Tuesday
19 Mar 2019

ചൈന കരസേനാംഗങ്ങളുടെ എണ്ണം പകുതിയാക്കുന്നു

By: Web Desk | Wednesday 23 January 2019 12:22 PM IST


ബെയ്ജിങ്: ചൈന കരസേനാ അംഗങ്ങളുടെ എണ്ണം പകുതിയായി കുറക്കുന്നു. 20 ലക്ഷത്തോളം അംഗബലമുള്ള ലോകത്തെ  ഏറ്റവും വലിയ സൈന്യമാണ് ചൈനയുടേത്. അതിനെ ആധുനീകരിച്ച്‌ നാവിക-വ്യോമസേനകളെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമം സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ സൈനികപരിഷ്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ചൈന സൈന്യത്തിന്റെ അംഗബലത്തില്‍ മൂന്നുലക്ഷത്തിന്റെ കുറവ് വരുത്തിയിരുന്നു. .പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ.) നാവിക-വ്യോമസേനാംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയും പുതിയ തന്ത്രപ്രധാന യൂണിറ്റുകള്‍ രൂപവത്കരിക്കുകയും ചെയ്തു. 30 ശതമാനത്തിന്റെ കുറവ് കരസേനയിലെ ഓഫീസര്‍മാരുടെ എണ്ണത്തിലും വരുത്തിയിട്ടുണ്ട്.

ഇതോടെ ചൈന സൈന്യത്തില്‍ കരസേനയ്ക്കുണ്ടായിരുന്ന ആധിപത്യം നഷ്ടമാകും. നേരത്തേ പി.എല്‍.എ.യുടെ ആകെ അംഗസംഖ്യയില്‍ പകുതിയിലേറെയും കരസേനാംഗങ്ങളായിരുന്നു. പി.എല്‍.എ. യുടെ മറ്റ് നാല് ശാഖകളായ നാവിക, വ്യോമ, റോക്കറ്റ്, സ്ട്രാറ്റജിക് സപ്പോര്‍ട്ട് സേന എന്നിവയാകും ഇനി സൈന്യത്തിന്റെ പകുതിയിലേറെയും കൈയാളുക. ചൈനീസ് സൈന്യത്തിന്റെ സൈബര്‍ മേഖലയിലെ പോരാളികളാണ് സ്ട്രാറ്റജിക് സപ്പോര്‍ട്ട് ഫോഴ്സ്.
ചൈന തങ്ങളുടെ നാവികസേനയില്‍ വന്‍മാറ്റങ്ങള്‍ വരുത്തുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ടാമതൊരു വിമാനവാഹിനി പരീക്ഷണഘട്ടത്തിലാണ്. മറ്റൊന്നിന്റെ നിര്‍മാണം പുരോഗമിക്കുന്നു. ആറ്‌ വിമാനവാഹിനിക്കപ്പലുണ്ടാക്കുകയെന്നതാണ് ചൈനയുടെ ലക്ഷ്യമെന്നും അധികൃതര്‍ സൂചിപ്പിക്കുന്നു.
1949 വരെ ചൈനയ്ക്ക് നാവിക-വ്യോമസേനകളുണ്ടായിരുന്നില്ല. 1966-ലാണ് റോക്കറ്റ് ഫോഴ്സ് നിലവില്‍ വരുന്നത്. 2013-ലെ ചൈനീസ് പ്രതിരോധമന്ത്രാലയത്തിന്റെ കണക്കുപ്രകാരം 23 ലക്ഷം സൈനികരുണ്ടായിരുന്നു ചൈനയ്ക്ക്. അതില്‍ 2.35 ലക്ഷം പേര്‍ മാത്രമായിരുന്നു നാവികസേനയ്ക്ക്. 3.98 ലക്ഷം പേര്‍ വ്യോമസേനയിലും.

Related News