Friday
22 Feb 2019

ചില നേരങ്ങളില്‍ ചിലര്‍…..

By: Web Desk | Saturday 10 February 2018 1:43 AM IST

കെ എസ് വീണ

ഒരു യാത്രയിലാണ് ഞങ്ങള്‍. തികച്ചും അവിചാരിതം. മുന്നൊരുക്കങ്ങളൊന്നുമില്ലാതെ… വൈകുന്നേരം തീരുമാനിച്ചു. അതിരാവിലെ പുറപ്പെട്ടു. ഞാനും നിമ്മിയും മോളും. വിനയനും ഗീതയും മക്കളും. നീലിമയും മോനും. സുഹൃത്തും ബന്ധുവുമാണ് വിനയന്‍. സ്‌കൂളിലും കോളജിലും ഒരേ ക്ലാസിലായിരുന്നു ഞങ്ങള്‍. വിനയന്റെ പെങ്ങള്‍ നീലിമ രണ്ടു ക്ലാസിനു താഴെയും.
പുറപ്പെടുമ്പോള്‍ മാത്രമാണ് നീലിമയുണ്ടെന്നറിഞ്ഞത്. കോഴിക്കോട് നിന്നും നീലിമ എത്തിയ വിവരം അറിഞ്ഞിരുന്നില്ല. രണ്ടു ദിവസം കഴിഞ്ഞാല്‍ കുടുംബക്ഷേത്രത്തില്‍ ഉത്സവമാണ്. എല്ലാ വര്‍ഷവും എത്താറുണ്ട് നീലിമ. ഇത്തവണ വരവ് നേരത്തേയായി.
ഒരു യാത്ര പോയാലോ എന്ന് വിനയന്‍ ചോദിച്ചപ്പോള്‍ പിന്നീടാവാം എന്നു പറഞ്ഞൊഴിഞ്ഞു. നിമ്മിയുടെ പരിഭവവും മോളുടെ നിര്‍ബന്ധവും ഒടുവില്‍ തീരുമാനം മാറ്റി. യാത്ര വേണ്ടിയിരുന്നില്ല എന്ന തോന്നലിലേയ്ക്കിപ്പോള്‍ നീലിമ മഞ്ഞുപോലെ പെയ്തിറങ്ങുന്നു…
ഉള്ളില്‍ ഒരു ചിറകനക്കം..
നിമിഷനേരംകൊണ്ട് തളിര്‍ത്തു പൂക്കുകയാണ്
പ്രണയിച്ചില്ല..
കൊഴിഞ്ഞുവീഴുന്നുണ്ട് ഏഴു നിറങ്ങളില്‍ പ്രണയപ്പൂക്കള്‍…
നീലിമ പണ്ടു പറഞ്ഞു, പ്രണയം ഏഴുതരമുണ്ടെന്ന്…
ഏഴല്ല എഴുപതെന്ന് കളിയാക്കിയപ്പോള്‍ റോബര്‍ട്ട് സ്റ്റീന്‍ബര്‍ഗിന്റെ ‘ട്രയാങ്കുലര്‍ തിയറി ഓഫ് ലവി’നെ കുറിച്ചവള്‍ വാചാലയായി. എനിക്കൊന്നും മനസിലായതുമില്ല.
നീലിമ ഇങ്ങനെയാണ്. സംസാരിക്കുമ്പോള്‍ ആകാംക്ഷയുടെയോ അമ്പരപ്പിന്റെയോ കിളിവാതില്‍ മെല്ലെ തുറന്നുവയ്ക്കും. പെട്ടെന്നൊന്നും കണ്ടെടുക്കാനാവാത്ത വിധം വാക്കുകള്‍ വിതറിയിടും. നീലിമയുടെ വാക്കുകള്‍ക്കുള്ളിലെ വാക്കുകള്‍ തേടി എത്രദൂരം പോയാലും നിരാശയാവും ഫലം.
മണിമുത്താറിലേക്ക് പോകാം എന്ന് വിനയന്‍ പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല.
