ഡ്രോണുകള്‍ കേന്ദ്രീകരിച്ചുള്ള യുദ്ധമുറകളാണ് പുതിയ കാലത്തിലേത്. ഇതിലേക്ക് വലിയൊരു ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് ചൈന. 100കണക്കിന് ചെറു ഡ്രോണുകളെ വഹിക്കാന്‍ ശേഷിയുള്ള സൂപ്പര്‍ ഡ്രോണ്‍ വികസിപ്പുക്കുകയാണ് ചൈന. ജിയൂഷ്യാന്‍ എസ്എസ് എന്ന് പേരിട്ടിരിക്കുന്ന ഹൈ ആര്‍ട്ടിട്യൂഡ് ലോങ് എന്‍ഡ്യുറന്‍സ് അണ്‍മാന്‍ഡ് എയര്‍ക്രാഫ്റ്റാണ് ആണ് ജിയൂഷ്യാന്‍. ഈ വര്‍ഷം ജൂണ്‍ അവസാനത്തോടെ ജിയൂഷ്യാന്‍ എസ്എസ് എന്ന സൂപ്പര്‍ ഡ്രോണിനെ അവതരിപ്പിക്കുമെന്നാണ് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലോകത്തിലെ ആദ്യത്തെ എരിയല്‍ എയര്‍ക്രാഫ്റ്റ് കാരിയര്‍ എന്ന വിശേഷണമാണ് ജിയൂഷ്യാനുള്ളത്. സാധാരണ ആളില്ലാ യുദ്ധവിമാനങ്ങള്‍ മിസൈലുകളും ബോംബുകളും മാത്രമാണ് വഹിക്കുക. എന്നാല്‍ ജിയൂഷ്യാന് ഇത്തരം ആയുധങ്ങളെ അതിന്റെ ചിറകില്‍ വഹിക്കാന്‍ സാധിക്കുന്നതിനൊപ്പം പ്രധാന ബോഡിയോട് ചേര്‍ന്ന് ഇരുവശത്തുമുള്ള പ്രത്യേക അറകളിലായി ലോയിറ്ററിങ് മ്യൂണിഷനുകളായ കാമികാസെ ഡ്രോണുകളും മറ്റ് ചെറുഡ്രോണുകളുമുള്‍പ്പെടെ 100 ഡ്രോണുകള്‍ ജിയൂഷ്യാന് വഹിക്കാന്‍ സാധിക്കും. ഒരു ഡ്രോണ്‍ മദര്‍ഷിപ്പെന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം.
എതിരാളിയുടെ വ്യോമമേഖലയിലേക്ക് കടക്കുന്നതിന് മുമ്പ് അവരുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനായി ഡ്രോണുകളുടെ കൂട്ടത്തെ അയയ്ക്കുന്ന രീതി നിലവിലുണ്ട്. എന്നാല്‍ ഇത്തരം ചെറു ഡ്രോണുകളെ കൂടുതല്‍ ദൂരത്തേക്ക് അയയ്ക്കാന്‍ സാധിക്കില്ല. ഈ പോരായ്മയാണ് ജിയൂഷ്യാനിലൂടെ ചൈന പരിഹരിക്കുന്നത്. ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏവിയേഷന്‍ ഇന്‍ഡസ്ട്രി കോര്‍പ്പറേഷന്‍ ഓഫ് ചൈന ആണ് ജിയൂഷ്യാന്‍ ഡ്രോണിനെ വികസിപ്പിച്ചത്.
യുദ്ധമേഖലയില്‍ സഹായിക്കല്‍, സമുദ്ര നിരീക്ഷണം, അതിര്‍ത്തി നിരീക്ഷണം, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലും ഈ ഡ്രോണിനെ ഉപയോഗിക്കാനാകും. റിപ്പോര്‍ട്ടുകളനുസരിച്ച് 50,000 അടി ഉയരത്തില്‍ വരെ പറന്നുയരാന്‍ സാധിക്കുന്ന ജിയൂഷ്യാന്‍ എസ്എസിന് പേലോഡുകള്‍ വഹിച്ച് 7,000 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. രഹസ്യവിവരങ്ങള്‍ ശേഖരിക്കല്‍, നിരീക്ഷണം, ആക്രമണം തുടങ്ങിയ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ജിയൂഷ്യാന്‍ ഡ്രോണിനെ പ്രധാനമായും വികസിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.