Monday
25 Mar 2019

മോഡിയുടേത് ബാലിശമായ നടപടി ; അലോക് വർമ പ്രതികരിക്കുന്നു

By: Web Desk | Friday 11 January 2019 12:54 PM IST


ന്യൂഡല്‍ഹി : ബാലിശമായ ആരോപണങ്ങളെ തുടര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന്  തന്നെ മാറ്റിയതെന്ന്  സിബിഐ ഡയറക്ടര്‍ അലോക് വര്‍മ.

ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി യുടെ വസതിയില്‍ കൂടിയ സെലക്ഷന്‍ കമ്മിറ്റി അലോക് വര്‍മയെ വീണ്ടും സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയത്. കോണ്‍ഗ്രസിന്റെ മല്ലികാര്‍ജുന്‍ ഖാര്‍ഗേയും ജസ്റ്റീസ് എ കെ സിക്രിയുമാണ് യോഗത്തിലുണ്ടായിരുന്നത്. ഇതില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേയുടെ വിയോജിപ്പിനെ മറികടന്നാണ് അലോക് വര്‍മയെ മാറ്റിയത്. അഴിമതി, കൃത്യവിലോപം തുടങ്ങിയ ആരോപണങ്ങളാണ് വര്‍മക്കെതിരെ കമ്മിറ്റി ഉന്നയിച്ചിരിക്കുന്നത്.

എന്നാല്‍ ഇത്തരം നീക്കങ്ങൾക്കെതിരെ മൗനം വെടിഞ്ഞാണ് അലോക് വര്‍മ ഇന്ന്  പ്രതികരണവുമായി രംഗത്തെത്തിയത്. സിബിഐ എന്ന സ്വതന്ത്ര ഏജന്‍സിയുടെ അധികാരം സംരക്ഷിക്കപ്പെടേണ്ടതാണ്. ബാഹ്യ ശക്തിയുടെ ഇടപെടലുകള്‍ ഇല്ലാതെയാണ് ഇത് പ്രവര്‍ത്തിക്കേണ്ടത്. ഇത് തകര്‍ക്കാനുള്ള ശ്രമം നടക്കുമ്പോഴുംആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ശത്രുതയുള്ള ഉദ്യോഗസ്ഥന്റെ പരാതിയിൽ തനിക്കെതിരെ ഉണ്ടായ വൈരാഗ്യപരമായ നടപടിയില്‍ വിഷമമുണ്ടെന്നും വര്‍മ കൂട്ടിച്ചേര്‍ത്തു.

സിവിസി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വര്‍മയ്‌ക്കെതിരെ എട്ട് കുറ്റങ്ങളാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ ആദ്യം അലോക് വര്‍മയെ ഡയക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയ നടപടി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സെലക്ഷന്‍ കമ്മിറ്റി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ വീണ്ടും വര്‍മയ്‌ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.

Related News