October 3, 2022 Monday

കുട്ടികളുടെ ഭക്ഷണ കാഴ്ചപ്പാടുകൾ

ഡോ. അജീഷ് പി ടി
റിസർച്ച് ഓഫീസർ, എസ്­സിഇആർടി
May 22, 2020 3:20 am

ലോക്ഡൗൺ നാളുകളിൽ ഏറ്റവും കൂടുതൽ സന്തോഷമനുഭവിക്കുന്ന വിഭാഗമാണ് കുട്ടികൾ. വീടിനുള്ളിൽ ഒതുങ്ങിക്കൂടിയുള്ള ജീവിതമാണെങ്കിലും എല്ലാവിധ നിയന്ത്രണങ്ങൾക്കും അതീതമായി സന്തോഷം കണ്ടെത്തുവാൻ ശ്രമിക്കുന്നവരാണ് ഭൂരിഭാഗവും. രക്ഷിതാക്കൾ എപ്പോഴും കൂടെ ഉള്ളതിനാൽ കുട്ടികൾക്ക് എല്ലാ കാര്യങ്ങളിലും പരമാവധി പിന്തുണ നൽകുന്നതിന് ഈ സാഹചര്യത്തിലും കഴിയുന്നുണ്ട്. അപ്രതീക്ഷിതമായി ലഭ്യമായ ഈ ദിവസങ്ങൾ കുട്ടികളുമായി ഏറെ അടുക്കുവാനും അവരുമായി ആശയങ്ങൾ പങ്കുവയ്ക്കുവാനും സ്നേഹം കൈമാറുവാനും സാധിക്കുന്ന അവസരമാണ് ഇപ്പോൾ ഓരോ രക്ഷിതാക്കൾക്കും ലഭ്യമായിരിക്കുന്നത്. മാതാപിതാക്കളുടെ കൃത്യമായ സാമീപ്യവും അനുഭാവപൂർണമായ ഇടപെടലും ഏറ്റവും നല്ല രീതിയിൽ കുട്ടികൾക്ക് പകരുന്നതിലൂടെ ജീവിതത്തിലെ ഉത്തമവ്യക്തികളാക്കി മാറ്റുന്നതിനും ഈ സുപ്രധാന അവസരത്തെ പ്രയോജനപ്പെടുത്താം.

സാധാരണ അവധിക്കാലത്തുനിന്നും വ്യത്യസ്തമായ സാഹചര്യമായതിനാൽ കുട്ടികളുടെ മാനസികാവസ്ഥ മികച്ചതാക്കുന്നതിന് പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. കുടുംബാംഗങ്ങൾ എല്ലാപേരും കൂടി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചിരുന്ന സാഹചര്യം ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷ സമയങ്ങളിൽ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്നിപ്പോൾ തുടർച്ചയായ ദിവസങ്ങൾ ലഭിച്ചു എന്നത് കുട്ടികൾക്ക് വലിയൊരനുഗ്രഹമാണ്. ഇന്ന് ധാരാളം കുടുംബങ്ങളിൽ നിന്നും നിരവധി ഭക്ഷണപ്പൊതികൾ സമൂഹത്തിലെ അവശതയും പട്ടിണിയും അനുഭവിക്കുന്ന ജനങ്ങൾക്കുവേണ്ടി നൽകുന്നതും കുട്ടികൾക്ക് ഏറെ പ്രചോദനം പകരുന്ന കാര്യമാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സ്കൂൾ വിക്കിയിൽ തലസ്ഥാന ജില്ലയിലെ പൊതുവിദ്യാലയത്തിൽ പഠിക്കുന്ന ഒരു പെൺകുട്ടി അവളുടെ ജീവിതത്തിലെ ഭക്ഷണത്തിന്റെ കാഴ്ചപ്പാടുകളും അനുഭവങ്ങളും വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചിരുന്നു. കൊറോണ വന്നതുമൂലം സംഭവിച്ച ലോക്ഡൗൺ കാരണം തനിക്ക് രുചികരമായ ഭക്ഷണം കഴിക്കുവാൻ സാധിക്കുന്നു എന്നായിരുന്നു ആശ്ചര്യപ്പെടുത്തിയ വാചകം.

