Sunday
08 Dec 2019

കാടുകയറി പൊളിഞ്ഞുവീണ ഒരു പാര്‍ക്കില്‍ ചെന്നിരുന്നാലുള്ള അനുഭവം മാത്രമാണ് ചില്‍ഡ്രന്‍സ് പാര്‍ക്ക്

By: Web Desk | Tuesday 11 June 2019 1:57 PM IST


കെ കെ ജയേഷ്

രചനാപരമായോ ആവിഷ്‌ക്കാരപരമായ വലിയ അദ്ഭുതങ്ങളൊന്നുമില്ലെങ്കിലും കേവല രസിപ്പിക്കല്‍ സാധ്യമാക്കുന്നതാണ് ഷാഫിയുടെ ചിത്രങ്ങള്‍. ചെറു നര്‍മ്മങ്ങളിലൂടെ കഥ പറയുന്ന ഷാഫി ചിത്രങ്ങളെ കയ്യടികളോടെയാണ് പ്രേക്ഷകരും സ്വീകരിക്കാറുള്ളത്. കല്യാണരാമന്‍, പുലിവാല്‍ കല്ല്യാണം, മേരിക്കുണ്ടൊരു കുഞ്ഞാട്, മായാവി, ടു കണ്‍ട്രീസ് തുടങ്ങിയ ചിത്രങ്ങളെല്ലാം തമാശകളുടെ പിന്‍ബലത്തില്‍ ഹിറ്റായവയാണ്. സമാനമായ രീതിയില്‍ ചെറിയൊരു കഥയെ നിറഞ്ഞ നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കാനാണ് ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്ന ചിത്രത്തിലും ഷാഫി ശ്രമിക്കുന്നത്. എന്നാല്‍ ദുര്‍ബലമായ തിരക്കഥയും ഏല്‍ക്കാതെ പോവുന്ന തമാശകളും ചിത്രത്തിന്റെ നട്ടെല്ലൊടിക്കുന്നു. തമാശകളുടെ ധാരാളിത്തത്തില്‍ കഥയുടെ ദുര്‍ബലതയെയും ലോജിക്കില്ലായ്മയെയും മറികടക്കുന്ന പതിവ് ഷാഫി തന്ത്രം പക്ഷെ തമാശ ഏല്‍ക്കാതെ പോവുന്നതുകൊണ്ട് തന്നെ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ വിജയം കാണുന്നില്ല.

പേര് ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നാണെങ്കിലും കുറേ കുട്ടികള്‍ ചിത്രത്തിലുണ്ടെങ്കിലും കുട്ടിത്തത്തിന്റെ പ്രസരിപ്പോ നിരവധി കോമഡി താരങ്ങളുണ്ടായിട്ടും ചിരിയുണര്‍ത്തുന്ന രംഗങ്ങളോ ചിത്രത്തിലില്ല. കാടുകയറി പൊളിഞ്ഞുവീണ ഒരു പാര്‍ക്കില്‍ ചെന്നിരുന്നാലുള്ള അനുഭവം മാത്രമാണ് കൊട്ടിഘോഷിച്ച് പുറത്തിറക്കിയ ഈ സിനിമ പകരുന്നുള്ളു. തീര്‍ച്ചയായും പ്രേക്ഷകരെ എല്ലാ രംഗത്തും പൊട്ടിച്ചിരിപ്പിക്കാന്‍ തന്നെയാണ് തിരക്കഥയെഴുതിയ റാഫി ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ പരമാവധി രംഗങ്ങളെയും തമാശയില്‍ മുക്കിയെടുക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ സ്ഥാനത്തും അസ്ഥാനത്തുമെല്ലാം കടന്നുവരുന്ന തമാശകള്‍ പലപ്പോഴും അരോചകമാവുകയാണ്. വല്ലപ്പോഴും ഉയര്‍ത്തുന്ന ചിരിയില്‍ ഒതുങ്ങുന്ന ഈ ഷാഫിയുടെ തമാശ ചിത്രത്തിന്റെ ഗുണമേന്മ. ദുര്‍ബലമായ ഒരു കഥാപരിസരമാണ് ചില്‍ഡ്രന്‍സ് പാര്‍ക്കിനായി ഷാഫിയും റാഫിയും തെരഞ്ഞെടുത്തത്. എത്രയോ വട്ടം കണ്ട കഥയും കഥാസന്ദര്‍ഭങ്ങളും. ഒന്നിലും ഒരു മാറ്റവുമില്ല. പതിവ് കഥയാണെങ്കിലും രസകരമായ രംഗങ്ങളിലൂടെ അതിനെ മറികടക്കാന്‍ ഷാഫിയ്ക്ക് സാധിക്കാറുണ്ടായിരുന്നു. പക്ഷെ നിലവാരമില്ലാത്ത തമാശകളില്‍ കുടങ്ങി അതും സാധിക്കാതെ പോവുന്നു.

