രാജ്യത്ത് ശിശുമരണ നിരക്ക് കൂടുന്നു ആരോഗ്യ മേഖലയിലും ഗുരുതരമായ പ്രതിസന്ധി:  ആയുഷ്മാന്‍ ഭാരത് പദ്ധതിയും ഫലപ്രദമായില്ല

Web Desk
Posted on September 15, 2019, 10:02 pm

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ രാജ്യത്തെ ആരോഗ്യ മേഖലയും ഗുരുതരമായ പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും മെച്ചപ്പെട്ട ചികിത്സ എന്ന പേരില്‍ കൊട്ടിഘോഷിച്ച് ആരംഭിച്ച ആയുഷ്മാന്‍ ഭാരത് പദ്ധതിക്കും ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയുന്നില്ലെന്നാണ് ശിശുമരണ നിരക്ക് ഉള്‍പ്പെടെയുള്ള സൂചികകള്‍ വ്യക്തമാക്കുന്നത്. നഗരപ്രദേശങ്ങളില്‍ ശിശുമരണ നിരക്ക് ഗണ്യമായി കൂടുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. ആരോഗ്യ മേഖലയിലെ പദ്ധതിവിഹിതം മോഡി സര്‍ക്കാര്‍ ഗണ്യമായി വെട്ടിക്കുറയ്ക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കുള്ള മുഖ്യകാരണം.

മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഝാര്‍ക്കണ്ഡ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ശിശുമരണ നിരക്ക് ഏറെ കൂടുതലായുള്ളത്. കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നഗരപ്രദേശങ്ങളിലാണ് ശിശുമരണ നിരക്ക് ഗണ്യമായി ഉയര്‍ന്നത്. മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും ശിശുമരണ നിരക്ക് ഗണ്യമായി വര്‍ധിക്കുന്നു. കര്‍ണാടകയിലെ നഗരപ്രദേശങ്ങളില്‍ ശിശുമരണ നിരക്ക് ഗ്രാമപ്രദേശങ്ങളെക്കാള്‍ 12.7 ശതമാനം വര്‍ധനയാണുള്ളത്. തമിഴ്‌നാട്ടില്‍ 12 ശതമാനം, മഹാരാഷ്ട്ര 17 ശതമാനം, ഗുജറാത്ത് 19 ശതമാനം എന്നിങ്ങനെയാണ് ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരപ്രദേശങ്ങളിലെ ശിശുമരണ നിരക്കിലെ ഗണ്യമായ വര്‍ധന. നഗരപ്രദേശങ്ങളിലെ ജനസംഖ്യാ വര്‍ധനയ്ക്ക് ആനുപാതികമായ ആരോഗ്യ പരിപാലന സംവിധാനങ്ങള്‍ ഇല്ലാത്തതാണ് ഇതിനുള്ള മുഖ്യകാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കര്‍ണാടകയില്‍ മൊത്തം ജനസംഖ്യയുടെ 31.5 ശതമാനം, തമിഴ്‌നാട് 48.40 ശതമാനം, ആന്ധ്രാ പ്രദേശ് 45.23 ശതമാനം, മഹാരാഷ്ട്ര 45.60 ശതമാനം, ഗുജറാത്ത് 42.30 ശതമാനം ജനങ്ങള്‍ നഗരങ്ങളിലാണ് താമസിക്കുന്നത്. ആരോഗ്യ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം പദ്ധതിയെ അപേക്ഷിച്ച് ദേശീയ നഗര ആരോഗ്യ പദ്ധതി പരാജയമാണെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.