ഇന്ന് ഇന്ത്യാരാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ സംസാരിക്കുന്നത് ശിശുരോദനത്തെ കുറിച്ചല്ല പകരം മോറിസും ബ്യൂക്കും കുതിച്ചുപായുന്ന ഒരു സാങ്കല്പിക ഉട്ടോപ്പിയയെക്കുറിച്ചാണ്, രാജ്യത്തില്ലാത്ത ‘അന്യരെ‘ക്കുറിച്ചാണ്, നിര്‍മ്മിക്കപ്പെടുന്നത് തടവുപാളയങ്ങളാണ്. ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ചും പൗരത്വനിയമ ഭേദഗതിയെക്കുറിച്ചുമൊക്കെ വലിയ പ്രചരണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നു. എന്നാല്‍ ഇന്ത്യയില്‍ ജനിച്ചു വീഴുന്ന, രാജ്യത്തിന്റെ ഭാവിഭാഗധേയം വാര്‍ത്തെടുക്കേണ്ട കുഞ്ഞുങ്ങളുടെ അവസ്ഥ എന്താണ്? യൂനിസെഫിന്റെ കണക്കുകള്‍ പറയുന്നത് ലോകത്തിലെ പട്ടിണി കുഞ്ഞുങ്ങളില്‍ 30 ശതമാനം അഥവാ 22.4 കോടി കുട്ടികള്‍ ഇന്ത്യയിലാണ് എന്നാണ്. ഇക്കാര്യത്തില്‍ നമുക്ക് ലോകത്ത് ഒന്നാം സ്ഥാനമില്ല. ആഫ്രിക്കയിലെ സഹാറ മരുഭൂമിയോട് ചേര്‍ന്നുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലെ കുട്ടികളാണ് പട്ടിണിയില്‍ കഴിയുന്ന ഈ ലോകത്തെ കുട്ടികളുടെ 50 ശതമാനം.
പക്ഷെ നമ്മുടെ നാട്ടിലെ പൊതുമുതല്‍ വിറ്റഴിക്കലും സാമ്പത്തിക പരിഷ്കാരങ്ങളും കുത്തക കോര്‍പ്പറേറ്റുകള്‍ വിഭാവനം ചെയ്യുന്ന മട്ടില്‍ പൂര്‍ത്തിയാവുമ്പോള്‍ തീര്‍ച്ചയായും നമ്മള് മദ്ധ്യാഫ്രിക്കന്‍ രാജ്യങ്ങളെ പിന്തള്ളി ഒന്നാം സ്ഥാനം കൈവരിക്കും. 2018 ലെ യൂനിസെഫ് റിപ്പോര്‍ട്ട് പ്രകാരം അഞ്ച് വയസിനു താഴെയുള്ള 8,82,000 കുഞ്ഞുങ്ങള്‍ക്ക് ആ വര്‍ഷം ഇന്ത്യയില്‍ മരണം സംഭവിച്ചു. നൈജീരിയയില്‍ 8,66,000 കുഞ്ഞുങ്ങളും പാകിസ്ഥാനില്‍ 4,09,000 കുഞ്ഞുങ്ങളും ആ വര്‍ഷം ജീവന്‍വെടിഞ്ഞു. ‘ദ സ്റ്റേറ്റ് ഓഫ് ദ വേള്‍ഡ്സ് ചില്‍ഡ്രന്‍’ എന്ന ഈ യൂനിസെഫ് റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ ശിശുമരണ നിരക്ക് ആയിരത്തില്‍ മുപ്പത്തേഴും നൈജീരിയയില്‍ പന്ത്രണ്ടും പാകിസ്ഥാനില്‍ 69 ഉം ആണെന്ന് പറയുന്നു. ഇന്ത്യയിലെ ശിശുക്കളില്‍ 38 ശതമാനം കഠിനമായ പോഷകാഹാരക്കുറവുകൊണ്ട് വളര്‍ച്ച മുരടിച്ചവരാണെന്നും പ്രസ്തുത റിപ്പോര്‍ട്ട് പറയുന്നു. ഡെന്മാര്ക്ക്, ബ്രിട്ടന്, നോര്‍വെ തുടങ്ങിയ വികസിത രാജ്യങ്ങളില്‍ ശിശുമരണ നിരക്ക് ആയിരത്തില്‍ രണ്ടോ മൂന്നോ ഒക്കെയാണ്.
