അമ്മുമ്മയുടെ ബുദ്ധി

Web Desk
Posted on October 06, 2019, 10:12 am

സന്തോഷ് പ്രിയന്‍
പണ്ടൊരു നാട്ടില്‍ നാണി എന്നൊരു അമ്മുമ്മയും നാണു എന്നൊരു അപ്പുപ്പനുമുണ്ടായിരുന്നു. പഞ്ചപാവങ്ങളായിരുന്നു രണ്ടുപേരും. ‘ഒരുദിവസം രാത്രി പാത്തുംപതുങ്ങിയും ഒരു കള്ളന്‍ അവരുടെ വീടിന് പിന്നിലെത്തി. മുറിയ്ക്കകത്ത് അപ്പുപ്പന്റേയും അമ്മുമ്മയുടേയും ശബ്ദം കേട്ട് കള്ളന്‍ ജനാലയില്‍ക്കൂടി ഒളിഞ്ഞുനോക്കി. അപ്പോള്‍ അമ്മുമ്മ അപ്പുപ്പനോട് പറയുകയാണ്.
‘നമ്മുടെ പത്തായം അയല്‍നാട്ടിലെ വലിയകവലയിലെ പൊതുകിണറിനടുത്ത് കൊണ്ടുപോയി വച്ചിട്ട് തിരികെ ഇവിടെയെത്തിയാല്‍ പത്തായം ഇരുന്നിടത്ത് ഒരു സ്വര്‍ണനാണയം കാണുമെന്ന് ജ്യോത്സ്യന്‍ പറഞ്ഞത് സത്യമായിരിക്കും അല്ലേ…’ ‘ങാ…അതു ശരിയാ.…ജ്യോത്സ്യന്‍ പറഞ്ഞതൊന്നും ഇതുവരെ തെറ്റിയിട്ടില്ലല്ലോ..’
‘അപ്പുപ്പന്‍ പറഞ്ഞു.
നാളെ രാത്രി തന്നെ പത്തായം നമുക്ക് ഒരു ചുമട്ടുകാരനെ വിളിച്ച് കൊണ്ടുപാകണം. പത്തായം അവിടെ എത്തുമ്പോള്‍ ഇവിടെ സ്വര്‍ണം തനിയെ വരുമെന്നാ ജ്യോത്സ്യന്‍ പറഞ്ഞത്. പിന്നെ അത് വിറ്റ് കിട്ടുന്ന പണം കൊണ്ട് നമുക്ക് സുഖമായി കഴിയാം.’ അമ്മുമ്മ പറഞ്ഞു. ‘ഇതു കേട്ട് കള്ളന്‍ ഞെട്ടിപ്പോയി. ‑ഹയ്യട, ഇതു കൊള്ളാമല്ലോ. പത്തായം അയല്‍നാട്ടിലെ പൊതുകിണറിനടുത്ത് കൊണ്ടുവച്ചാല്‍ പത്തായം വച്ചിരുന്നിടത്ത് നിന്നും സ്വര്‍ണം കിട്ടുമെന്നോ. എങ്കില്‍ അത് എനിക്ക് അടിച്ചെടുക്കണം.- കള്ളന്‍ കരുതി. അപ്പുപ്പനും അമ്മുമ്മയും ഉറങ്ങിയപ്പോള്‍ കള്ളന്‍ തന്റെ കൂട്ടുകാരായ രണ്ടുപേരെ കൂട്ടിക്കൊണ്ടുവന്ന് പതുക്കെ അകത്തുകടന്നിട്ട് പത്തായം ചുമന്ന് അയല്‍നാട്ടിലേക്കു പോയി. എന്നിട്ട് അമ്മുമ്മ പറഞ്ഞതുപോലെ വഴിയരികിലെ പൊതുകിണറിനടുത്ത് ഇറക്കിവച്ചു. ‘വൈകാതെ മൂന്നുപേരും അമ്മുമ്മയുടേയും അപ്പുപ്പന്റേയും വീട്ടിലെത്തി. എന്നിട്ട് പത്തായം ഇരുന്നിടത്ത് അരിച്ചുപെറുക്കി നോക്കി. പക്ഷെ സ്വര്‍ണം കിട്ടിയില്ലെന്ന് മാത്രം. അങ്ങനെ പുലരും വരെ കള്ളന്മാര്‍ സ്വര്‍ണം തപ്പിയിട്ടും കിട്ടിയില്ല. അപ്പോഴേക്കും അപ്പുപ്പനും അമ്മുമ്മയും ഉറക്കം എഴുന്നേററ്റു. അപ്പുപ്പന്‍ കണ്ണുതിരുമ്മികൊണ്ടു അമ്മുമ്മയോടു പറഞ്ഞു. ”എടീ, നമ്മുടെ പത്തായം മൂന്ന് തടിയന്മാരായ കള്ളന്മാര്‍ പൊക്കികൊണ്ടുപോയെന്ന് ഞാന്‍ സ്വപ്നം കണ്ടടീ.…’ ‘അതുകേട്ട് അമ്മുമ്മ പറഞ്ഞു. ’ അതു സ്വപ്നമല്ല മനുഷ്യാ സത്യമാ. ’ ”ങേ. സത്യമോ.’
”അതെ, ആ മണ്ടന്മാരായ കള്ളനെ ഞാന്‍ പറ്റിച്ചതാ. അവരില്‍ ഒരു മരത്തലയനായ കള്ളന്‍ പതുങ്ങി രാത്രി ജനലിനടുത്ത് വന്നത് ഞാന്‍ കണ്ടു. നമ്മുടെ കുറേ വീട്ടുസാധനങ്ങള്‍ മകളുടെ വീട്ടിലെത്തിക്കാന്‍ കുറേ ദിവസം കൊണ്ട് ഞാന്‍ നോക്കുകയായിരുന്നു. പത്തായത്തിനകത്ത് സാധനങ്ങളെല്ലാം എടുത്ത് വച്ചിരുന്നു ഞാന്‍. എന്നിട്ട് ഞാന്‍ മകളോടും പറഞ്ഞിരുന്നു വീടിനടുത്തുള്ള പൊതുകിണറിനോട് ചേര്‍ന്ന് ഇന്നലെ രാത്രി തന്നെ പത്തായമെത്തിക്കാമെന്ന്. കൂലി കൊടുക്കാതെ പറഞ്ഞതുപോലെ ഞാന്‍ അതു ചെയ്തു. ഇന്ന് രാവിലെ മകള്‍ ആളിനെകൂട്ടി പത്തായം എടുത്തുകാണും. ഹി..ഹി …എങ്ങനെയുണ്ട് എന്റെ ബുദ്ധി…’ അതു പറഞ്ഞിട്ട് അമ്മുമ്മ മോണകാട്ടി ചിരിക്കാന്‍ തുടങ്ങി. ”സമ്മതിച്ചിരിക്കുന്നു. അല്ലേലും നീ ബുദ്ധിശാലിയല്ലേ…’ അപ്പുപ്പനും ചിരിച്ചു. ഇതെല്ലാം കേട്ട് ഇളിഭ്യരായി കള്ളന്മാര്‍ സ്ഥലംവിട്ടു.