Saturday
19 Oct 2019

ചൈന – യുഎസ് വ്യാപാര യുദ്ധം

By: Web Desk | Monday 13 May 2019 10:57 PM IST


മുംബൈ: യുഎസിന് പിന്നാലെ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്കുമേല്‍ ചൈനയും തീരുവ ഉയര്‍ത്തിയ സാഹചര്യത്തില്‍ സംജാതമായ വ്യാപാര യുദ്ധം മൂലം വിവിധ രാജ്യങ്ങളിലെ സമ്പദ്ഘടനകള്‍ കടുത്ത തകര്‍ച്ചയിലേക്ക് നീങ്ങുന്നു. ഇറാനുമേല്‍ ഉപരോധമേര്‍പ്പെടുത്തിയ യുഎസിന്റെ നീക്കം മധ്യേഷ്യയില്‍ സൃഷ്ടിച്ച യുദ്ധാന്തരീക്ഷത്തിനൊപ്പം വ്യാപാര യുദ്ധം കൂടിയായപ്പോള്‍ ആഗോള സമ്പദ്ഘടന തന്നെ പ്രതിസന്ധിയിലാകുമെന്ന ആശങ്കയുമുയര്‍ന്നിട്ടുണ്ട്. ഇന്ത്യയില്‍ ഓഹരി വിപണികളിലെ കനത്ത നഷ്ടത്തിനൊപ്പം രൂപയുടെ മൂല്യവും തകര്‍ന്നു.

ബിഎസ്ഇ സെന്‍സെക്‌സ് 372.17 പോയിന്റ് കുറഞ്ഞ് 37,090.82 പോയിന്റിലും നിഫ്റ്റി 130.70 പോയിന്റ് കുറഞ്ഞ് 11148.20 പോയിന്റിലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. തുടര്‍ച്ചയായ ഒമ്പതാം ദിവസമാണ് ഓഹരി വിപണിയില്‍ നഷ്ടം നേരിടുന്നത്. ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് ബോംബെ ഓഹരി സൂചിക ഇത്തരത്തില്‍ നഷ്ടം നേരിടുന്നത്. 37.090.82 എന്ന നിലയിലാണ് സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി എട്ടുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്നലെ ക്ലോസുചെയ്തിരിക്കുന്നത്. 11,148 എന്ന നിലയിലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. ഇത് 2011 ന് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ തകര്‍ച്ചയാണ്. ചൈന-യുഎസ് വ്യാപാര യുദ്ധത്തിന് പുറമെ എണ്ണ വിലയിലെ വര്‍ധനവും ഇന്ത്യയിലെ പ്രമുഖ കമ്പനികള്‍ പ്രതീക്ഷിച്ച സാമ്പത്തിക ഫലം കാഴ്ചവയ്ക്കാത്തതും നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇക്കാരണത്താല്‍ കനത്ത വില്‍പന സമ്മര്‍ദ്ദമാണ് വിപണികള്‍ നേരിടുന്നത്.

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഒരുദിവസംകൊണ്ട് 0.37 ശതമാനം ഇടിഞ്ഞ് 70.54 എന്ന നിലയിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിക്കുമ്പോള്‍ ഡോളറിനെതിരെ 69.91 എന്ന നിലയിലായിരുന്നു മൂല്യം.
ചൈനയില്‍ ഷാങ്ഹായി കോമ്പോസിറ്റ് സൂചികയില്‍ 1.2 ശതമാനവും സിഎസ്‌ഐ 300 സൂചികയില്‍ 1.8 ശതമാനവും ഇടിവ് നേരിട്ടു. ഒരുമാസം കൊണ്ട് ഷാങ്ഹായി കോമ്പോസിറ്റ് സൂചിക 5.7 ശതമാനവും സിഎസ്‌ഐ 300 സൂചികയില്‍ 6.2 ശതമാനവും നഷ്ടമാണ് നേരിട്ടിരിക്കുന്നത്. ചൈനീസ് കറന്‍സിയായ യുവാന്‍ നാലുമാസത്തെ ഏറ്റവും താഴ്ന്ന വിലയാണ് ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്. യൂറോപ്യന്‍ വിപണികളിലും മാന്ദ്യം നേരിട്ടു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കഴിഞ്ഞദിവസത്തെ ഉത്തരവാണ് വ്യാപാര യുദ്ധത്തിന് ശക്തികൂട്ടിയത്. ചൈനയില്‍ നിന്നുള്ള എല്ലാ ഇറക്കുമതികള്‍ക്കും തീരുവ 10 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി ഉയര്‍ത്താനാണ് ട്രംപ് ഉത്തരവിട്ടത്. 20000 കോടി ഡോളര്‍ മൂല്യമുള്ള ഇറക്കുമതിക്കു മേലാണ് പുതിയ നികുതി ഏര്‍പ്പെടുത്തുന്നത്. ശേഷിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കും ഉടന്‍തന്നെ നികുതി ഉയര്‍ത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
പകരമായി യുഎസില്‍ നിന്നുള്ള ഇറക്കുമതിക്ക് ചൈനയും നികുതി വര്‍ധനവ് ഇന്നലെ പ്രഖ്യാപിച്ചു. 5,140 ചരക്കുകള്‍ക്കുമേല്‍ ജൂണ്‍ ഒന്നുമുതല്‍ അഞ്ച് ശതമാനത്തില്‍ നിന്നും 25 ശതമാനമാണ് തീരുവയിലെ വര്‍ധന. 6000 കോടി ഡോളറിന്റെ വ്യാപാരത്തിന്മേലാണിത്. ചൈനയുടെ തീരുവ പ്രഖ്യാപനത്തിന് പിന്നാലെ യുഎസ് വിപണികളിലും ഇടിവുണ്ടായി. ഡൗ ജോണ്‍സ് 2.10 ശതമാനവും എസ് ആന്റ് പി 500 സൂചിക 2.05 ശതമാനവും നാസ്ഡാക് 2.82 ശതമാനവും താഴ്ന്നു.

ലോകത്തെ ഏറ്റവും വലിയ രണ്ടു സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാര യുദ്ധം മൂലം ലോക സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച 30 മുതല്‍ 40 വരെ ബേസിസ് പോയിന്റ് കുറയുമെന്ന് സാമ്പത്തികഗവേഷണ സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി കണക്കുകൂട്ടുന്നു.

Related News