ഡല്‍ഹിയിലും ശിശുമരണം രണ്ടാഴ്ചയ്ക്കിടെ 14 മരണം

Web Desk
Posted on September 23, 2018, 10:28 pm

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിന് പിന്നാലെ ഡല്‍ഹിയിലും കൂട്ട ശിശുമരണം. ഡല്‍ഹിയിലെ മഹാഋഷി വാത്മീകി ആശുപത്രിയില്‍ 16 ദിവസത്തിനുള്ളില്‍ 14 പേരാണ് ഡിഫ്ത്തീരിയ ബാധിച്ച് മരിച്ചത്. ഡിഫ്ത്തീരിയ്ക്കുള്ള മരുന്ന് ആശുപത്രിയില്‍ ലഭ്യമല്ലാത്തതിനാലാണ് കുട്ടികള്‍ മരിച്ചത്. ഇന്നലെ മൂന്നു കുട്ടികള്‍ മരിച്ചു.

ഡിഫ്ത്തീരിയ ബാധിച്ച് ഒരു വയസിനും ഒന്‍പത് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. മരിച്ചതില്‍ 13 കുട്ടികളും ഉത്തര്‍പ്രദേശില്‍നിന്നുള്ളവരാണ്. ബിജ്‌നൂര്‍, മുസാഫര്‍നഗര്‍, ഷഹരാന്‍പുര്‍, നോയിഡ എന്നിവിടങ്ങളില്‍നിന്നുള്ള കുട്ടികളാണ് മരിച്ചത്. കഴിഞ്ഞ ഒന്നര മാസത്തിനിടെ ഉത്തര്‍പ്രദേശിലെ ബഹ്‌റിച്ച് ജില്ലാ ആശുപത്രിയില്‍ 71 കുട്ടികള്‍ മരിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ തങ്ങള്‍ക്ക് മരുന്നുകള്‍ ലഭിച്ചിരുന്നില്ലെന്ന് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് സുനില്‍ കുമാര്‍ ഗുപ്ത പറഞ്ഞു. മരുന്ന് ആവശ്യപ്പെട്ട് കസൗലിയിലുള്ള സെന്ററല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ അവിടുത്തെ ലാബ് അടച്ചിരിക്കുന്നതിനാല്‍ ലഭിച്ചില്ലെന്ന് സുനില്‍ കുമാര്‍ പറഞ്ഞു.