ഉദ്യോഗസ്ഥ ദമ്പതിമാരുടെ ഏകമകളാണ് ആ കുട്ടി, അതിരാവിലെ ജോലിക്കു പോവുകയും വൈകുന്നേരം ഏറെ വൈകിയെത്തുന്നവരുമാണ് രക്ഷിതാക്കൾ. ക്ഷീണിച്ചവശരായി എത്തുന്ന അവർ വരുന്ന വഴിയിൽ ലഭ്യമാകുന്ന പാക്കറ്റ് ഫുഡോ, ഹോട്ടൽ ഭക്ഷണമോ മറ്റ് ജംഗ്ഫുഡോ മകൾക്കായി വാങ്ങിവരും. ചില ദിവസങ്ങളിൽ ഏതെങ്കിലും ഓൺലൈൻ ഭക്ഷ്യശൃംഖലകളിൽ ഓർഡർ ചെയ്തും ഭക്ഷണം വാങ്ങിയിരുന്നു. വിവിധതരം ബർഗറുകൾ, ഷവായ്, ഷവർമ, പിസ്ത തുടങ്ങിയവയെല്ലാം മനസ്സില്ലാമനസ്സോടെ അവൾ കഴിക്കുമായിരുന്നു. ഇതിനെല്ലാം ദോഷവശങ്ങളുണ്ടെന്ന് അവൾക്ക് നന്നായി അറിയാമെങ്കിലും ലഭ്യമാകുന്ന സാഹചര്യത്തിൽ മുന്നോട്ട് പോകുന്നു. ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുകഷണം തന്നെ തിന്നണം എന്നാണല്ലോ ചൊല്ല്. ആ ദിവസങ്ങളിൽ അവൾക്കുണ്ടായിരുന്ന കടുത്ത നിരാശയും സങ്കടവും നന്നായി തന്റെ സൃഷ്ടിയിൽ അവതരിപ്പിച്ചിട്ടുണ്ട്. അടിവയറ്റിൽ ആളുന്ന വിശപ്പിന്റെ അഗ്നിയേക്കാൾ വലുതല്ല ഹൃദയത്തിലെരിയുന്ന വിരഹത്തിന്റെ കനൽ എന്നു പറയുന്നതുപോലെ… വിശപ്പ് ലോകത്തിലെ വലിയൊരു സത്യമാണെന്ന തിരിച്ചറിവ് ആ കുട്ടിയുടെ രചനയിൽ പ്രകടമായിരുന്നു. നാടൻ പലഹാരങ്ങളും ഭക്ഷണ വിഭവങ്ങളും കഴിക്കുവാൻ അവൾ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതും വ്യക്തമാക്കിയിട്ടുണ്ട്.

അപ്രതീക്ഷിതമായി കടന്നുവന്ന കൊറോണയും ലോക്ഡൗണും കാരണം മാതാപിതാക്കളെ മുഴുവൻ സമയവും മകൾക്ക് ലഭ്യമാകുന്നുണ്ട്. ഇപ്പോൾ അമ്മ നല്ല രുചികരമായ ഭക്ഷണം ഉണ്ടാക്കി ദിവസവും നൽകുന്നുണ്ട്. വ്യത്യസ്ത ഇനം ഭക്ഷണവിഭവങ്ങൾ തയാറാക്കുന്നതിന് അവളും അമ്മയോടൊപ്പം കൂടുന്നുണ്ട്. പറമ്പിൽ നിന്നും ലഭിക്കുന്ന നാടൻ ഭക്ഷ്യവിഭവങ്ങൾ അവരുടെ അടുക്കളയിൽ കയറിക്കൂടി മെനുവിന്റെ ഭാഗമായി. വളരെ സന്തോഷപൂർണമായ സമയം ലഭ്യമായതിന്റെ ത്രില്ലിലാണ് ആ യുവ എഴുത്തുകാരി. നല്ല ഗുണമേന്മയേറിയതും സ്വാദിഷ്ടവുമായ ഭക്ഷണം ഒരു മാസത്തോളമായി കഴിക്കുന്നതിലൂടെ അവളുടെ ശരീരത്തിന് നല്ല ഊർജ്ജവും ഉന്മേഷവും ഉണ്ടായി എന്നുകൂടി ആ കുട്ടി തന്റെ അനുഭവത്തിൽ പറയുന്നുണ്ട്. ചിലപ്പോഴൊക്കെ ഭക്ഷണം കഴിച്ചാൽ വയറുമാത്രമല്ല നിറയുന്നത് മനസ്സുകൂടിയാണ്. കൊറോണ സമ്മാനിച്ച ദാനം ഇത്തരം സന്ദർഭങ്ങളാണ്. ഓരോ കുട്ടിയുടെയും ശാരീരിക പരിമിതിയും മികവും കൃത്യമായി മനസിലാക്കിക്കൊണ്ടുള്ള ഭക്ഷണ വിതരണമാണ് നല്ലത്. തലസ്ഥാന ജില്ലയിലെ മറ്റൊരു പൊതുവിദ്യാലയത്തിലുണ്ടായ അനുഭവം ഏറെ ഗൗരവമേറിയതാണ്. കുട്ടികളിൽ ചിലർക്ക് ക്ഷീണം, തളർച്ച, ഉന്മേഷക്കുറവ്, പഠനകാര്യങ്ങളിലെ താത്പര്യക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ അധ്യാപകർ പ്രധാനാധ്യാപകന്റെ ശ്രദ്ധയിൽപ്പെടുത്തി. തൊട്ടടുത്ത കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വിവരം അറിയിച്ചു.