മനം കുളിര്‍പ്പിക്കുന്ന പച്ചപ്പ്…
സമൃദ്ധമായ കൃഷിയിടങ്ങള്‍…
എത്ര കണ്ടാലും കൊതി തീരാത്തവിധം പ്രകൃതി ഒരുക്കിയ അത്ഭുതദൃശ്യങ്ങള്‍…
തിരുനെല്‍വേലിയില്‍ നിന്നും മുപ്പത്തിയഞ്ചോളം കിലോമീറ്റര്‍… അംബാസമുദ്രമെത്താന്‍ അധിക ദൂരമില്ല. കുട്ടികള്‍ ആവേശത്തിലാണ്.
കടലുകാണാം… കടലിറങ്ങാം…
അങ്ങനെതന്നെ കരുതി എല്ലാവരും.
അങ്ങനെയല്ല എന്ന് നീലിമ പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും അത്ഭുതമായി.
‘ഞാന്‍ വായിച്ചിട്ടുണ്ട്… കടലും സമുദ്രവും ഒന്നുമില്ല. ക്ഷേത്രങ്ങളുടെ നാട് എന്ന നിലയില്‍ അംബയും ജലസമൃദ്ധിയുള്ളതിനാല്‍, സമുന്ദര്‍ എന്നും ചേര്‍ത്ത് അംബാസമുദ്രം…’ നാളുകള്‍ക്ക് ശേഷം നീലിമയുടെ ശബ്ദം കേട്ടപ്പോള്‍ മനസു നിറഞ്ഞു… കണ്ണുകളും..
മൃദുവായി തലോടി കടന്നുപോകുന്ന കാറ്റ്… കാറ്റിന് നല്ല തണുപ്പും!
നോക്കിനില്‍ക്കേ താമ്രപര്‍ണി നദിയുടെ സൗന്ദര്യം കൂടിക്കൂടി വരുന്നതു പോലെ…
‘യാത്ര വേണ്ടെന്ന് പറഞ്ഞയാളല്ലേ…
എന്താ സന്തോഷം!… ഇഷ്ടപ്പെട്ടവര്‍
കൂടെയുണ്ടായാല്‍ ഇങ്ങനെയാ..
അല്ലേ?…’
എനിക്കു മാത്രം കേള്‍ക്കാവുന്നത്ര പതുക്കെ പറഞ്ഞ് ചിരിച്ചുകൊണ്ട് നിമ്മി നടന്നുമാറി.
ഉള്ളിലൊളിപ്പിച്ച നീലിമയോടുള്ള ഗാഢപ്രണയം നിമ്മി അറിഞ്ഞിരുന്നു,
കല്യാണത്തിനും വളരെ മുന്നേ….
സഹപ്രവര്‍ത്തകരായിരുന്നു ഞങ്ങള്‍… നല്ല സുഹൃത്തുക്കളും. നീലിമയുടെ വിവാഹം തീരുമാനമായപ്പോള്‍ നിമ്മിയും ഒരുപാട് സങ്കടപ്പെട്ടു. ഇഷ്ടം തുറന്നുപറയാന്‍ പലതവണ നിര്‍ബന്ധിച്ചു. പക്ഷേ കഴിഞ്ഞില്ല. നഷ്ടപ്രണയത്തിന്റെ നെഞ്ചുരുക്കവുമായി ദിവസങ്ങളോളം മുറിയടച്ചിരുന്നു. സ്ഥലം മാറ്റം വാങ്ങി ദൂരേയ്ക്ക് പോയി. ഫോണ്‍വിളിയായും കത്തുകളായും നിമ്മി ഒപ്പമുണ്ടായിരുന്നു. നിമ്മിയുടെ സ്‌നേഹസാന്ത്വനങ്ങളില്‍ മുറുകെ പിടിച്ചപ്പോള്‍ പുതിയ രൂപത്തിലും ഭാവത്തിലും ജീവിതം മുന്നോട്ടു നീങ്ങി.
‘ഹരിയേട്ടനിപ്പോള്‍ എഴുതാറില്ലേ…?
കവിതകളൊന്നും കാണാനേയില്ല…?’
നീലിമയുടെ ചോദ്യത്തില്‍ ഹൃദയം മുറിഞ്ഞുനീറി.
