ബെയ്ജിങ്: ബഹിരാകാശ സേന രൂപീകരിക്കാനുള്ള അമേരിക്കയുടെ നീക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് ചൈന. ബഹിരാകാശത്തെ സമാധാനത്തിനും സുരക്ഷിതത്വത്തിനും ഇതൊരു ഭീഷണി ആയിരിക്കുമെന്നാണ് ചൈന ചൂണ്ടിക്കാട്ടുന്നത്.
അമേരിക്ക ബഹിരാകാശത്തേക്കും ആയുധവത്ക്കരിക്കാൻ ശ്രമിക്കുകയാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഗെങ് ഷുവാങ് ആരോപിച്ചു. ഇതിലൂടെ അവർ പുത്തൻ യുദ്ധമുഖം തുറക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സമാധാനപരമായി ബഹിരാകാശം ഉപയോഗിക്കുക എന്ന രാജ്യാന്തര ധാരണകൾക്ക് കടകവിരുദ്ധമാണ് ഇത്തരം നീക്കങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള നയതന്ത്ര സന്തുലിതത്വത്തെയും സ്ഥിരതയെയും ഇതിലൂടെ കാറ്റിൽപറത്തുകയാണ് അമേരിക്ക ചെയ്യുന്നത്.
അമേരിക്കയുടെ 2020ലെ പ്രതിരോധ ബജറ്റിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചതിന് തൊട്ടുപിന്നാലെയാണ് ചൈനയുടെ ഈ പ്രതികരണം. ഈ ബജറ്റിൽ ബഹിരാകാശ സേനയ്ക്കം വൻ തുക വകയിരുത്തിയിട്ടുണ്ട്. അമേരിക്കൻ സൈന്യത്തിന്റെ ആറാമത്തെ വിഭാഗമായാകും ബഹിരാകാശ സേന എത്തുക. 1947ൽ അമേരിക്കൻ വ്യോമസേന രൂപീകരിച്ച ശേഷം ആദ്യമായാണ് ഒരു വിഭാഗം കൂടി ഇപ്പോൾ അമേരിക്കൻ സൈന്യത്തിൽ ഉടലെടുക്കുന്നത്. വ്യോമസേനാ ബഹിരാകാശ ദൗത്യത്തിലെ 16,000 പേരെ ബഹിരാകാശ സേനയിലേക്ക് നിയോഗിക്കുമെന്നാണ് റിപ്പോർട്ട്. ഇവർ എക്കാലവും ഇതിന്റെ ഭാഗമായിരിക്കില്ലെന്നും താത്ക്കാലികമായ ഒരു സംവിധാനമാണ് ഇതെന്നും അധികൃതർ വിശദീകരിക്കുന്നു. വ്യോമസേനയുടെ ഭാഗമായാകും ബഹിരാകാശ സേനയെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.