സ്ത്രീകൾക്കെതിരെയുള്ള അതിക്രമം: വേദികളിൽ കയ്യടി നേടി ചിലിയുടെ ഈ പ്രതിഷേധ മാർഗം

Web Desk
Posted on December 06, 2019, 7:16 pm

സാന്റിയാഗോ: ബലാത്സംഗ സംസ്കാരത്തിനെതിരെയുള്ള പ്രതിഷേധ ഗാനത്തിന് ആഗോളതലത്തിൽ വൻ സ്വീകാര്യത. അൺ വയോലഡർ എൻ തു കാമിനോ ‑എ റേപ്പിസ്റ്റ് ഇൻ യുവർ പാത്ത് എന്ന ഗാനം കഴിഞ്ഞ മാസം അവസാനമാണ് അവതരിപ്പിക്കപ്പെട്ടത്. സമൂഹ്യ അസമത്വങ്ങൾക്കെതിരെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തിന്റെ രണ്ടാം മാസത്തിലാണ് ഇത്തരമൊരു പ്രതിഷേധം അരങ്ങേറിയത്. പാട്ടിന്റെ ദൃശ്യങ്ങളും ഇതിനൊപ്പമുള്ള നൃ‍ത്തവും വളരെ പെട്ടെന്ന് വൈറലായി. ലാറ്റിനമേരിക്കയിലും മറ്റ് ലോക രാഷ്ട്രങ്ങളിലും ഇത് പെട്ടെന്ന് വ്യാപിച്ചു. മെക്സിക്കോ, കൊളംബിയ, ഫ്രാൻസ്, സ്പെയിൻ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ ഈ ഗാനവും നൃത്തവും അവതരിപ്പിക്കപ്പെടുകയുമുണ്ടായി.

you may also like this video

നമ്മുടെ ഇന്ത്യ മഹാരാജ്യത്തും സ്രീകൾക്കെതിരെയുള്ള അക്രമങ്ങൾ ദിനം പ്രതി വാർത്തയാകുമ്പോൾ ചിലിയുടെ ഈ ബലാത്സംഘ സംസ്കാരത്തിനെതിരെയുള്ള ഗാനം ഏറെ പ്രസക്തമാവുകയാണ്. വൽപരൈസോ നഗരത്തിലെ ലാറ്റെസിസ് എന്ന ഒരു സ്ത്രീപക്ഷ സംഘടനയാണ് ഈ ഗാനം രചിച്ചത്. ഇതോടെയാണ് രാജ്യത്തെ വനിതാ പ്രക്ഷോഭം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. അർജന്റീനിയൻ ചിന്തകയായ റീത്ത സെഗാറ്റോയുടെ ഒരു രചനയെ അധികരിച്ചാണ് ഈ ഗാനം എഴുതിയിരിക്കുന്നത്. ലൈംഗിക അതിക്രമങ്ങൾ ഒരു ധാർമിക പ്രശ്നത്തിനുമപ്പുറം രാഷ്ട്രീയ പ്രശ്നമാണെന്നാണ് റീത്തയുടെ വാദം. സ്ത്രീകളുടെ അവകാശ ലംഘനങ്ങളെ പൊലീസും നീതിപീഠങ്ങളും അധികാര കേന്ദ്രങ്ങളും എങ്ങനെയാണ് ഉയർത്തിക്കാട്ടുന്നതെന്നും വരികൾ വിശദീകരിക്കുന്നു. ബലാത്സംഗക്കാർ നിങ്ങളാണ്, പൊലീസ്, ന്യായാധിപൻമാർ, സർക്കാർ, പ്രസിഡന്റ് ‑ഗാനം വിരൽ ചൂണ്ടുന്നു.

