March 26, 2023 Sunday

Related news

March 26, 2023
March 19, 2023
February 12, 2023
January 6, 2023
January 3, 2023
December 17, 2022
November 19, 2022
November 16, 2022
September 29, 2022
September 26, 2022

പ്രതിരോധ കുത്തിവയ്പുകൾ ഊർജ്ജിതമാക്കിയില്ലെങ്കിൽ കുട്ടികളുടെ കാര്യം കഷ്ടത്തിലാകുമെന്ന് ശിശുരോഗ വിദഗ്ധർ

Janayugom Webdesk
കൊച്ചി
April 30, 2020 2:57 pm

ലോക്ഡൗണിനെ തുടര്‍ന്ന് മുടങ്ങിയ പ്രതിരോധ കുത്തിവയ്പ്പുകൾ കുട്ടികൾക്ക് വൈകാതെ നൽകേണ്ടത് അനിവാര്യമാണെന്ന് ശിശുരോഗ വിദഗ്ദ്ധരുടെ സംഘടനയായ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്(ഐഎപി) മുന്നറിയിപ്പു നൽകി. യാത്രാവിലക്കു മൂലം വിട്ടുപോയ പ്രതിരോധ കുത്തിവയ്പുകൾ പൂർത്തിയാക്കിയില്ലെങ്കിൽ അഞ്ചാം പനി, മസ്തിഷ്ക ജ്വരം, ന്യൂമോണിയ, വയറിളക്കം പോലുള്ള പകർച്ച വ്യാധികൾ കുട്ടികളിൽ പടർന്നു പിടിക്കാൻ സാധ്യതയുണ്ടെന്ന് ഐഎപി സംസ്ഥാന പ്രസിഡന്റ് ഡോ എം നാരായണൻ പറഞ്ഞു.

കോവിഡ് പകർച്ചവ്യാധി തടയുന്നതിന്റെ ഭാഗമായി പത്തു വയസ്സിനു താഴെയുള്ള കുട്ടികൾ വീടിനു പുറത്തിറങ്ങേണ്ടതില്ല എന്ന നിർദ്ദേശത്തെത്തുടർന്ന് സംസ്ഥാനത്തു പ്രതിരോധ കുത്തിവയ്പുകളുടെ അളവിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഒഴിവായിപ്പോയ പല രോഗങ്ങളുടേയും തിരിച്ചുവരവിന് ഇത് വഴി തെളിക്കുമെന്ന് ശിശുരോഗവിദഗ്ദ്ധരുടെ സംഘടന ചൂണ്ടിക്കാട്ടി.

തെറ്റിദ്ധാരണകൾ മൂലം പ്രതിരോധ കുത്തിവയ്പുകൾ കുട്ടികൾക്ക് നൽകുന്നതിൽ പിന്നോക്കാവസ്ഥയിലുള്ള ജില്ലകളിൽ ഇതിന്റെ ആഘാതം വലുതായിരിക്കും. മഴക്കാലം ആരംഭിക്കാൻ ഒരു മാസം മാത്രം ബാക്കിനിൽക്കേ ഇനിയും അനാസ്ഥ പുലർത്തിയാൽ മസ്തിഷ്ക ജ്വരം, ഡിഫ്തീരിയ, ന്യുമോണിയ, അഞ്ചാം പനി, വയറിളക്കം തുടങ്ങിയ രോഗങ്ങൾ ഈ പ്രദേശങ്ങളിൽ പൊട്ടിപ്പുറപ്പെടാൻ സാധ്യത കൂടുതലാണെന്ന് ഡോ എം നാരായണൻ പറഞ്ഞു.

ശിശുക്കളിലെ പ്രതിരോധ കുത്തിവയ്പ്പുകൾ പുനരാരംഭിക്കാൻ സർക്കാർ — സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ ഐഎപിയുടെ നേതൃത്വത്തിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കും. പ്രതിരോധ കുത്തിവയ്പുകൾ ലഭിക്കാത്ത ശിശുക്കളുടെ മാതാപിതാക്കളെ കണ്ടെത്തി ആരോഗ്യപ്രവർത്തകർ മുഖേന കുത്തിവയ്പു തിയതി, സമയം, സ്ഥലം എന്നിവ സംബന്ധിച്ച വിവരങ്ങൾ കൈമാറും. കുത്തിവയ്പു കേന്ദ്രങ്ങളിൽ സാമൂഹിക അകലം ഉറപ്പു വരുത്താനും കർശന നിർദ്ദേശം നല്കിയിട്ടുണ്ട്.

കുത്തിവയ്പു വിട്ടുപോയ ശിശുക്കളുടെ വിശദാംശങ്ങൾ ഡോക്ടർമാർക്ക് ലഭ്യമാക്കാൻ ‘ഇമ്മ്യൂണൈസേഷൻ റിമൈൻഡർ’ എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷനും ഐഎ പി സംസ്ഥാനഘടകം ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കൾക്ക് കുത്തിവയ്പ് സംബന്ധിച്ചു് മൂന്നു ദിവസം മുമ്പേ എസ്എംഎസ് സന്ദേശം കൈമാറാനാകുമെന്നതാണ് ഈ സംവിധാനത്തിന്റെ സവിശേഷത. എല്ലാ മഹാമാരികളിലും ജീവൻ നഷ്ടപ്പെടുന്നവരേക്കാൾ പല ഇരട്ടി കുഞ്ഞുങ്ങൾ ഇക്കാലയളവിൽ പകർച്ച വ്യാധികൾ മൂലം മരിക്കാറുണ്ട്.

സമീപകാലത്ത് ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്ന എബോള മഹാമാരിയിൽ ഇരുപതു മാസത്തിനകം 2200 പേർക്ക് ജീവൻ നഷ്ടമായപ്പോൾ ഇതേ കാലയളവിൽ മൂന്നിരട്ടിയോളം ശിശുക്കൾ ഈ പ്രദേശങ്ങളിൽ അഞ്ചാം പനി മൂലം മരിച്ചു. അതിനാൽ പ്രതിരോധ കുത്തിവയ്പുകളിലൂടെ തടയാവുന്ന രോഗങ്ങളിൽ നിന്ന് ശിശുക്കൾക്ക് സംരക്ഷണം നൽകാൻ മാതാപിതാക്കൾ ജാഗ്രത കാട്ടണമെന്ന് ഐഎപി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.