അവരുടെ പ്രാഥമിക പരിശോധനയിൽ കുട്ടികളിൽ പലർക്കും മതിയായ പോഷകഘടകങ്ങൾ അടങ്ങിയ ഭക്ഷണത്തിന്റെ കുറവ് ഉണ്ടെന്ന് ബോധ്യപ്പെട്ടു. കുട്ടികളുടെ രക്തത്തിന്റെ പരിശോധന പൂർത്തിയാക്കിയപ്പോൾ മിക്കവർക്കും രക്തത്തിലെ ഹീമോഗ്ലോബിന്റെ തോത് വളരെ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നാം ശ്വസിക്കുന്ന ഓക്സിജനെ ശരീരത്തിന്റെ എല്ലാ അവയവങ്ങളിലുമുള്ള കോശങ്ങളിലേക്കും എത്തിക്കുക എന്ന പരമപ്രധാന ധർമ്മമാണ് ഹീമോഗ്ലോബിനുള്ളത്. ഓക്സിജൻ ശരീരകോശങ്ങളിൽ എത്താതിരുന്നാൽ ഊർജ്ജോല്പാദനം മന്ദഗതിയിലാവുകയും ശരീരത്തിന് ക്ഷീണം, തളർച്ച തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും. ഇത് കുട്ടികളുടെ ബൗദ്ധികപരമായ വളർച്ചയെയും രോഗപ്രതിരോധ ശേഷിയെയും പ്രതികൂലമായി ബാധിക്കും.

തന്മൂലം പഠനപ്രവർത്തനങ്ങളിലും ഇതര മേഖലകളിലും ഊർജ്ജസ്വലതയോടെ പങ്കെടുക്കുവാൻ കഴിയാതെ വരുന്നു. ഭക്ഷണം പോഷകസമൃദ്ധവും അതോടൊപ്പം ആസ്വദിച്ച് കഴിക്കേണ്ടതുമാണ്. അമിതമായ ഭക്ഷണവും വ്യായാമക്കുറവും കാരണം ഇന്ന് നമ്മുടെ കുട്ടികളിൽ പൊണ്ണത്തടി, ശൈശവ പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, രക്തസമ്മർദ്ദം, ഉറക്കത്തകരാറുകൾ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, പെൺകുട്ടികളിൽ ആർത്തവ പ്രശ്നങ്ങൾ തുടങ്ങിയ ബുദ്ധിമുട്ടുകൾ കടന്നുവരുവാൻ കാരണമാകുന്നു. സ്ഥിരമായി വീടുകളിൽ ഫാസ്റ്റ്ഫുഡ് ഇനങ്ങൾ ഉപയോഗിക്കുന്ന രക്ഷിതാക്കൾ തങ്ങളുടെ മക്കളെ വലിയൊരപകടത്തിലേക്കാണ് തള്ളിവിടുന്നതെന്ന കാര്യം ഇടയ്ക്ക് ഓർക്കുന്നത് നല്ലതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.