തായ് ഗുഹയില്‍ കുടുങ്ങിയ മുഴുവന്‍ പേരെയും രക്ഷപ്പെടുത്തി

ബാങ്കോക്ക്: തായ്ലന്‍ഡിന്റെ വടക്കന്‍ പ്രവിശ്യയായ ചിയാങ് റായിലെ താം ലുവാങ് ഗുഹയിലകപ്പെട്ട 12 ആണ്‍കുട്ടികളെയും ഫുട്ബോള്‍ കോച്ചിനേയും 18 ദിവസത്തിനുശേഷം സുരക്ഷിതമായി പുറംലോകത്തെത്തിച്ചു. മൂന്ന് ഘട്ടങ്ങളിലായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ഇവരെ സുരക്ഷിതമായി പുറത്തിറക്കിയത്.
ജൂണ്‍ 23നാണ് ഫുട്ബോള്‍ സംഘം പരിശീലനത്തിന് ശേഷം ഗുഹയ്ക്കുള്ളില്‍ പ്രവേശിക്കുന്നത്. കനത്ത മഴയെത്തുടര്‍ന്ന് ഗുഹാകവാടം അടഞ്ഞതോടെ ഇവര്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ തായ് നാവികസേനാ മുന്‍ ഉദ്യോഗസ്ഥന് സമന് കുനോന്ത(38) ശ്വാസം കിട്ടാതെ മരണത്തിന് കീഴടങ്ങിയിരുന്നു.
കുട്ടികളെയും കോച്ചിനേയും രക്ഷപെടുത്താനുള്ള അന്താരാഷ്ട്ര ഓപ്പറേഷന്റെ അവസാനദിവസമായിരുന്നു ഇന്നലെ. പ്രദേശിക സമയം രാവിലെ പത്ത് മണിയോടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പ്രദേശത്ത് ശക്തമായ മഴ അനുഭവപ്പെട്ടിരുന്നെങ്കിലും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നില്ലെന്ന് ഓപ്പറേഷന് മേധാവി നരോങ്സാക് ഒസൊറ്റാനാകോന് പറഞ്ഞു.
ഞായറാഴ്ചയിലും തിങ്കളാഴ്ചയിലുമായി പുറത്തിറക്കിയ എട്ട് കുട്ടികളും മെച്ചപ്പെട്ട ആരോഗ്യസ്ഥിതി കൈവരിച്ചു. അണുബാധയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ ഇവരെ ഒരാഴ്ചകൂടെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.