22 April 2024, Monday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; ഏജന്റുമാരുടെ ചൂഷണം ഒഴിവാക്കാൻ ഹെൽപ് ‌ഡെസ്‌ക്‌

Janayugom Webdesk
തിരുവനന്തപുരം
March 23, 2023 8:28 pm

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട്‌ ഏജന്റുമാരുടെ ചൂഷണം ഒഴിവാക്കാനും പൊതുജനങ്ങൾക്ക്‌ കൂടുതൽ മെച്ചപ്പെട്ട സേവനം ലഭിക്കാനുമായി താലൂക്ക്‌, വില്ലേജ്‌ അടിസ്ഥാനത്തിൽ ഹെൽപ്‌ലൈൻ ഡെസ്കുകളും ഹെൽപ്‌ലൈൻ നമ്പറുകളും തയ്യാറാക്കാൻ നിർദേശം. വിജിലൻസ്‌ മേധാവി മനോജ്‌ എബ്രഹാം സർക്കാരിന്‌ നൽകിയ റിപ്പോർട്ടിലാണ്‌ നിർദേശം.

ഓപറേഷൻ സിഎംഡിആർഎഫ്‌ എന്ന പേരിൽ നടത്തിയ പരിശോധനയിൽ പലയിടത്തും ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ്‌ ശുപാർശ. നിലവിലെ വരുമാന പരിധിയായ രണ്ടുലക്ഷം രൂപ ഉയർത്തിയാൽ കൂടുതാലാളുകൾക്ക്‌ പ്രയോജനകരമാകുമെന്നും ശുപാർശയിൽ പറയുന്നു. വർഷത്തിൽ രണ്ടുതവണയെങ്കിലും ദുരിതാശ്വാസ നിധി സംബന്ധിച്ച്‌ ജില്ലാതലത്തിൽ ഓഡിറ്റ്‌ നടത്തുകയും ഫീൽഡ്‌ ഓഫീസർമാർ റാൻഡം പരിശോധന നടത്തുകയും വേണം. ധനസഹായത്തിനുള്ള അപേക്ഷകൾ നൽകേണ്ട വിധവും അപേക്ഷയ്‌ക്കൊപ്പം വേണ്ട രേഖകൾ സംബന്ധിച്ച വിവരങ്ങളും വ്യക്തമാക്കുന്ന ബോർഡ്‌ വില്ലേജ്‌ ഓഫീസുകളിൽ പ്രദർശിപ്പിക്കണം.

മുഖ്യമന്ത്രിയുടെ ഓഫീസ്‌ മുഖാന്തരമോ മന്ത്രിമാരുടെ ഓഫീസ്‌ മുഖേനയോ ലഭിക്കുന്ന അപേക്ഷകളിൽ അഞ്ച്‌ ദിവസത്തിനകം പരിശോധന പൂർത്തിയാക്കി വില്ലേജ്‌ ഓഫീസിൽ നിന്ന്‌ കളക്ടറേറ്റിൽ റിപ്പോർട്ട്‌ നൽകണം. ദുരിതാശ്വാസ നിധിയിൽ നിന്ന്‌ അനർഹരായവർ സഹായം തട്ടിയെടുക്കുന്നത്‌ തടയാനുള്ള നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്‌. അപേക്ഷയ്‌ക്കൊപ്പം ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറോ ബാങ്ക്‌ അക്കൗണ്ടോ നൽകണം. ഇപ്രകാരമുള്ള വിവരങ്ങളില്ലെങ്കിൽ മാത്രം അടുത്ത ബന്ധുവിന്റെ ഫോൺ നമ്പർ നൽകാവൂ.

റേഷൻ കാർഡ്‌ നമ്പറടക്കമുള്ള വിവരങ്ങളും അപേക്ഷയ്‌ക്കൊപ്പം ഉൾക്കൊള്ളിക്കാം‌. വരുമാന സർട്ടിഫിക്കറ്റ്‌ നൽകുന്നത്‌ സംബന്ധിച്ചുള്ള പരിശോധനയിൽ സൂക്ഷ്‌മത പുലർത്താൻ വില്ലേജ്‌ ഓഫീസർമാരോട്‌ നിർദേശിക്കണമെന്നും ശുപാർശയുമുണ്ട്‌. രോഗങ്ങൾ, പ്രകൃതിക്ഷോഭം എന്നിവയ്‌ക്ക്‌ ധനസഹായം അനുവദിക്കാൻ കാഠിന്യമനുസരിച്ച്‌ പരിധി നിശ്ചയിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

Eng­lish Sum­ma­ry: Chief Min­is­ter’s Relief Fund; Help Desk to avoid exploita­tion by agents
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.