കുട്ടികളുടെ സ്വന്തം യുനിസെഫ്

Web Desk
Posted on December 17, 2018, 3:43 pm

ഡോ. ലൈലാ വിക്രമരാജ്

ണ്ടാം ലോക മഹായുദ്ധത്തിനുശേഷം യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ കുഞ്ഞുങ്ങള്‍ തികച്ചും അനാഥരായിത്തീര്‍ന്നു. രണ്ടു കോടിയോളം അനാഥ ബാല്യങ്ങള്‍ തെരുവില്‍ തെണ്ടിനടക്കേണ്ട അവസ്ഥയാണുണ്ടായത്. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഹെര്‍ബര്‍ട്ട് ഹൂവര്‍ക്ക് ഈ കാഴ്ച സഹിക്കാവന്നതിനുമപ്പുറമായിരുന്നു. അദ്ദേഹം അവിസ്മരണീയമായൊരു പ്രഖ്യാപനം നടത്തുകയുണ്ടായി. ”യൂറോപ്പിനൊരു ഭാവിയുണ്ടെങ്കില്‍ ഈ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യും” എന്ന്.

യൂനിസെഫ് രൂപീകൃതമാകുന്നു

അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടണ്‍, സോവിയറ്റ് യൂണിയന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (യുഎന്‍ആര്‍ആര്‍) എന്നൊരു സംഘടനയ്ക്ക് രൂപം നല്‍കി. എന്നാല്‍ അമേരിക്കക്ക് സോവിയറ്റ് യൂണിയനുമായുണ്ടായിരുന്ന ശത്രുതമൂലം 1946 ല്‍ അമേരിക്ക ഈ സംഘടനക്കുള്ള ധനസഹായം പിന്‍വലിച്ചു. സംഘടനയുടെ ആദ്യത്തെ ചെയര്‍മാനായിരുന്ന പോളണ്ടുകാരനായ ഡോ. ലൂഡ്‌വിക് റാച്ച്മാന് വല്ലാത്ത ആശങ്ക ഉളവാക്കിയ സംഭവമായിരുന്നത്. കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി ഒരു സംഘടന അനിവാര്യമാണെന്ന് അദ്ദേഹം ഐക്യരാഷ്ട്രസഭയില്‍ ആവശ്യപ്പെട്ടു. അങ്ങനെ ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് എമര്‍ജന്‍സി ഫണ്ട് (ഐസിഇഎഫ്) രൂപീകൃതമായി. ഇതായിരുന്നു സംഘടനയുടെ ആദ്യപേര്. 1946 ഡിസംബര്‍ 11ന് ഐക്യരാഷ്ട്രസഭയുടെ കീഴില്‍ യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട് അഥവാ യൂനിസെഫ് നിലവില്‍ വന്നു. ചുരുക്കത്തില്‍ അന്താരാഷ്ട്ര തലത്തില്‍ കുട്ടികളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് യൂനിസെഫ് എന്നു പറയാം. ന്യൂയോര്‍ക്ക് സിറ്റിയാണിതിന്റെ ആസ്ഥാനം.

പ്രാധാന്യം

തുടക്കത്തില്‍ യൂറോപ്പിലെയും ചൈനയിലെയും അനാഥ ബാല്യങ്ങളുടെ സംരക്ഷണമായിരുന്നു സംഘടന ലക്ഷ്യമിട്ടത്. പിന്നീട് മറ്റു രാജ്യങ്ങളിലേക്കും സംഘടനയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണുണ്ടായത്. ഇപ്പോള്‍ നൂറിലധികം രാജ്യങ്ങളില്‍ യൂനിസെഫിന് ഓഫീസുകളുണ്ട്. കോപ്പന്‍ഹേഗന്‍ കേന്ദ്രമാക്കിയാണ് ഭക്ഷ്യവസ്തുക്കളുടെയും മറ്റും വിതരണ വിഭാഗം പ്രവര്‍ത്തിക്കുന്നത്. വാക്‌സിനുകള്‍, മരുന്നുകള്‍ തുടങ്ങിയ അത്യാവശ്യ വസ്തുക്കള്‍ ഇവിടെ നിന്നും വിതരണം ചെയ്തുവരുന്നു.
ഇതിനൊക്കെയുള്ള വരുമാനം എവിടെനിന്നുമാണെന്ന് കൊച്ചു കൂട്ടുകാര്‍ക്ക് സംശയം തോന്നാം. വിവിധ സംഘടനകള്‍, വ്യക്തികള്‍, കോര്‍പറേററ്റുകള്‍ തുടങ്ങിയ നിരവധി സ്രോതസുകളിലൂടെ യൂനിസെഫിനാവശ്യമായ തുക സമാഹരിക്കപ്പെടുന്നു.

