Web Desk

കൊല്ലം

December 22, 2020, 6:00 am

മുഖ്യമന്ത്രിയുടെ ജില്ലാപര്യടനത്തിന് കൊല്ലത്ത് ഇന്ന് തുടക്കം

Janayugom Online

നവകേരള സൃഷ്ടിക്കുള്ള മുന്നേറ്റത്തിന്റെ വിജയത്തുടർച്ചയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച കൊല്ലം ജില്ലയിൽ സന്ദർശനം നടത്തും. തദ്ദേശ തെരഞ്ഞെടുപ്പിലെ വൻ ജനകീയാംഗീകാരത്തിന് പിന്നാലെ മുഖ്യമന്ത്രി നടത്തുന്ന കേരളപര്യടനത്തിനാണ് ചരിത്രനഗരിയിൽ ആരംഭം കുറിക്കുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് 14 ജില്ലകളിലും സന്ദർശനം നടത്തി എൽഡിഎഫിന്റെ സമഗ്രവികസന കാഴ്ചപ്പാട് രൂപീകരിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ വിഭവ വിനിമയത്തെക്കുറിച്ചും വികസന ആശയങ്ങളുമായി ബന്ധപ്പെടുത്തിയും വിവിധ തലങ്ങളിലുള്ളവരുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തും. ബീച്ച് ഓർക്കിഡ് ഹോട്ടലിൽ പകൽ 10. 30നാണ് കൂടിക്കാഴ്ച. പ്രമുഖർ ചർച്ചയിൽ പങ്കെടുക്കും. കോവിഡ് സാഹചര്യമായതിനാൽ കൂടിക്കാഴ്ചയ്ക്കുള്ള അംഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്കു ശേഷം മുഖ്യമന്ത്രി പത്തനംതിട്ടയ്ക്ക് പോകും. വൈകിട്ട് 4.30നാണ് പത്തനംതിട്ടയിൽ കൂടിക്കാഴ്ച. 23 ന് വൈകുന്നേരം നാലിന് കോട്ടയം, 24ന് വൈകുന്നേരം നാലിന് തിരുവനന്തപുരം, 26 ന് രാവിലെ 10.30 ന് കണ്ണൂർ, വൈകുന്നേരം നാലിന് കാസർകോട്. 27 ന് രാവിലെ 10.30 ന് കോഴിക്കോട്, വൈകുന്നേരം നാലിന് വയനാട്, 28 ന് രാവിലെ 11.30 ന് മലപ്പുറം, വൈകുന്നേരം നാലിന് പാലക്കാട്. 29 ന് രാവിലെ 10. 30 ന് തൃശൂർ, 30 ന് രാവിലെ 10. 30 ന് എറണാകുളം, വൈകുന്നേരം നാലിന് ആലപ്പുഴ എന്നിങ്ങനെയാണ് പര്യടനം. ഇടുക്കിയിലെ പര്യടന തീയതി പിന്നീട് തീരുമാനിക്കും.

Eng­lish Sum­ma­ry :Chief Min­is­ter’s dis­trict tour begins today in Kollam

You May Also Like This Video