അതിർത്തിയിലെ സൈനികത്താവളങ്ങൾ ഇരട്ടിയിലധികമാക്കി ചൈന

Web Desk

ന്യൂഡൽഹി

Posted on September 22, 2020, 10:41 pm

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇന്ത്യൻ അതിർത്തിയിൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇരട്ടിയിലധികമാക്കി ചൈന. വ്യോമത്താവളങ്ങളും വ്യോമപ്രതിരോധ യൂണിറ്റുകളുമടക്കം അ­തിർത്തിയിൽ 13 ഓളം പുതിയ സൈനിക കേന്ദ്രങ്ങളാണ് ചൈന നിർമ്മിച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ട്. 2017ലെ ഡോക്‍ലാം പ്രതിസന്ധിയ്ക്ക് ശേഷമാണ് ചൈന സൈനികസൗകര്യങ്ങൾ വർധിപ്പിച്ചുതുടങ്ങിയത്. ലഡാക്കിലെ സംഘര്‍ഷത്തിന് ശേഷം മാത്രം നാല് ഹെലിപോര്‍ട്ടുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും സുരക്ഷ‑രഹസ്യാന്വേഷണ കണ്‍സള്‍ട്ടന്‍സിയായ സ്ട്രാറ്റ്‌ഫോറിന്റെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്ന സൈനിക സൗകര്യങ്ങളുടെ ഉപഗ്രഹ ചിത്ര വിശകലനത്തിലൂടെയാണ് ചൈനയുടെ സൈനിക‑അടിസ്ഥാന സൗകര്യ വികസനം സംബന്ധിച്ച് റിപ്പോർട്ട് വിശദീകരിക്കുന്നത്.

മൂന്ന് വ്യോമത്താവളങ്ങൾ, അഞ്ച് സ്ഥിരം വ്യോമപ്രതിരോധ യൂണിറ്റുകള്‍, അഞ്ച് ഹെലിപോര്‍ട്ടുകള്‍ എന്നിവയാണ് ചൈന മൂന്ന് വര്‍ഷത്തിനുള്ളില്‍ പുതുതായി നിര്‍മ്മിച്ചിട്ടുള്ളതെന്ന് സൈനിക അനലിസ്റ്റും സ്ട്രാറ്റ്‌ഫോര്‍ റിപ്പോര്‍ട്ടിന്റെ ലേഖകനുമായ സിം ടാക്ക് പറയുന്നു. ലഡാക്ക് പ്രശ്നത്തിന് മുൻപ് തന്നെ ഇന്ത്യയുമായുള്ള അതിർത്തിയിൽ ചൈന സൈനിക സൗകര്യങ്ങൾ ശക്തമാക്കിയെന്നത് വിരൽചൂണ്ടുന്നത് അതിർത്തി പ്രദേശങ്ങളിൽ നിയന്ത്രണം ഉറപ്പിക്കാനുള്ള ചൈനയുടെ വലിയ ശ്രമങ്ങളിലേക്കാണ്.

ഇത് ദീർഘകാലാടിസ്ഥാനത്തിലുള്ള ചൈനീസ് നീക്കങ്ങളുടെ ഭാഗമാണെന്നും റിപ്പോർട്ട് പറയുന്നു. താവളങ്ങളുടെ നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് അതിർത്തിയിലെ ചൈനീസ് സൈനിക നീക്കങ്ങൾ വർധിപ്പിച്ചേക്കും. ദക്ഷിണ ചൈനാക്കടലിലെ ലക്ഷ്യങ്ങൾക്ക് സമാനമായ തരത്തിലാണ് ഇന്ത്യൻ അതിർത്തിയിൽ ചൈന ഇടപെടുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂര്‍ത്തിയായാൽ അതിർത്തിയിലെ പിരിമുറുക്കം വർധിക്കുമെന്നും സിം ടാക്ക് റിപ്പോർട്ടിൽ പറയുന്നു.

eng­lish sum­ma­ry; Chi­na dou­bles mil­i­tary bases on bor­der

You may also like this video;