ശിക്ഷ്യന്മാര്‍ പഠിച്ച പാഠം

Web Desk
Posted on August 11, 2019, 6:21 am

സന്തോഷ് പ്രിയന്‍

സാന്ദിലമഹര്‍ഷിയുടെ ശിക്ഷ്യന്മാരായിരുന്നു ചന്ദ്രരഥനും ചതുര്‍ഗുണനും. ക്ഷമ, ദയ, സഹാനുഭൂതി തുടങ്ങിയ ഗുണങ്ങള്‍ ജീവിതത്തില്‍ സ്വന്തമാക്കാനാണ് പ്രഭുകുടുംബത്തില്‍പ്പെട്ട ഇവരെ വീട്ടുകാര്‍ മഹര്‍ഷിയുടെ അടുത്തെത്തിച്ചത്.
മൂന്നുവര്‍ഷം കൊണ്ട് ഇരുവരും ഗുരുവില്‍നിന്നും പഠനം പൂര്‍ത്തിയാക്കി. തിരിച്ച് വീടുകളിലേക്കു പോകാന്‍ നേരം സാന്ദിലമഹര്‍ഷി അവസാനമായി രണ്ടുപേരിലും ഒരു പരീക്ഷണം കൂടി നടത്താന്‍ തീരുമാനിച്ചു.
ചന്ദ്രരഥനേയും ചതുര്‍ഗുണനേയും അടുത്തുവിൡച്ച് മഹര്‍ഷി പറഞ്ഞു.
‘പ്രിയ ശിഷ്യരേ, നിങ്ങള്‍ വേഗം കാട്ടില്‍പോയി നാളത്തേക്ക് എനിക്ക് കഴിക്കാന്‍ കുറച്ചു പഴം കൊണ്ടുവരിക.’
ഉടനെ അവര്‍ പഴത്തിനായി കാട്ടിലേക്കു പോയി. വളരെ പ്രയാസപ്പെട്ട് രണ്ടുപേരും പഴം ശേഖരിച്ചു. അതുമായി അവര്‍ ആശ്രമത്തിലേക്ക് നടന്നു.
അപ്പോള്‍ വഴിയില്‍ അവര്‍ കരയുന്ന ഒരു കുഞ്ഞിനേയും അമ്മയേയും കണ്ടു.
‘എന്തിനാണ് ഈ കുഞ്ഞ് കരയുന്നത്?’ ചന്ദ്രരഥനും ചതുര്‍ഗുണനും ചോദിച്ചു. അപ്പോള്‍ അമ്മ പറഞ്ഞു.
‘മക്കളേ, ഞാനും എന്റെ കുഞ്ഞും ആഹാരം കഴിച്ചിട്ട് മൂന്നു ദിവസമായി. വിശന്നിട്ടാ കുഞ്ഞ് കരയുന്നത്.’
അതുകേട്ടപ്പോള്‍ ചന്ദ്രരഥന്‍ തന്റെ കൈയ്യിലിരുന്ന പഴങ്ങള്‍ അമ്മയ്ക്ക് നല്‍കി. അതുകണ്ട് ചതുര്‍ഗുണന്‍ വിലക്കി.
‘ഏയ് ചന്ദ്രരഥാ എന്ത് മണ്ടത്തരമാണ് കാട്ടുന്നത്. മുനിയ്ക്കുള്ള പഴം വഴിയില്‍ കണ്ടവര്‍ക്ക് കൊടുക്കുന്നോ. പഴമില്ലാതെ ചെന്നാല്‍ അദ്ദേഹം കോപിക്കില്ലേ.’
അതുകേട്ട് ചന്ദ്രരഥന്‍ പറഞ്ഞു.
‘ചതുര്‍ഗുണാ വിശന്നുകരയുന്ന ഈ കുഞ്ഞിനെയും അമ്മയേയും കാണാതെ നാം പോകുന്നത് പാപമല്ലേ. നമ്മുടെ കൈയ്യിലെ പഴം കൊണ്ട് അവരുടെ വിശപ്പ് മാറിയാല്‍ അതില്‍ വലിയ പുണ്യം വേറെ ഉണ്ടോ.’