ഏതൊക്കെയോ സിനിമകളില്‍ കണ്ടപോലെ മൂന്നു കഥാപാത്രങ്ങള്‍. മൂന്നു പേരും നല്ല തരികിട ടീംസ്. ഇവരുടെ തരികിടകളും.. അവരുടെ പ്രേമവും.. അതിനിടയിലുണ്ടാവുന്ന തിരിച്ചറിവുകളും മനംമാറ്റവും എല്ലാം പതിവുപോലെ ഈ പാര്‍ക്കിലും ആവര്‍ത്തിക്കുന്നു. പതിവ് കാഴ്ചയായി കുറേവില്ലന്‍മാരുടെ വരവും അവരെ നേരിടലും.. അതോടെ കാര്യങ്ങള്‍ ശുഭം. ഋഷി (ധ്രുവന്‍) ആണ് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം. തീര്‍ത്തും അലസനും തൊഴില്‍ രഹിതനുമാണ് ഇയാള്‍. എങ്ങിനെയെങ്കിലും കുറേ പണമുണ്ടാക്കി രക്ഷപ്പെടണം എന്നത് മാത്രമാണ് ആഗ്രഹം. പതിവുപോലെ ഉഡായിപ്പ് സുഹൃത്ത് ജെറി (വിഷ്ണു ഉണ്ണിക്കൃഷ്ണന്‍) തരികിട നമ്പറുകളുമായെത്തുന്നു. സ്വന്തം അച്ഛന്റെ സ്വത്തില്‍ വിഹിതം ചോദിച്ച് കേസ് കൊടുക്കാനാണ് ഇയാളുടെ ഉപദേശം. ഇത് കേട്ട് കേസുകൊടുക്കുന്ന ഋഷി വീടിന് പുറത്താവുന്നു. ഒടുവില്‍ അച്ഛന്‍ മരിച്ചതറിഞ്ഞ് എത്തുമ്പോള്‍ സ്വത്തെല്ലാം സഹോദരങ്ങളുടെ പേരില്‍ എഴുതിവെച്ചിരിക്കുകയാണെന്ന ദുഖസത്യത്തിന്റെ മുമ്പില്‍ പതറിപ്പോകുന്നു. ബാക്കിയുള്ള ആറു കോടി രൂപയാവട്ടെ ഏതോ അനാഥാലയത്തിന്റെ പേരിലാണ് എഴുതിവെച്ചിരിക്കുന്നത്.
ചില്‍ഡ്രന്‍സ് പാര്‍ക്കെന്ന അനാഥാലയം കണ്ടെത്തി അച്ഛനെഴുതി വെച്ച പണം തിരികെ വാങ്ങാനുളള ഋഷിയുടെയും ജെറിയടെയും യാത്രയാണ് പിന്നീട്. ഈ ദൗത്യത്തില്‍ ഇവരെ സഹായിക്കാനായി ലെനിന്‍ അടിമാലി (ഷറഫുദ്ദീന്‍) എന്ന മറ്റൊരു ഫ്രോഡുമെത്തുന്നു. അനാഥാലയത്തിന്റെ മുഖ്യനടത്തിപ്പുകാരനായ ഗംഗാധരന്‍ മാഷ് (ജോയ് മാത്യു) ഗുരുതരാവസ്ഥയില്‍ കിടക്കുകയാണ് എന്നവര്‍ അറിയുന്നു. അനാഥാലയത്തില്‍ കുട്ടികളൊന്നുമില്ല. അത് തകര്‍ന്നു കിടക്കുകയാണ്. ഇത് ഏറ്റെടുത്ത് നടത്തി പതിയെ പണം സ്വന്തമാക്കാമെന്ന ചിന്തയില്‍ നിന്ന് മൂവര്‍ സംഘം ആ പുതിയ ദൗത്യം ഏറ്റെടുക്കുന്നു.

തെരുവില്‍ നിന്ന് രക്ഷപ്പെടുത്തുന്ന കുറേ കുട്ടികളെ അനാഥാലയത്തിലെത്തിച്ച് അതിന്റെ പ്രവര്‍ത്തനങ്ങളുമായി അവര്‍ മുന്നോട്ട് പോകുന്നു. ഇതിനിടെ ഇവര്‍ക്ക് പ്രണയിക്കാനായി മൂന്ന് പെണ്‍കുട്ടികളും കൂടുതല്‍ ചിരിയൊരുക്കാന്‍ ഹരീഷ് കണാരനും രംഗത്തെത്തുന്നു. ഇതൊന്നും പോരാതെ സമീപത്തെ ചായക്കടക്കാരെ കാണിച്ച് പിന്നെയും ചിരിപ്പിക്കാന്‍ നോക്കുന്നുണ്ടെങ്കിലും ഭീകരം എന്നേ അതിനെക്കുറിച്ചെല്ലാം പറയാനുള്ളു.
തെരുവില്‍ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികളെ തേടി എത്തുന്ന ക്രിമിനല്‍ സംഘവും അവരോടുള്ള ഏറ്റുമുട്ടലും എല്ലാം ചേര്‍ന്ന് അവസാനം സംഭവബഹുലമാക്കുന്നുണ്ടെങ്കിലും എല്ലാം വെറും തട്ടിക്കൂട്ട് മാത്രമായിപോവുകയാണ്. വിഷ്ണു ഉണ്ണിക്കൃഷ്ണനും ഷറഫുദ്ദീനും തങ്ങളുടേതായ ശൈലിയില്‍ പിടിച്ചു നില്‍ക്കുന്നുണ്ട്. എന്നാല്‍ ധ്രുവന്‍ ഋഷി എന്ന കഥാപാത്രമായി പൂര്‍ണ്ണ പരാജയമാണ്. നായികമാര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ ചിത്രത്തിലില്ല. എന്തെങ്കിലും പടച്ചുവിട്ട് പടം വിജയിപ്പിക്കാമെന്ന അഹന്തയ്‌ക്കേറ്റ തിരിച്ചടിയാണ് തിയേറ്ററിലെ ആളില്ലാത്ത കസേരകള്‍.