Thursday
21 Feb 2019

ശബരിമല സമരങ്ങളിൽ കുട്ടികളെ കവചമായി ഉപയോഗിച്ചവർക്കെതിരെ കേസെടുക്കുമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ

By: Web Desk | Thursday 6 December 2018 7:05 PM IST

ശബരിമലയിലെ സമരങ്ങളിൽ കുട്ടികളെ കവചമായി ഉപയോഗിച്ചവർക്കെതിരെ കേസെടുക്കുമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർമാൻ പി. സുരേഷ് പറഞ്ഞു. നാലു പരാതികൾ ലഭിച്ചതിനെ തുടർന്ന് നടപടി സ്വീകരിക്കാൻ ഡി.ജി.പിക്ക് നിർദ്ദേശം നൽകി.
ശബരിമലയിൽ കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി അറിയില്ല. അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിച്ച് നടപടി സ്വീകരിക്കുകയും പൊലീസിനോട് വിശദീകരണം തേടുകയും ചെയ്യും.
പരിഹരിക്കുന്നതിലെ കാലതാമസമൊഴിവാക്കാന്‍ ജില്ലാതല സമിതികള്‍ ശാക്തീകരിക്കുമെന്ന് സംസ്ഥാന ബാലാവകാശ  കമ്മീഷന്‍ ചെയര്‍മാന്‍ പി.സുരേഷ് അറിയിച്ചു.  ചുമതലയേറ്റശേഷം ആദ്യമായി ജില്ലയിലെത്തിയ അദ്ദേഹം കളക്ടറേറ്റില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.   ഓരോ ജില്ലകളില്‍നിന്നുമുള്ള കേസുകള്‍ കമ്മീഷനു മുന്നിലെത്തി പരിഹാരം കാണുമ്പോഴേക്കും കുട്ടികള്‍ക്ക് ദീര്‍ഘകാലം നീതി നിഷേധിക്കപ്പെടുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.  തദ്ദേശ സ്വയംഭരണ തലങ്ങളിലുള്ള ബാലസംരക്ഷണ സമിതികള്‍  യഥാസമയം വിഷയത്തിലിടപെട്ടാല്‍ പരാതിയ്ക്ക് പരിഹാരമായേക്കും.  അല്ലാത്തവ മാത്രം കമ്മീഷനു മുന്നിലെത്തുന്ന തലത്തിലേക്ക് ജില്ലാതല സമിതികള്‍ ഉണരണം.  മാസംതോറും കമ്മറ്റി യോഗം ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  കുട്ടികളെ പരിചയാക്കി മുതിര്‍ന്നവര്‍ ഉന്നയിക്കുന്ന പരാതികളുടെയും പ്രതിഷേധങ്ങളുടെയും നിജസ്ഥിതി വിലയിരുത്തും.  ആവശ്യമെങ്കില്‍ ബാലനീതി നിയമപ്രകാരം കേസ്സെടുക്കുകയും ചെയ്യും.    സ്‌കൂളുകളില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയുകയാണ് കമ്മീഷന്റെ മുഖ്യലക്ഷ്യം.  കുട്ടികളെ സ്‌കൂളിലേക്ക് ആകര്‍ഷിക്കാനുള്ള വ്യത്യസ്ത നടപടികള്‍ കൈക്കൊള്ളും.  ഓട്ടിസം തെറാപ്പി സെന്ററുകളുടെ പ്രവര്‍ത്തനമാനദണ്ഡം ഉടന്‍ പുറത്തിറക്കുമെന്നും അറിയിച്ചു.
ഗ്രാമ- ബ്ലോക്ക്- മുന്‍സിപ്പല്‍- കോര്‍പ്പറേഷന്‍ തലങ്ങളില്‍ രൂപീകരിച്ചിട്ടുള്ള ബാലാവകാശ സംരക്ഷണസമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ മൂന്ന് ശില്‍പശാലകള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.  സംസ്ഥാനത്തൊട്ടാകെ ഇത്തരത്തില്‍ 40 ശില്‍പശാലകള്‍ നടത്തുന്നതിന്റെ ഭാഗമായാണിത്.   ജില്ലയിലെ ആദ്യ ശില്‍പശാല ഡസംബര്‍ 15ന് രാവിലെ 10ന്  പറവൂര്‍ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ഫിഷറീസ് വകുപ്പു മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും.  ജില്ലാ ശിശുസംരക്ഷണ ഓഫീസിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുക.
വാര്‍ത്താസമ്മേളനത്തിനുശേഷം ജില്ലയിലെ സ്റ്റേക് ഹോള്‍ഡര്‍മാരുമായും കമ്മീഷന്‍ ചര്‍ച്ച നടത്തി.  കമ്മീഷന്‍ അംഗം എം.പി.ആന്റണി ചര്‍ച്ച നയിച്ചു.  കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നിയമപരമായ വഴി അന്വേഷിക്കുന്നതിനു മുമ്പ് അവരുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.  അധ്യാപകര്‍, പോലീസ്, ഡോക്ടര്‍മാര്‍, കെയര്‍ ടേക്കര്‍മാര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ക്ക് ഇതു സംബന്ധിച്ച് പരിശീലനം നല്‍കും.  ബാലാവകാശ സംരക്ഷണ രംഗത്തെ വെല്ലുവിളികളും പരിഹാരമാര്‍ഗ്ഗങ്ങളും വിശകലനം ചെയ്യുന്നതിന് കണ്ണൂരില്‍ ദക്ഷിണേന്ത്യന്‍ സമ്മേളനവും തിരുവനന്തപുരത്ത് ദേശീയ സമ്മേളനവും ഉടന്‍ നടക്കുമെന്നും അറിയിച്ചു.
പ്രതിരോധ കുത്തിവെപ്പുകളുടെ പ്രാധാന്യം രക്ഷിതാക്കളെ ബോധ്യപ്പെടുത്താനാവശ്യായ നടപടികള്‍ കൈക്കൊള്ളണമെന്ന് ആരോഗ്യ വകുപ്പിന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.  ബാലാവകാശം  സ്കൂൾ പാഠ്യപദ്ധതിയിലുൾപ്പെടുത്തുന്ന കാര്യം പരിശോധിക്കും.   ശിശുസംരക്ഷണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം 50: 25: 25 ആയി പുന:സ്ഥാപിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ ആവശ്യപ്പെട്ടു.
ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.ബി.സൈന, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പത്മജ നായര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ശിശു സംരക്ഷണ പ്രവര്‍ത്തകര്‍, വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Related News