August 19, 2022 Friday

ആ പഴയ പിള്ളേരെ പിടുത്തക്കാർ വീണ്ടും ഇറങ്ങിയിട്ടുണ്ട്! ജാഗ്രത നിർദേശവുമായി കേരള പൊലീസ്

Janayugom Webdesk
തൊടുപുഴ
February 16, 2020 4:08 pm

പട്ടാപ്പകല്‍ വീട്ടില്‍ കയറി ഇടവെട്ടി സ്വദേശിയുടെ പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നാടോടി സംഘങ്ങളെ കേന്ദ്രീകരിച്ച്‌ കൂടുതല്‍ പരിശോധനകള്‍ ആരംഭിച്ചതായി െപാലീസ്. നാടോടി സംഘങ്ങളുടെ മറവില്‍ കുട്ടികളെ തട്ടിയെടുക്കുന്ന സംഘങ്ങള്‍ സജീവമായെന്നാണു പൊലീസ് നിഗമനം. നാടോടി സംഘങ്ങളെക്കുറിച്ച്‌ ഇടുക്കി ജില്ലയില്‍ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം പരിശോധന ആരംഭിച്ചതിനു പിന്നാലെ അന്വേഷണം ഊര്‍ജിതമാക്കിയതായി െതാടുപുഴ സിഐ സജീവ് ചെറിയാന്‍ പറഞ്ഞു.

ഇന്നലെയാണ് ഒന്നര വയസുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ആന്ധ്രാ സ്വദേശിനി പിടിയിലായത് . ആന്ധ്ര ചിറ്റൂര്‍ കോട്ടൂര്‍ ഗ്രാമവാസി ഷമീം ബീവി (സുമയ്യ‑60) ആണ് അറസ്റ്റിലായത്. ഇവരുടെ കൈവശം തിരിച്ചറിയല്‍ രേഖ ഇല്ലാത്തതിനാല്‍ ആന്ധ്ര പൊലീസുമായി ബന്ധപ്പെടുമെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ നല്‍കിയിരിക്കുന്ന പേര് വ്യാജമാണോ എന്നും പൊലീസ് സംശയിക്കുന്നു.

മുത്തശ്ശി കുഞ്ഞിനെ കുളിപ്പിച്ച്‌ വസ്ത്രം ധരിപ്പിച്ച്‌ ഹാളില്‍ നിര്‍ത്തിയതിനു ശേഷം പൗഡര്‍ എടുക്കാന്‍ അടുത്ത മുറിയിലേക്കു പോയ തക്കം നോക്കിയാണ് ഷമീം ബീവി വീട്ടില്‍ക്കയറിയത്. തിരിച്ചു വന്നപ്പോള്‍ മുത്തശ്ശി കണ്ടത്, ഒരു സ്ത്രീ കുഞ്ഞിനെ എടുത്ത് ഹാളില്‍ നിന്നു മുറ്റത്തേക്ക് ഓടുന്നതാണ്. മുത്തശ്ശിയും ബഹളം വച്ച്‌ പിന്നാലെ ഓടി സ്ത്രീയെ പിടിച്ചു നിര്‍ത്തി. പോര്‍ച്ചില്‍ കിടന്ന കാറിന്റെ ബോണറ്റിലേക്ക് കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം ഷമീം ബീവി കടന്നു കളഞ്ഞെന്ന് പറയുന്നു. നാട്ടുകാര്‍ ചേര്‍ന്ന് രണ്ടു കിലോമീറ്റര്‍ അകലെ ഇടവെട്ടി ഭാഗത്ത് മറ്റൊരു വീട്ടില്‍ നിന്നാണ് ഷമീം ബീവിയെ കണ്ടെത്തിയത്. അവിടെ സഹായം ചോദിച്ച്‌ എത്തിയതായിരുന്നു. നാട്ടുകാര്‍ ഇവരെ തടഞ്ഞു നിര്‍ത്തി പൊലീസില്‍ അറിയിച്ചു.

ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ എത്തുന്നത്. പ്രധാനമായും ആന്ധ്രാ, തമിഴ്നാട്, ഒഡീഷ, കര്‍ണാടക എന്നിവിടങ്ങളിലുള്ള സംഘങ്ങളാണ് കേരളത്തിലെത്തുന്നത്. ജില്ലയില്‍ നാടോടി സംഘങ്ങള്‍ ഏറ്റവുമധികം തട്ടിപ്പിനിറങ്ങുന്നത് ഗര്‍ഭിണിയെന്ന വ്യാജേനയാണ്.പല വീടുകളിലും ക്ഷീണം അഭിനയിച്ച്‌ എത്തും. പലപ്പോഴും വീട്ടുകാര്‍ പണമടക്കം ഇവര്‍ക്കു നല്‍കും. ഇതിനു പുറമേ ഭക്ഷണവും നല്‍കും. ഇത്തരം മുതലെടുപ്പിനാണു ഗര്‍ഭിണിയുടെ വേഷം.

പുരുഷന്മാര്‍ ജോലിക്കു പോകുന്ന വീടുകള്‍ കണ്ടെത്തി പകല്‍ സ്ത്രീകള്‍ മാത്രം ഉള്ള വീടുകളിലാണ് ഇത്തരം തട്ടിപ്പ് നടക്കുന്നത്. സംസ്ഥാനത്തു നാടോടി സംഘങ്ങളില്‍ നിന്നും കണ്ടെത്തിയ കുട്ടികളില്‍ ഏറിയ പങ്കും ഇതര സംസ്ഥാനങ്ങളില്‍ കടത്തിക്കൊണ്ട് വന്നതാണ്. ഇത്തരം സംഭവങ്ങളില്‍ കുട്ടികളെ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കുന്ന കുട്ടികളെ കൂടുതലായും ഭിക്ഷാടനത്തിനാണ് ഉപയോഗിക്കുന്നത്.

ENGLISH SUMMARY: child kid­nap­per in idukki

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.