‘നീ പോയപ്പോള്‍ കവിതയും
പടിയിറങ്ങി…’ മനസില്‍ പറഞ്ഞു.
കവിതകളെഴുതിയിരുന്നു. ആദ്യ വായനക്കാരി നീലിമയും..
ആസ്വാദനം… വിമര്‍ശനം…
വായനയുടെ ലോകത്തെ ചൂടുപിടിച്ച ചര്‍ച്ചകള്‍… ഓര്‍മകള്‍ അനവധിയാണ്…
വായന തീരെയും ഇല്ലാതിരുന്ന വിനയന് ചിലപ്പോള്‍ ദേഷ്യം വരും.
‘നിനക്കു വേറെ ജോലിയില്ലേ, പെണ്ണേ…. അവനോ ഇങ്ങനെയായി…’
നിഗൂഢമായൊരാനന്ദ ലഹരിയില്‍ കരളുകത്തും അപ്പോഴൊക്കെ.. പറന്നുപാറുന്ന പ്രണയപ്പൂമ്പൊടികള്‍ നീലിമയുടെയുള്ളിലും പറ്റിച്ചേര്‍ന്നിട്ടുണ്ടെന്ന് ഉറച്ചുവിശ്വസിച്ചു. പരസ്പരം പറയുന്നില്ലയെങ്കിലും ഒരദൃശ്യസ്പര്‍ശമായി പ്രണയം എന്നെ പൊതിയുന്നുണ്ട് എന്ന് തന്നെ കരുതി.
ഒരു അവധി ദിവസം വൈകുന്നേരം. ഒന്നു നടന്നുവരാം എന്നു കരുതി പുറത്തേയ്ക്കിറങ്ങിയപ്പോള്‍ എതിരെ വരുന്നു നീലിമ! മുഖവുരയൊന്നുമില്ലാതെ പറഞ്ഞു.
‘എനിക്ക് കല്യാണാലോചന ഹരിയേട്ടാ… കോഴിക്കോടാണ്….’
ചിരിക്കുന്നുണ്ടായിരുന്നു നീലിമ…
തമാശയെന്നു കരുതി.
‘അതുവേണം. നിനക്ക്
കല്ല്യാണ പ്രായമൊക്കെയായി…
പിന്നെന്താ…?’
ഞാനും ചിരിച്ചു.
‘ഉടനെയുണ്ടാവും…’
അവള്‍ വീണ്ടും…
‘ആയിക്കോട്ടേ… ഒരു സദ്യ
തരമായല്ലോ…’
ചിരിച്ചുകൊണ്ട് ഞങ്ങള്‍ ഇരുവഴിയേ പോയി. ഏതോ യാത്രയിലായിരുന്ന വിനയനെ ദിവസങ്ങള്‍ക്കുശേഷം കണ്ടപ്പോള്‍ തമാശയായിരുന്നില്ല എന്നറിഞ്ഞു. നോവിന്റെ മുള്‍മുന ഹൃദയത്തിലേക്ക് തറഞ്ഞിറങ്ങി…
നീലിമയ്ക്ക് എന്നോട് പ്രണയമില്ലെന്നു വിശ്വസിക്കാന്‍ പെട്ടെന്നൊന്നും കഴിഞ്ഞില്ല. അത്രമേല്‍ അങ്ങനെ കരുതിയതല്ലേ…
എത്രയെത്ര അവസരങ്ങള്‍…
മനഃപൂര്‍വം പറഞ്ഞില്ല…
പറയാതെ പോയ പ്രണയം…
ഇന്നുമുണ്ട് കെടാത്ത കനലായി…
നീറിനീറിയങ്ങനെ….
ചില നേരങ്ങളില്‍ ഇങ്ങനെയാണ്. ചിലര്‍ നമ്മളിലേയ്ക്ക് അങ്ങാഴ്ന്നിറങ്ങിപോകും…
പറിച്ചുമാറ്റാനാവാത്ത വിധം വേരുകളാഴ്ത്തി പടര്‍ന്നു പന്തലിച്ചങ്ങനെ….
പതുക്കെ… വളരെ പതുക്കെ പറഞ്ഞു.
