മുളക് സ്പ്രേ ആക്രമണം: ദേശീയ വനിതാ കമ്മിഷൻ റിപ്പോർട്ട് തേടി

Web Desk
Posted on November 27, 2019, 9:14 pm

കൊച്ചി: ശബരിമല കയറാൻ തൃപ്തി ദേശായിക്കൊപ്പം പുറപ്പെടാനൊരുങ്ങിയ ബിന്ദു അമ്മിണിക്കു നേരെ ആക്രമണമുണ്ടായ സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണു കേസ്. സംഭവത്തിൽ വിശദമായ റിപ്പോർട്ടും സ്വീകരിച്ച നടപടികളും അറിയിക്കാൻ ഡിജിപിക്കു കമ്മിഷൻ നിർദേശം നൽകി.
എറണാകുളത്തെ കമ്മിഷണർ ഓഫീസിനു മുന്നിൽവച്ചാണു ബിന്ദു അമ്മിണിക്കു നേരെ ആക്രമണമുണ്ടായത്. കമ്മിഷണർ ഓഫീസിൽനിന്ന് ഇടയ്ക്കു പുറത്തേക്കിറങ്ങിയ ബിന്ദു അമ്മിണിയുടെനേരേ പ്രതിഷേധക്കാരിൽ ഒരാൾ മുളകു സ്പ്രേ പ്രയോഗിച്ചു. ബിന്ദുവിനെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. ബിന്ദുവിനെ പിന്നീട് പിങ്ക് പൊലീസ് എത്തി എറണാകുളം ജനറൽ ആശുപത്രിയിലേക്കു മാറ്റി.
ആശുപത്രിയിൽനിന്നു ബിന്ദുവിനെ തിരികെ കമ്മിഷണർ ഓഫീസിൽ എത്തിച്ചപ്പോഴും കൈയേറ്റമുണ്ടായി. ബിന്ദുവിനുനേരേ മുളകു സ്പ്രേ പ്രയോഗിച്ച ഹിന്ദു ഹെൽപ്പ് ലൈൻ നേതാവ് ശ്രീനാഥിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ഇതിനിടെ പ്രതിഷേധവുമായി കൂടുതൽ പ്രവർത്തകരെത്തി. തൃപ്തിക്കും സംഘത്തിനും ശബരിമലയിൽ പോകാൻ സംരക്ഷണം നൽകില്ലെന്നു പൊലീസ് ഉറപ്പു പറഞ്ഞശേഷമാണ് മണിക്കൂറുകൾ നീണ്ട പ്രതിഷേധം അവസാനിപ്പിച്ചു പ്രവർത്തകർ മടങ്ങിയത്. സ്വതന്ത്രമായി സഞ്ചരിക്കാൻ സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.