‘മമ്മിയും ഡാഡിയും മരിച്ചുകിടക്കുന്നു, എനിക്ക് വിശന്നിട്ട് വയ്യ, മുത്തച്ഛൻ ഒന്ന് വേഗം വരൂ: പേരക്കുട്ടി പറഞ്ഞതു കേട്ട് ഞെട്ടി മുത്തച്ഛൻ

Web Desk
Posted on November 27, 2019, 5:12 pm

ഭോപ്പാൽ: ’ ഒന്ന് വേഗം വരൂ, എനിക്ക് വിശന്നിട്ട് വയ്യ, മമ്മിയും ഡാഡിയും മരിച്ചുകിടക്കുന്നു’. മൂന്നുവയസ്സുകാരിയുടെ മറുപടി കേട്ട് ഞെട്ടിയത് മുത്തച്ഛനാണ്. മകളുടെ വീട്ടിലെ വിശേഷങ്ങളറിയാനാണ് അഭയ് സിംഗ് ഫോൺ വിളിച്ചത്. എന്നാൽ മമ്മിയും ഡാഡിയും മരിച്ചുകിടക്കുന്നു എന്നായിരുന്നു പേരക്കുട്ടിയുടെ മറുപടി. മാതാപിതാക്കളുടെ മൃതദേഹങ്ങൾക്കൊപ്പം കൊച്ചുപെൺകുട്ടി കഴിഞ്ഞത് 11 മണിക്കൂർ ആണ്.

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തപ്പോൾ എല്ലാത്തിനും സാക്ഷിയായത് ഈ മകൾ മാത്രമായിരുന്നു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് നടുക്കുന്ന സംഭവം നടന്നത്. സത്യേന്ദ്ര ഭഡോരിയ, ഭാര്യ അൻഷു എന്നിവരാണ് മരിച്ചത്. ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സത്യേന്ദ്ര ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കിടപ്പുമുറിയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയാണ് ഇവർ മരിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.

കൊച്ചുമകൾ നൽകിയ വിവരമനുസരിച്ച് പോലീസിനെയും കൂട്ടി വീട്ടിലെത്തിയ മുത്തച്ഛൻ കാണുന്നത് കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടിയേയും കിടപ്പുമുറിയിൽ മരിച്ചുകിടക്കുന്ന മകളേയും മരുമകനെയുമാണ്. മമ്മിയും ഡാഡിയും തമ്മിൽ വഴക്കുണ്ടായെന്നും ഡാഡി മമ്മിയെ വെടിവച്ചുവെന്നുമാണ് കുഞ്ഞ് ബന്ധുക്കളോട് പറയുന്നത്. മാതാപിതാക്കൾക്കൊപ്പമാണ് സത്യേന്ദ്രയും കുടുംബവും കഴിഞ്ഞിരുന്നത്. സത്യേന്ദ്രയ്ക്ക് ജോലിയൊന്നും ഉണ്ടായിരുന്നില്ല. അടുത്തിടെ പിതാവ് ഇയാൾക്ക് ഒരു വീടും സ്ഥലവും കാറും വാങ്ങി നൽകിയിരുന്നു. പുതിയ വീട്ടിലേക്ക് ഇവർ താമസം മാറ്റുകയും ചെയ്തിരുന്നു. വരുമാനമൊന്നുമില്ലാത്തതിനാൽ സഹോദരങ്ങളായിരുന്നു ഇവരെ സംരക്ഷിച്ചിരുന്നത്.

ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അൻഷുവിന്റെ പിതാവ് അഭയ് സിംഗ് ഫോൺവിളിക്കുന്നത്. അതുവരെ കുട്ടി മൃതദേഹങ്ങൾക്കൊപ്പം വിശന്നിരിക്കുകയായിരുന്നു. അകന്ന ബന്ധുവിന്റെ വിവാഹത്തിന് പോകുന്നതിനെ ചൊല്ലി സത്യേന്ദ്ര ഭാര്യയുമായി വഴക്കിട്ടുവെന്നാണ് സൂചന. വിവാഹത്തിന് ക്ഷണിച്ച രീതി ശരിയായില്ലെന്നും ഇതിനെ തുടർന്ന് ഇവരും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.