വേനലാണ്, സഹജീവികളെ കൂടി ഓര്‍ക്കണം, അവര്‍ക്കും ദാഹജലം വേണം…

Web Desk
Posted on March 25, 2019, 1:10 pm

കേരളത്തില്‍ താപനില വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. ഒരു ചിരട്ടയിലോ ചെറിയ പാത്രങ്ങളിലോ വീട്ടുവളപ്പിൽ അല്പം വെള്ളം കരുതിവെക്കുന്നത് പക്ഷിമൃഗാദികൾക്ക് ഗുണം ചെയ്യും. ദാഹിച്ചെത്തുന്നവർക്ക് അത് വലിയ ആശ്വാസമാകും. നമ്മുടെ ചെറിയ പ്രവൃത്തി ഒരു ജീവൻ സംരക്ഷിക്കാൻ ഇടയാക്കും, മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

വേനലിലെ കടുത്തചൂട് നമ്മെ മാത്രമല്ല നമ്മുടെ സഹജീവികളെയും ദുരിതത്തിലാക്കുന്നതാണ്. പക്ഷികളും മൃഗങ്ങളുമെല്ലാം കനത്ത ചൂടിനെ അതിജീവിക്കാൻ പ്രയാസപ്പെടുന്നുണ്ട്. നാം നമ്മുടെ സഹജീവികളേയും പരിഗണിക്കേണ്ട സമയമാണിത്. ഒരു ചിരട്ടയിലോ ചെറിയ പാത്രങ്ങളിലോ വീട്ടുവളപ്പിൽ അല്പം വെള്ളം കരുതിവെക്കുന്നത് പക്ഷിമൃഗാദികൾക്ക് ഗുണം ചെയ്യും. ദാഹിച്ചെത്തുന്നവർക്ക് അത് വലിയ ആശ്വാസമാകും. നമ്മുടെ ചെറിയ പ്രവൃത്തി ഒരു ജീവൻ സംരക്ഷിക്കാൻ ഇടയാക്കും.

കാട്ടിൽ അധിവസിക്കുന്ന പക്ഷിമൃഗാദികൾക്ക് വെള്ളം എത്തിക്കാനുള്ള നടപടികൾ വനംവകുപ്പ് സ്വീകരിക്കുന്നുണ്ട്. താൽക്കാലിക കുളങ്ങളും മറ്റും ഉണ്ടാക്കി അവിടെ വെള്ളം എത്തിക്കുകയാണ് ചെയ്യുന്നത്. എങ്കിലും ചൂട് കൂടുന്നതനുസരിച്ച് കാട്ടിൽ നിന്നും വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാനുള്ള സാധ്യതയും കുറവല്ല. അക്കാര്യത്തിൽ ആവശ്യമായ ജാഗ്രത പുലർത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.