ദുർമന്ത്രവാദമെന്ന് സംശയം: നാലുവയസ്സുകാരിയുടെ മൃതദേഹം പാത്രത്തിൽ അടച്ചുവെച്ച നിലയിൽ

Web Desk
Posted on October 21, 2019, 7:01 pm

ഭുവനേശ്വര്‍: നാല് വയസ്സുകാരിയുടെ മൃതദേഹം പാത്രത്തില്‍ അടച്ചുവച്ച നിലയില്‍ കണ്ടെത്തി. ഒഡീഷയിലെ ജുംക ഗ്രാമത്തിൽ ശനിയാഴ്ചയായിരുന്നു സംഭവം. കഴുത്തിലും വയറിലും മുറിപ്പാടുകളുമായിട്ടാണ് കുട്ടിയെ പാത്രത്തില്‍ അടച്ചുവച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കണ്ടെത്തിയ ഉടന്‍ തന്നെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. അയല്‍വാസികള്‍ മന്ത്രാവാദത്തിനായി മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി രക്തം കുടിച്ചതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

വൈകുന്നേരം അംഗന്‍വാടിയില്‍ നിന്നെത്തിയ കുട്ടി വീടിന് മുമ്പില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കാണാതാകുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഗ്രാമത്തിൽ നടത്തിയ തിരച്ചിലിനിടെയാണ് പാത്രത്തില്‍ അടച്ചുവച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഗ്രാമത്തിലെ തന്നെയുള്ള സംഖ്യ റാണി നാഥിന്‍റെ വീട്ടില്‍ തെരഞ്ഞപ്പോഴാണ് കുട്ടിയെ കണ്ടെത്തിയത്. ചോദ്യം ചെയ്യലിനായി സംഖ്യാ റാണി നാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം സംഖ്യ റാണി നാഥ് കുറ്റം നിഷേധിച്ചു. തനിക്ക് കുഞ്ഞിന്‍റെ കൊലപാതകത്തില്‍ പങ്കില്ലെന്നു് സംഖ്യ റാണി നാഥ് പറഞ്ഞു. ഗ്രാമത്തിലെ മറ്റൊരു മന്ത്രവാദിയായ നവീന്‍ ഷായാണ് കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം തന്റെ വീടിന് സമീപം ഉപേക്ഷിച്ചതെന്നാണ് പോലീസ് കസ്റ്റഡിയിലെടുത്ത സംഖ്യ റാണി നാഥ് പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.