‘ഗുരുവിന്റെ വാക്കുകള്‍ അനുസരിക്കുക മാത്രമാണ് ശിഷ്യരുടെ കടമ. മറ്റൊന്നും നാം കണ്ടില്ലെന്ന് നടിക്കുക. നിനക്ക് നിര്‍ബന്ധമാണെങ്കില്‍ പഴം നീ കൊടുത്തോ. എന്റെ കൈയ്യിലെ പഴങ്ങള്‍ ഞാന്‍ മഹര്‍ഷിക്ക് കൊടുത്ത് അദ്ദേഹത്തിന്റെ പ്രീതി എനിക്ക് നേടണം.’
ചന്ദ്രരഥന്‍ കൂട്ടുകാരന്റെ വാക്ക് കേള്‍ക്കാതെ തന്റെ കൈയ്യിലെ പഴങ്ങള്‍ മുഴുവന്‍ അമ്മയ്ക്കും കുഞ്ഞിനും കൊടുത്തു. അവര്‍ ആര്‍ത്തിയോടെ പഴങ്ങള്‍ തിന്ന് വിശപ്പ് മാറ്റി. പിന്നെ ചന്ദ്രരഥനും ചതുര്‍ഗുണനും ആശ്രമത്തിലേക്കു നടന്നു.
വിവരമറിയുമ്പോള്‍ മഹര്‍ഷി ചന്ദ്രരഥനെ ആട്ടിപ്പുറത്താക്കുമെന്ന് ചതുര്‍ഗുണന്‍ ഉറച്ചു വിശ്വസിച്ചു.
ശിഷ്യന്മാര്‍ നടന്ന കാര്യം മഹര്‍ഷിയോട് പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അദ്ദേഹം സൗമ്യനായി പറഞ്ഞു.
‘ശിഷ്യരേ, ചന്ദ്രരഥന്‍ ചെയ്തതാണ് ശരി. വിശക്കുന്നവര്‍ക്ക് മറ്റെല്ലാം മറന്ന് ആഹാരം നല്‍കിയത് വലിയ കാര്യമാണ്.’
‘മഹര്‍ഷേ, അപ്പോള്‍ അങ്ങയുടെ നിര്‍ദേശം ലംഘിച്ചത് ശരിയാണോ. അത് വലിയ തെറ്റല്ലേ?’
ചതുര്‍ഗുണന്‍ ചോദിച്ചു.
അതുകേട്ട് ചുഞ്ചിരിച്ചുകൊണ്ട് മഹര്‍ഷി പറഞ്ഞു:
‘ചതുര്‍ഗുണാ, നിങ്ങളോട് ആവശ്യപ്പെട്ട പഴം എനിക്ക് നാളെ കഴിക്കാനുള്ളതാണെന്ന് ഞാന്‍ ആദ്യമേ പറഞ്ഞിരുന്നു. ഇന്നത്തെ അത്യാവശ്യകാര്യങ്ങള്‍ കഴിഞ്ഞിട്ട് മതിയല്ലോ നാളത്തെ കാര്യം. യുക്തിപരമായി കാര്യങ്ങള്‍ നടത്താന്‍ ചതുര്‍ഗുണന്‍ പഠിച്ചില്ല. ഗുരുവിന്റെ നിര്‍ദേശത്തിലും വലുതാണ് താന്‍ പഠിച്ച സഹാനുഭൂതിയെന്ന് ചന്ദ്രരഥന്‍ അമ്മയ്ക്കും കുഞ്ഞിനും വിശപ്പടക്കിയതിലൂടെ കാട്ടി. ചതുര്‍ഗുണന്‍ ഒരുമാസം കൂടി ഇവിടെ പഠിക്കുക. ചന്ദ്രരഥന് വീട്ടിലേക്കും പോകാം.’
ഗുരുവിന്റെ വാക്കുകേട്ട് ചതുര്‍ഗുണന്‍ അന്തിച്ചുനിന്നു. സത്യത്തില്‍ ഇവരെ പരീക്ഷിക്കാന്‍ അമ്മയേയും കുഞ്ഞിനേയും ഗുരു പറഞ്ഞുവിട്ടതായിരുന്നു.