അയ്യായിരത്തിലധികം ബാലവേലക്കാര്‍ മൈക്ക ഖനികളില്‍ നിത്യത്തൊഴിലാളികള്‍

Web Desk
Posted on August 25, 2019, 10:02 pm

ന്യൂഡല്‍ഹി: ആറിനും പതിനാലിനുമിടയില്‍ പ്രായമുള്ള അയ്യായിരത്തിലേറെ കുട്ടികള്‍ ബിഹാറിലെയും ഝാര്‍ഖണ്ഡിലെയും മൈക്ക ഖനികളില്‍ ജോലി ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്. പഠനം ഉപേക്ഷിച്ചാണ് ഇവര്‍ ബാലവേലയിലേക്ക് തിരിഞ്ഞത്. കുടുംബത്തിന്റെ ഉപജീവനത്തിനാണ് പലരും ബാലവേലക്കാരായി മാറിയിരിക്കുന്നതെന്നും ദേശീയ ബാലാവകാശ കമ്മിഷന്റെ ഒരു പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഝാര്‍ഖണ്ഡിലെയും ബിഹാറിലെയും മൈക്ക ഖനികളിലായി 22,000 കുട്ടികള്‍ ബാലവേല ചെയ്യുന്നുണ്ടെന്നാണ് ടെറെ ഡെസ് ഹോംസ് എന്ന ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു രാജ്യാന്തര വികസന ഏജന്‍സി കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ഇതിന്റെ ചുവട് പിടിച്ചാണ് ബാലാവകാശ കമ്മിഷന്‍ സര്‍വെ നടത്തിയത്. ഝാര്‍ഖണ്ഡിലെ കൊഡെര്‍മ,ഗിരിധിഹ് ജില്ലകളിലും ബിഹാറിലെ നവാഡ ജില്ലകളിലുമായാണ് ഇവര്‍ സര്‍വെ സംഘടിപ്പിച്ചത്. ഝാര്‍ഖണ്ഡിലെ ഈ മേഖലകളില്‍ നിന്ന് ആറിനും പതിനാലിനുമിടയില്‍ പ്രായമുള്ള 4,545 കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നില്ലെന്നാണ് കണക്ക്. ബിഹാറിലെ നവാഡ ജില്ലയില്‍ നിന്ന് 649 കുട്ടികളും സ്‌കൂളില്‍ വരുന്നില്ല. ഇവരെ പഠനത്തില്‍ പ്രോത്സാഹിപ്പിക്കാന്‍ ആളില്ലാത്തതും പഠിക്കാന്‍ താല്‍പ്പര്യമില്ലാത്തതുമാണ് ഇതിന് പ്രധാന കാരണം. ഇതിന് പുറമെ ഇവര്‍ മൈക്ക ശേഖരിക്കാന്‍ പോകുന്നതും പഠിക്കാന്‍ പോകാന്‍ കഴിയാത്തതിന് കാരണമാകുന്നു. ഈ മേഖലകളിലെ മിക്ക കുടുംബങ്ങളുടെയും പ്രധാന ഉപജീവന മാര്‍ഗം മൈക്ക ശേഖരിക്കലാണ്. പലരും സ്‌കൂളില്‍ പോകുന്നതിന്റെ ഗുണങ്ങള്‍ മനസിലാക്കുന്നില്ല. മൈക്ക ഖനികളില്‍ ജോലിക്ക് കുട്ടികളെ അയക്കാനാണ് മിക്ക രക്ഷിതാക്കള്‍ക്കും താല്‍പ്പര്യം.
ലോകത്തിലെ ഏറ്റവും വലിയ മൈക്ക ഉല്‍പ്പാദന രാജ്യമാണ് ഇന്ത്യ. ഝാര്‍ഖണ്ഡും ബിഹാറുമാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മൈക്ക ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങള്‍. കെട്ടിട നിര്‍മാണത്തിനും ഇലക്ട്രോണിക് സാധനങ്ങളിലും സൗന്ദര്യവര്‍ധക വസ്തുക്കളിലും പെയിന്റിലുമൊക്കെ മൈക്ക ഉപയോഗിക്കുന്നുണ്ട്.

മൈക്ക ഖനികളില്‍ ജോലി ചെയ്യുന്നവരെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാനും ഇവരുടെ വിദ്യാഭ്യാസ നിലവാരം അറിയാനും വേണ്ടിയാണ് സര്‍വെ സംഘടിപ്പിച്ചത്. ഇവരില്‍ കൗമാരക്കാര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാനും അധികൃതര്‍ ലക്ഷ്യമിടുന്നു.
കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ബാലാവകാശ കമ്മിഷന്‍ നിരവധി ശുപാര്‍ശകള്‍ സര്‍ക്കാരിന് മുന്നില്‍ വച്ചിട്ടുണ്ട്. മൈക്ക ഖനന മേഖലയില്‍ കുട്ടിത്തൊഴിലാളികള്‍ എത്തുന്നത് തടയുക എന്നതാണ് അതില്‍ പ്രധാനം. ഇതിനായി പ്രാദേശിക ഭരണകൂടങ്ങളും എന്‍ജിഓകളും ജാഗ്രത പുലര്‍ത്തണമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു. കുട്ടികളില്‍ നിന്ന് മൈക്ക വാങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. ഭരണകൂടം കര്‍ശനമായ നടപടികള്‍ കൈക്കൊണ്ട് മൈക്ക വ്യവസായ മേഖല കുട്ടിത്തൊഴിലാളി വിമുക്തമാക്കണമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നു. പെന്‍സില്‍ പദ്ധതി നിര്‍ബന്ധമായും ഫലപ്രദമായും ഈ മേഖലകളില്‍ നടപ്പാക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും നിര്‍ദേശിക്കുന്നു.

സ്‌കൂളുകളില്‍ വരാത്ത കുട്ടികള്‍ക്കായി റസിഡന്‍ഷ്യല്‍ സംവിധാനവും ഹോസ്റ്റല്‍ സംവിധാനവും നടപ്പാക്കാനും ഇവര്‍ നിര്‍ദേശിക്കുന്നു. കസ്തൂര്‍ബാ ബാലികാ വിദ്യാലയങ്ങളും ആശ്രം വിദ്യാലയങ്ങളും പോലുള്ളവ ഈ മേഖലയില്‍ കൂടുതലായി ആരംഭിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിക്കുന്നു.

YOU MAY LIKE THIS VIDEO ALSO