ഈ ശിശുമരണങ്ങള്‍ക്ക് കാരണമാകുന്നത് ഗര്‍ഭകാലത്ത് അമ്മമാര്‍ക്ക് പോഷകാഹാരം ലഭ്യമാവാത്തതും പ്രസവസമയത്തെ പ്രശ്നങ്ങളും ഇവയ്ക്കെല്ലാമുപരി കുഞ്ഞുങ്ങള്‍ക്ക് വാക്സിനേഷനിലൂടെയും ഡോക്ടറുടെ സേവനം കൃത്യസമയത്ത് ലഭ്യമാക്കുകയും ചെയ്യുന്നതിലൂടെയും ഒഴിവാക്കാന്‍ കഴിയുന്ന സാധാരണമായ സാംക്രമിക രോഗങ്ങളുമാണ്. യഥാസമയം വാക്സിനേഷന് നല്‍കുന്നതിലൂടെയും പോഷകാഹാരവും വൈദ്യസഹായവും ലഭ്യമാക്കുന്നതിലൂടെയും ഈ മരണങ്ങളില്‍ ഒരു വലിയ പങ്ക് ഇല്ലാതാക്കാന്‍ കഴിയും. പക്ഷെ അര്‍ജുനന്റെ ബ്രഹ്മാസ്ത്രത്തെക്കുറിച്ചും പുഷ്പകവിമാനത്തിന്റെ എഞ്ചിനിലുപയോഗിക്കുന്ന ഇന്ധനത്തെക്കുറിച്ചുമൊക്കെ വാചാലരാവുന്ന ഉത്തരവാദപ്പെട്ട കേന്ദ്രമന്ത്രിമാര്‍ ഈ കുഞ്ഞുങ്ങള്‍ക്ക് വാക്സിനേഷന് നല്‍കുന്നതിനെക്കുറിച്ച്, ‘നല്ല ഭക്ഷണം നല്‍കുന്നതിനെക്കുറിച്ച്’ ചാണകം, ഗോമൂത്രം തുടങ്ങിയ ദിവ്യ ഔഷധങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുന്ന സമയത്തിന്റെ ഒരു ചെറിയ ശതമാനം സമയം ചിലവിട്ട് പ്രചരണം നടനത്തിയിരുന്നെങ്കില് എന്ന് വൃഥാ ചിന്തിച്ചുപോവുന്നു.
ഇന്ത്യയിലെ അഞ്ചു വയസിനു താഴെയുള്ള ശിശുമരണങ്ങളില്‍ 57.9 ശതമാനവും ജനിച്ച് നാലാഴ്ചയ്ക്കുള്ളിലാണ്. അതായത് നിയോനേറ്റല്‍ കാലത്ത്. ഈ മരണങ്ങള്‍ക്ക് പലപ്പോഴും കാരണമാവുന്നത് പ്രസവ ശുശ്രൂഷ ലഭിക്കാത്തതും ഗര്‍ഭിണികളുടെ മോശമായ ആരോഗ്യസ്ഥിതിയുമാണ്. പ്രസവവുമായി ബന്ധപ്പെട്ട ശിശുമരണങ്ങള്‍ 27.5 ശതമാനമാണ് (ആയിരത്തില്‍ മുപ്പത്തേഴ് മരണങ്ങളുടെ) മറ്റൊരു പ്രധാന മരണകാരണം ന്യുമോണിയ ബാധയാണ് 15.9 ശതമാനം. ട്രോപ്പിക്കല്‍ കാലാവസ്ഥ അഥവാ നല്ല വെയിലും കനത്ത മഴയുമുള്ള ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ ദരിദ്രരായ കുഞ്ഞുങ്ങള്‍ യാതൊരു സംരക്ഷണവും ലഭിക്കാതെ ഈ മഴയിലും വെയിലിലും കഴിയുന്ന സാഹചര്യത്തില്‍ ശ്വാസകോശ രോഗങ്ങള്‍ പിടിപെടാന്‍ വളരെ എളുപ്പമാണ്.
ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങള്‍ തമ്മില്‍ നവജാത ശിശുമരണ നിരക്കില്‍ വലിയ അന്തരം നിലനില്ക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തിലാണ്. ആയിരത്തില്‍ പത്ത്. അതേസമയം, യുപിയില്‍ 43ഉം ഒഡിഷയില്‍ 44 ഉം മധ്യപ്രദേശില്‍ 47 ഉം ആണ് ശിശു മരണനിരക്ക്. ഇതൊന്നും നമുക്ക് വാര്‍ത്തകളേ അല്ല. ശരിയായ ആഹാരവും ചികിത്സയും ലഭിക്കാതെ, പ്രസവശുശ്രൂഷ ലഭിക്കാതെ മരണമടയുന്നവരുടെ കണക്ക് നമ്മള് സൂക്ഷിക്കാറില്ല. അവരുടെ കണക്ക് അറിയാനായി നമ്മള് ഒരു നിയമനിര്‍മ്മാണവും നടത്തുന്നില്ല. നമ്മള് നിയമങ്ങള്‍ നിര്‍മ്മിക്കുന്നത് മതം തിരിച്ചുള്ള കണക്കുകള്‍കൊണ്ട് മനുഷ്യനെ എത്രത്തോളം വേര്‍തിരിക്കാം എന്നതിനാണ്.
ആഘോഷപൂര്‍വം നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ ജനാധിപത്യത്തിന്റെ ഉത്സവമായി വാഴ്ത്തപ്പെടുമ്പോഴും കുതിരക്കച്ചവടങ്ങള്‍ അരങ്ങുതകര്‍ക്കുമ്പോഴും ഒരിക്കലും ഒന്നാം പേജില്‍ വരാത്ത വാര്‍ത്തയായി പട്ടിണിമരണം ഒടുങ്ങുന്നു. തിളങ്ങുന്ന തലപ്പാവുകളും മിന്നുന്ന കുപ്പായങ്ങളുമായി ഭരിക്കുന്നവര്‍ ഡിജിറ്റല്‍ കറന്‍സിയെക്കുറിച്ചും ബുള്ളറ്റ് തീവണ്ടിയെക്കുറിച്ചും സംസാരിക്കുമ്പോള്‍ ഇവിടെ ജനിച്ചുവീഴുന്ന കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ പരിചരണം ലഭിച്ചില്ല എന്ന ഒറ്റ കാരണം കൊണ്ട് മരിച്ചുവീഴുന്നത് ഒരു വാര്‍ത്തയേ ആവുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.