അംബാസിഡര്‍മാര്‍

യൂനിസെഫിന്റെ ഗുഡ്‌വില്‍ അംബാസിഡര്‍മാരായ പ്രിയങ്കാ ചോപ്ര, ഡേവിഡ് ബക്ക്ഹാം, ഷാക്രിയാ ജാക്കിചാന്‍ എന്നിവരോടൊപ്പം ഇന്ത്യാക്കാരിയായ ലില്ലി സിങും ഇടം നേടിയിട്ടുണ്ട്. ഇന്‍ഡോ കനേഡിയന്‍ യൂട്യൂബ് സ്റ്റാറായ ലില്ലിസിങ്ങിന് ലോകമെമ്പാടും ആരാധകവൃന്ദമുണ്ട്.
തുല്യനീതിക്കായും നിലകൊള്ളുന്നു
കുട്ടികളെ മാത്രമല്ല യൂനിസെഫ് ലക്ഷ്യമിടുന്നത്. അവരുടെ അമ്മമാരെ സംരക്ഷിക്കുന്നതിലും മുന്‍കൈയെടുക്കുന്നു. അനേകം ക്രൂരതകള്‍ക്ക് വിധയരാകേണ്ടിവരുന്ന പെണ്‍കുട്ടികളും സ്ത്രീകളും ലോകത്തെമ്പാടുമുണ്ട്. ചെറിയ പ്രായത്തില്‍ വിവാഹിതരായും അല്ലാതെയും അമ്മമാരാകുന്നവര്‍, പ്രസവത്തോടെ മരിക്കുന്നവര്‍… തുടങ്ങിയവരെയും യൂനിസെഫ് സംരക്ഷിച്ചുവരുന്നു. ചുരുക്കത്തില്‍ ആണ്‍പെണ്‍ തുല്യ നീതിക്കായും യൂനിസെഫ് നിലകൊള്ളുന്നു.

മീന പ്രോജക്ട്

തെക്കനേഷ്യയിലെ പെണ്‍കുട്ടികളുടെ അവകാശസംരക്ഷണത്തിന് യൂനിസെഫ് സംഘടിപ്പിച്ച പ്രചരണ പരിപാടിയുടെ കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ പേരാണ് മീന. ആ പരിപാടിയുടെ പേരാണ് മീന പ്രോജക്ട്. കുട്ടികളുടെ പോഷകാഹാരത്തില്‍ യൂനിസെഫ് ബദ്ധശ്രദ്ധമാണ്. യുദ്ധം, പകര്‍ച്ചവ്യാധികള്‍ മുതലായവയിലൂടെ ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്ക് പോഷകാഹാരമെത്തിക്കുന്നത് യൂനിസെഫിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.

ഇന്ത്യയിലെ പ്രവര്‍ത്തനം

യാതൊരു ലാഭേച്ഛയും കൂടാതെ കുട്ടികള്‍ക്ക് വേണ്ടി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണ് ചൈല്‍ഡ് റൈറ്റ്‌സ് ആന്‍ഡ് യു (സിആര്‍വൈഡി) കുട്ടികളുടെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുകയാണീ സംഘടനകൊണ്ട് ലക്ഷ്യമാക്കുന്നത്. ഒരു പ്രത്യേക സ്ഥലം തെരഞ്ഞെടുത്തോ, പ്രാദേശികമായോ ആണീ സംഘടന പ്രവര്‍ത്തിക്കുന്നത്. കുട്ടികളുമായി നേരിട്ട് ബന്ധം സ്ഥാപിക്കുകയും അവര്‍ക്ക് ആരോഗ്യം, സന്തോഷം, സമാധാനം, സര്‍ഗാത്മകവും ആരോഗ്യകരവുമായൊരു ബാല്യം എന്നിവ ഉറപ്പാക്കുകയും ചെയ്യുന്നു. 1979 ല്‍ റിപ്പണ്‍ കപൂര്‍ ആണ് ഈ സംഘടനയ്ക്ക് രൂപം നല്‍കിയത്. ന്യൂഡല്‍ഹിയിലെ 73 ലോദി എസ്‌റ്റേറ്റാണ് ഇന്ത്യയിലെ ആ സ്ഥാനം.

മജിഷ്യന്‍ മുതുകാടും യൂനിസെഫും

കേരളത്തിലെ കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും അവരെ ഉന്നതിയിലേക്ക് നയിക്കുന്നതിനും യൂനിസെഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ വിഖ്യാത മജിഷ്യനായ ഗോപിനാഥ് മുതുകാടിന് ‘സെലിബ്രിറ്റി യൂനിസെഫ് സപ്പോര്‍ട്ടര്‍’ സ്ഥാനം നല്‍കി ആദരിക്കുകയുണ്ടായി. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള യൂനിസെഫിന്റെ വളരെ പ്രധാനപ്പെട്ടതും നിരീക്ഷണാത്മകവുമായ സന്ദേശങ്ങള്‍ അമ്മമാരിലും ചെറുപ്പക്കാരിലും കുട്ടികളെ പരിപാലിക്കുന്നവര്‍ക്കിടയിലും വളരെ തന്മയത്വത്തോടെ എത്തിക്കുന്നതിനുള്ള മുതുകാടിന്റെ പ്രത്യേക കഴിവും വിശ്വാസ്യതയും കണക്കിലെടുത്താണ് ഇങ്ങനെയൊരു പദവി അദ്ദേഹത്തിന് നല്‍കിയത്. ഈ സ്ഥാനം ലഭിച്ച ഒരേയൊരു മലയാളിയാണ് ഗോപിനാഥ് മുതുകാട്.