October 3, 2022 Monday

Related news

October 24, 2021
October 8, 2021
September 26, 2021
August 14, 2021
August 1, 2021
July 20, 2021
November 5, 2020
August 17, 2020
July 23, 2020
June 1, 2020

അമ്മയ്ക്ക് ഹൃദയമായി : പകരം അവയവദാന സമ്മതപത്രം നൽകി മക്കൾ

Janayugom Webdesk
കൊച്ചി
June 1, 2020 5:01 pm

അമ്മയ്ക്ക് കാതങ്ങൾക്കപ്പുറത്തുനിന്ന് ഹൃദയം കിട്ടിയപ്പോൾ ആ മക്കൾക്ക് മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല .തങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യാൻ എം ടെക് വിദ്യാർത്ഥിയായ ഷിയോണയും നിയമവിദ്യാർത്ഥിയായ സഹോദരൻ ബേസിലും തീരുമാനിച്ചു . ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രി വിട്ട ലീനയുടെ മക്കളാണ് ഇരുവരും. മറ്റൊരു കുടുംബത്തിന്റെ മഹാദാനത്തിന്റെയും ത്യാഗത്തിന്റെയും ഫലമായി അമ്മയ്ക്ക് ലഭിച്ച പുതുജീവന് പകരമായി തങ്ങളുടെ സാധ്യമായ എല്ലാ അവയവങ്ങളും ദാനം ചെയ്യാൻ സമ്മതമാണെന്ന പ്രതിജ്ഞയാണ് അവർ പകരം സമൂഹത്തിന് നൽകുന്നത്.

ആരോഗ്യമന്ത്രി ഷൈലജ ടീച്ചർ വീഡിയോ കോൾ വഴി ചടങ്ങിൽ പങ്കെടുത്ത്‌ ലിസി ആശുപത്രിക്കും, ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും, ലീനയുടെ മക്കൾക്കും അഭിനന്ദനങ്ങൾ നേർന്നു. അവയവദാനം നടത്തിയ ലാലി ടീച്ചറുടെ കുടുംബത്തെ മന്ത്രി പ്രത്യേകം സ്മരിച്ചു. എറണാകുളം അങ്കമാലി അതിരൂപത ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കെ എൻ ഒ എസ് മധ്യമേഖല നോഡൽ ഓഫീസർ ഡോ. ഉഷ സാമുവൽ കുട്ടികൾക്ക് ഡോണർ കാർഡ് നൽകി. എറണാകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ. ലാൽജി ആശംസകൾ നേർന്നു.

മെയ് ഒൻപതിനാണ് കോതമംഗലം സ്വദേശി ലീന (49) ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്‌. തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ലാലി ടീച്ചറുടെ (50) ഹൃദയമാണ് ഇപ്പോൾ ലീനയിൽ മിടിക്കുന്നത്. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് സംസ്ഥാന സർക്കാരിന്റെ ഹെലികോപ്റ്ററിലാണ് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ നിന്ന് ഹൃദയം ലിസി ആശുപത്രിയിൽ എത്തിച്ചത്. പൂർണ്ണമായും സൗജന്യമായാണ് ഹെലികോപ്റ്റർ സേവനം ലഭ്യമായത്. ലാലിടീച്ചറിൽ നിന്നും എടുത്ത ഹൃദയം നാലുമണിക്കൂറിനുള്ളിൽ ലീനയിൽ മിടിച്ചു തുടങ്ങിയത് ചികിത്സയുടെ വിജയത്തിൽ നിർണ്ണായകമായി. അഞ്ചു ദിവസങ്ങൾക്ക് ശേഷം തീവ്രപരിചരണവിഭാഗത്തിൽ നിന്നും മാറ്റിയ ലീന ഇപ്പോൾ പൂർണ്ണ ആരോഗ്യവതിയാണ്. തുടർപരിശോധനകൾക്കും വിശ്രമത്തിനുമുള്ള സൗകര്യത്തിനായി വടുതലയിലുള്ള സഹോദരിയുടെ വീട്ടിലേക്കാണ് ലീന പോയത്.

വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് നിന്ന് വ്യോമമാർഗ്ഗം ഹൃദയം എത്തിച്ചു ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ മാത്യു അച്ചാടനും സന്ധ്യയും കഴിഞ്ഞ ദിവസം ആശുപത്രിയിൽ ലീനയെ സന്ദർശിച്ചിരുന്നു. ആ കൂടിക്കാഴ്ച ലീനയ്ക്ക് വലിയ ആത്മവിശ്വാസമാണ് പകർന്നത്.

ആശുപത്രി വിടുന്നതിന് മുൻപ് ലീനയെ വിവിധ പരിശോധനകൾക്ക് വിധേയയാക്കിയിരുന്നു. ഏറ്റവും പ്രധാനമായ എൻഡോമയോകാർഡിയൽ ബയോപ്സി പരിശോധനയിൽ വളരെ മികച്ച ഫലമാണ് ലഭിച്ചത്. ലീനയുടെ ആരോഗ്യനില പരിപൂർണ്ണ തൃപ്തികരമാണെന്നും നിലവിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ നടത്തി സാധാരണ ജീവിതവുമായി മുന്നോട്ട് പോകാനാകുമെന്നും ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ഡോ. ജേക്കബ് എബ്രഹാം, ഡോ. റോണി മാത്യു കടവിൽ, ഡോ. ഭാസ്കർ രംഗനാഥൻ, ഡോ. ജോ ജോസഫ്, ഡോ. ഷൈലേഷ് കുമാർ, ഡോ. ജീവേഷ് തോമസ്, ഡോ. സൈമൺ ഫിലിപ്പോസ്, ഡോ. ജോബ് വിൽസൺ, ഡോ. ഗ്രേസ് മരിയ, ഡോ. ആന്റണി ജോർജ്, ഡോ. ഹമീദ, നഴ്സിംഗ്, പാരാമെഡിക്കൽ ജീവനക്കാർ എന്നിവർ ശസ്ത്രക്രിയയിലും, തുടർചികിത്സയിലും പങ്കാളികളായിരുന്നു.

ENGLISH SUMMARY: chil­dren gave organ dona­tion con­sent instead

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.