ചൈനാ-പാക് സാമ്പത്തിക ഇടനാഴി;ചൈന സാമ്പത്തിക സഹായം നിര്‍ത്തി

Web Desk
Posted on December 05, 2017, 6:56 pm

ഇസ്ലമാബാദ്: ചൈനാ-പാക് സാമ്പത്തിക ഇടനാഴി റോഡ് നിര്‍മ്മാണത്തിനുള്ള സാമ്പത്തിക സഹായം ചൈന താല്‍ക്കാലികമായി നിര്‍ത്തി.

ചൈനാ-പാക് സാമ്പത്തിക ഇടനാഴി പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് മൂന്ന് പ്രധാന റോഡുകള്‍ക്കായുള്ള സാമ്പത്തിക സഹായം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ചൈന തീരുമാനിച്ചത്. അമ്പത് ബില്ല്യണ്‍ ഡോളറാണ് പദ്ധതിയുടെ ചെലവായി കണക്കാക്കിയിരുന്നത്.
ചൈനയുടെ തീരുമാനം 210 കി.മീ ദൂരം വരുന്ന ദൈറ ഇസ്മയീല്‍ഖാന്‍സോബ് റോഡ്, ബലൂചിസ്ഥാനിലെ 110 കിമി ദൂരത്തിലുള്ള ഖുസ്ദാര്‍ബസീമ റോഡ്, 136 കിമീ ദൂരത്തിലുള്ള കാരക്കോറം ഹൈവേ എന്നീ റോഡുകളുടെ നിര്‍മ്മാണത്തെകാര്യമായി ബാധിക്കും. വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാക് അധീന കശ്മീരിലൂടെയാണ് മൂന്ന് റോഡുകളും കടന്ന് പോവുന്നത്.
പാകിസ്താന്റെ വികസന പദ്ധതിയില്‍ പെട്ടതായിരുന്നു ഈ മൂന്ന് റോഡ് നിര്‍മാണവുമെങ്കിലും കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പാക് ദേശീയ പാത അതോറിറ്റി അധികൃതര്‍ തങ്ങളും ചൈനാപാക് സാമ്ബത്തിക ഇടനാഴിക്ക് കീഴില്‍ ചേര്‍ന്നതായി അറിയിച്ചത്. അതുകൊണ്ട് തന്നെ ചൈനയുടെ സാമ്പത്തിക സഹായവും ലഭ്യമായി.
കഴിഞ്ഞ വര്‍ഷം ചേര്‍ന്ന പാകിസ്താന്റെ ആറാം ജോയിന്റ് കമ്മീഷന്‍ റോഡുകള്‍ക്കുള്ള സാമ്പത്തിക സഹായ കരാര്‍ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പാക് മാധ്യമങ്ങളില്‍ വന്ന അഴിമതി വാര്‍ത്തയെ തുടര്‍ന്നാണ് സാമ്പത്തിക സഹായം തല്‍ക്കാലം പിന്‍വലിക്കാന്‍ ചൈന തീരുമാനിച്ചത്.