ബലാത്സംഗത്തിന് കാരണം സ്ത്രീകളാണെന്ന വിധത്തിൽ കുറ്റപ്പെടുത്തുന്ന മറ്റൊരു വിഭാഗവും നമ്മുടെ സമൂഹത്തിലുണ്ട്. എന്നാൽ ഇതെന്റെ തെറ്റല്ല, ഞാൻ എവിടെ ആയിരുന്നെന്നതോ എന്താണ് ധരിച്ചിരുന്നു എന്നതോ അല്ല പ്രശ്നം, നിങ്ങളാണ് ബലാത്സംഗക്കാർ എന്ന് പറഞ്ഞാണ് ഗാനം അവസാനിക്കുന്നത്. നിത്യവും 42 ബലാത്സംഗങ്ങളാണ് ചിലിയിൽ ഉണ്ടാകുന്നതെന്ന് ചിലിയൻ നെറ്റ് വർക്ക് എഗനെസ്റ്റ് വയലൻസ് എഗനെസ്റ്റ് വിമെൻ എന്ന സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു. അതായത് ഓരോമണിക്കൂറിലും രണ്ട് പേർ ബലാത്സംഗം ചെയ്യപ്പെടുന്നു. 2018ൽ 25.7ശതമാനം കേസുകളിൽ മാത്രമാണ് നിയമനടപടിയുണ്ടായതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ചിലിയിലെ നീതിന്യായ സംവിധാനത്തിലെ പോരായ്മകളാണ് ഇവിടെ ബലാല്‍സംഗങ്ങൾ വർധിക്കാൻ കാരണമെന്ന് അബോഫെം എന്ന സ്ത്രീസംഘടനയുടെ വക്താവ് ബാർബറ സെപുൽവെദ ഹാലെസ് പറയുന്നു. പലപ്പോഴും വിചാരണയ്ക്കിടയിൽ അക്രമണത്തിന് വിധേയയാകുന്ന സ്ത്രീയുടെ ജീവിതവും ലൈംഗിക സ്വഭാവങ്ങളും പരാമർശിക്കപ്പെടുന്നു. അതാണ് ആക്രമണത്തിന് കാരണമാകുകയും ചെയ്യുന്നത് എന്ന നീതികരണവുമായി നീതിന്യായ സംവിധാനം കേസ് അവസാനിപ്പിക്കുകയുമാണ് പതിവ്.

ഈ ഗാനം രാജ്യത്ത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് തന്നെ എഴുതപ്പെട്ടതാണ്. ബലാത്സംഗവും പീഡനങ്ങളും വെടിവയ്പും മൂലം സുരക്ഷാസേന അനുഭവിക്കുന്ന പ്രതിസന്ധിയും ഗാനത്തിന്റെ നൃത്തം വ്യക്തമാക്കുന്നുണ്ട്. ചിലിയിലെ സമകാലിക നിമിഷങ്ങളെയാണ് ഇതിൽ പകർത്തിയിരിക്കുന്നത്. അടുത്തിടെ സ്ത്രീകൾക്കെതിരെ രാജ്യത്തുണ്ടാകുന്ന അക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ഇതിൽ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്.

സാന്റിയാഗോയിലെ നാഷണൽ സ്റ്റേഡിയത്തിന് പുറത്ത് വച്ചാണ് ഇതിന്റെ ചിത്രീകരണം നടത്തിയത്. ഇവിടെ വച്ചാണ് 1973ലെ സൈനിക അട്ടിമറിയിൽ നിരവധി പേർ പീഡനത്തിനിരയായത്. ഇതിലേറെയും സ്ത്രീകളായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഈ അട്ടിമറിയിലൂടെയാണ് അഗസ്റ്റോ പിനോഷെ അധികാരത്തിലെത്തിയത്. ഇവിടെ നിരവധി സ്ത്രീകൾ ലൈംഗിക ചൂഷണത്തിനും ഇരയായി. ഇത് തങ്ങളെയെല്ലാം പ്രതിനിധീകരിക്കുന്നുവെന്നാണ് ഗാനം ആദ്യമായി കണ്ട ശേഷം 71കാരിയായ വിക്ടോറിയ ഗള്ളാർഡോ പ്രതികരിച്ചത്.