March 26, 2023 Sunday

മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം പ്രചോദനമായി: പെരുന്നാൾ കോടിയുടെ പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി ബാലികമാർ

കെ എ സൈനുദ്ദീൻ
കോതമംഗലം
May 18, 2020 9:02 pm

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം പ്രചോദനമായി ഏഴും രണ്ടരയും ഒന്നരയും വയസുള്ള ബാലികമാർ പെരുന്നാൾ കോടിയുടെ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ക്യാനഡയിൽ നഴ്സായ നെല്ലിക്കുഴി നെല്ലിമറ്റം അജാസിന്റെ ഭാര്യ ജിൻസി പെരുന്നാൾ കോടി വാങ്ങാൻ മക്കളായ ഏഴു വയസുകാരി ഫിദയ്ക്കും രണ്ടര വയസുകാരി മിർസുവിനും ഭർത്താവിന്റെ സഹോദരൻ മിജാസിന്റെ മകൾ ഒന്നര വയസുകാരി അയിറക്കും പെരുന്നാൾ കോടി വാങ്ങാനായി അയച്ചുകൊടുത്ത പണമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ കൊവിഡ് സംബന്ധിച്ചും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തവരുടെ പേരുകൾ പറയുന്നതും ടെലിവിഷനിൽ ശ്രദ്ധയോടെ കേട്ടിരുന്ന സഹോദരിമാരിൽ  ഫിദയാണ് നമ്മളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന ആശയം ആദ്യം പറഞ്ഞത്. ഇത് കേട്ട് മറ്റു രണ്ടു കുരുന്നുകളും അതേറ്റു പാടി. ഈ സാഹചര്യത്തിലാണ്  റംസാൻ വ്രത നാളുകൾക്കു ശേഷം പെരുന്നാളിന് ഉടുപ്പ് വാങ്ങാൻ ക്യാനഡ യിൽ നിന്നും ജിൻസി പണമയച്ചത്.

കുട്ടികളുടെ ആഗ്രഹം നിറവേറ്റാൻ ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ വീട്ടുകാരും സമ്മതിച്ചു. വിവരമറിയച്ചതിനുസരിച്ച് ആന്റണി ജോൺ എം എൽ എ  ഇവരുടെ വീട്ടിലെത്തി പതിനായിരം രൂപ ദുരിതാശ്വാസ നിധിയിലേക്കായി ഏറ്റുവാങ്ങി.

നെടുംബാശേരി എയർപോർട്ടിൽ സ്പൈസ് ജെറ്റ് എയർവേയ്സ് നഴ്സിംഗ് സ്റ്റാഫായ അജാസും മക്കളും ക്യാനഡയിലേക്ക് പോകാനിരിക്കെയാണ് കൊവിഡ് വ്യാപനവും പ്രതിസന്ധിയും ഉണ്ടായത്.9 മാസം മുൻപാണ് ജിൻസി ക്യാനഡയിലേക്ക് പോയത്.പാസ്പോർട്ടും മറ്റു രേഖകളും തയ്യാറാക്കി ഭർത്താവും മക്കളും തന്റെജോലി സ്ഥലത്ത് ഉടൻ എത്തുമെന്ന പ്രതീക്ഷയിലിരുന്ന ജിൻസി കൊവിഡ് പ്രതിസന്ധി ഉടൻ തീരണേയെന്ന പ്രാർത്ഥനയിലാണ്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.