‘എഴുത്തും വായനയുമൊന്നും
ഇപ്പോഴില്ല…’
ഒരുപാടു നാളുകള്‍ക്കു ശേഷം അടുത്തു കാണുകയാണ്. നീലിമ വല്ലാതെ മാറി. ചിരിയും സംസാരവും നന്നേ കുറഞ്ഞു. പ്രകാശം മങ്ങിയ മുഖവുമായി നീലിമയെ കാണാന്‍ വയ്യ.
‘പ്രസാദ് എവിടെ…? എന്തേ വന്നില്ല?’
വിഷയം മാറ്റുകയാണെന്ന് നീലിമ മനസിലാക്കി.
‘ലീവ് അധികമില്ല… ഉത്സവത്തിന് എത്തും…’
‘പാപനാശത്തേയ്ക്ക് പോയാലോ ഹരീ… ഇവിടെ വരെ വന്നിട്ട് പാപങ്ങള്‍ തീര്‍ന്നില്ലെന്ന് വേണ്ട….’ വിനയന്‍ എത്തിയപ്പോള്‍ സംസാരം മുറിഞ്ഞു.
ശിവക്ഷേത്രമാണ്. ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിച്ചാല്‍ പാപമുക്തിയുണ്ടാവും എന്നാണ് വിശ്വാസം. കുളി കഴിഞ്ഞപ്പോള്‍ മനസിലേറിയ ഭാരം പകുതിയും കുറഞ്ഞതുപോലെ…
പശ്ചിമഘട്ടത്തിന്റെ താഴ്‌വാരത്തില്‍ പ്രശാന്തസുന്ദരമാണ് മണിമുത്താര്‍…
അണക്കെട്ടായ വെള്ളച്ചാട്ടവും…. പ്രകൃതിയുടെ മനോഹാരിത കണ്ണുകളില്‍ കോരി നിറച്ചു. അവാച്യമായൊരനുഭൂതി മനസിലേയ്ക്ക് ഒഴുകിയിറങ്ങുന്നു…
‘വാക്കുകള്‍ ശക്തിയാണ്… അല്ലേ
ഹരിയേട്ടാ…?
അക്ഷരങ്ങള്‍ അഗ്നിയും…
നീലിമ തൊട്ടുവിളിച്ചു.
‘പറയാതൊതുക്കിയ വാക്കുകള്‍
പുറത്തുവരാന്‍ എത്ര കൊതിച്ചാലും
നഷ്ടപ്പെട്ട അവസരങ്ങള്‍ ഒരിക്കലും
തിരികെ വരില്ലല്ലോ ഹരിയേട്ടാ…’
അമ്പരപ്പോടെ തിരിഞ്ഞുനോക്കി. നീലിമയുടെ വാക്കുകള്‍ക്കുള്ളിലെ വാക്കുകളിലേയ്ക്ക് കടക്കും മുന്നേ വീണ്ടും…
‘ഹരിയേട്ടന്റെ ഒരു വാക്കിനായി…’ പൂര്‍ത്തിയാക്കാനാവാതെ വിഷമിക്കുകയാണ് നീലിമ…
‘അന്ന് വഴിവക്കില്‍…
വേറൊരു കല്യാണം വേണ്ടെന്ന്
ഹരിയേട്ടന്‍ പറയുമെന്ന്…’
തളര്‍ന്നു പോവുകയാണ്… അപ്പോള്‍ നീലിമ…?
‘ഞാന്‍ കരുതി എനിക്കുള്ളതുപോലെ
നീലിമയ്‌ക്കെന്നോട്…’
ഹൃദയം പിളര്‍ന്നുവന്നൊരു കരച്ചിലില്‍ വാക്കുകള്‍ നനഞ്ഞുകുതിര്‍ന്നു.
പറയാതെ പോയ പ്രണയവും അറിയാതെ പോയ പ്രണയവും….
വഴിയറിയാതെ യാത്രികരെപോലെ….
ബാക്കിയാവുന്നതോ…
വാക്കുകള്‍ക്കുള്ളിലെ വാക്കുകള്‍ മാത്രം!!