതാണെന്നും കേരളത്തിന്‍റെ പുനര്‍ അര്‍പ്പിക്കുന്നതാവണം ഈ സ്വാതന്ത്ര്യദിനമെന്നും അദ്ദേഹം പറഞ്ഞു. 73ാമത് സ്വാതന്ത്ര്യദിനാഘോഷ സന്ദേശം നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്ത് ദുരന്തമുണ്ടായാലും നമ്മള്‍ തളരരുത്. നമുക്ക് വേണ്ടി മാത്രമല്ല, വരും തലമുറയ്ക്ക് വേണ്ടി കൂടിയാണ് ഈ പരിശ്രമം,’ അദ്ദേഹം പറഞ്ഞു. ‘സ്വാതന്ത്ര്യം ജാതിമതവംശഉപദേശീയസംസ്‌കാരഭാഷ തുടങ്ങിയ ഭേദങ്ങള്‍ക്കെല്ലാം അതീതമായ സാഹോദര്യം ഇന്ത്യാക്കാരില്‍ ഊട്ടിയുറപ്പിച്ചു. ഇതിന് അടിത്തറയായത് നമ്മുടെ വിഖ്യാതമായ ഭരണഘടനയാണ്. ഭരണഘടനയുടെ മൂല്യങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കണമെന്നതാണ് സ്വാതന്ത്ര്യ ദിനം നല്‍കുന്ന സന്ദേശം. ഈ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ അപാകതകള്‍ ഉണ്ടായെങ്കില്‍ തിരുത്താന്‍ ശ്രമിക്കേണ്ടതുണ്ട്,’ മുഖ്യമന്ത്രി പറഞ്ഞു.

‘മതത്തിന്റെ പേരില്‍ വിവേചനമുണ്ടാകുന്നു, മതത്തിന്റെ പേരില്‍ പൗരന്മാരെ നീക്കിനിര്‍ത്തുന്നു. സമഭാവനയോടെ സര്‍വ്വരും കഴിയുന്ന സാമൂഹികമായ ജീവിതാവസ്ഥ നേടിയെടുക്കാനുള്ള യാത്രയിലാണ് ഇവിടെ പൊതുമേഖലാ സംരംഭങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ അവ തകരുന്നു. സമ്പത്ത് കുത്തകകളിലേക്ക് മാത്രമായി ഒതുങ്ങുന്നു.’ മുഖ്യമന്ത്രി പറഞ്ഞു.

‘ജാതിയുടെ പേരില്‍ പൗരന്മാര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നു. തെരുവിലവര്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്നു. മനുഷ്യത്വപരമായ സമൂഹം എന്ന പേരിനെ ഇത് കളങ്കപ്പെടുത്തുന്നു. ഭരണഘടനയുടെ ജീവസത്തയാണ് ഫെഡറല്‍ സ്പിരിറ്റ്. വൈവിധ്യത്തെ ഏക ശിലാരൂപമായ യൂണിറ്ററി സംവിധാനം കൊണ്ട് പകരം വയ്ക്കാനുള്ള ശ്രമം ഉണ്ടായാല്‍, ഇതിനെ ഭരണഘടനാ തത്വത്തിന്റെ ലംഘനമായേ കാണാനാകൂ.’

‘കവളപ്പാറയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി പളളി വിട്ടു കൊടുത്ത സഹോദരങ്ങള്‍ രാജ്യത്തെ മഹത്തായ മാതൃകയാണ്. ക്ഷേത്രത്തിന്റെ അയല്‍വഴിയിലൂടെ നടക്കാന്‍ പോലും സ്വതന്ത്ര്യമില്ലാതിരുന്ന സമുദായങ്ങളില്‍പ്പെട്ടവരെ ക്ഷേത്ര പൂജാരിയാക്കി മാറ്റുന്നിടം വരെയെത്തി നവോത്ഥാനത്തിന്റെ പുതിയ കാല സംരംഭങ്ങള്‍.’

‘പ്രളയം വിഭവ പ്രതിസന്ധിയുണ്ടാക്കി. അസാധ്യമായി ഒന്നുമില്ലയെന്ന് കേരള ജനത തെളിയിച്ചു. അതേ നിശ്ചയദാര്‍ഢ്യം തന്നെ ഇപ്പോഴത്തെ വിഷമാവസ്ഥകളില്‍ നിന്ന് കരകയറാന്‍ നമുക്ക് കൈമുതലാകും. നിര്‍ഭയമായ മനസ്സും സമുന്നതമായ ശിരസുമുള്ള ജനതയാണ് നമ്മള്‍. അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ശാസ്ത്ര വിരുദ്ധമായ മനോഭാവങ്ങളെയും ചെറുത്തു തോല്‍പ്പിക്കണം,’ മുഖ്യമന്ത്രി പറഞ്ഞു.