June 26, 2022 Sunday

അജ്ഞാത വൈറസ് ബെയ്ജിങ്ങിലേക്കും; യാത്ര മുന്നറിയിപ്പുമായി ഇന്ത്യ

By Janayugom Webdesk
January 21, 2020

ചൈനയിൽ പടർന്ന അജ്ഞാത വൈറസ് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നു. ബെയ്ജിങ്ങിലും ഷാങ്ഹായിലും വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. മധ്യനഗരമായ വുഹാനിലാണ് ആദ്യമായി അജ്ഞാത വൈറസ് ബാധ കണ്ടെത്തുന്നത്. ഒരുകോടിയിലധികംപേർ വസിക്കുന്ന നഗരമാണിത്. പുതുവർഷാവധി ആരംഭിച്ചതോടെ ലക്ഷങ്ങളാണ് ബന്ധുക്കളെ കാണാനും അവധിക്കാലം ചെലവിടാനുമായി യാത്രചെയ്യുന്നത്. ഇവർ കടന്നുപോകുന്ന പ്രധാനകേന്ദ്രമാണ് വുഹാൻ. ഇത് വൈറസ് പെട്ടെന്ന് പടർന്നു പിടിക്കുന്നതിന് ഇടയാക്കുന്നു.

വുഹാന്‍ നഗരത്തില്‍ പടര്‍ന്ന ന്യൂമോണിയ്ക്കു കാരണമായ കൊറോണ വൈറസ് മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പടരുമെന്ന് സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച 220 പേരില്‍ നാലുപേര്‍ ഇതുവരെ മരിച്ചു. ഇന്നലെയാണു നാലാമത്തെ വ്യക്തയുടെ മരണം അധികൃതര്‍ സ്ഥിരീകരിച്ചത്. മരണസംഖ്യ ഇനിയും ഉയരാനാണു സാധ്യത. ഒരാഴ്ചയ്ക്കിടെ 136 പുതിയ കേസുകളും വുഹാനിൽ റിപ്പോർട്ടുചെയ്തു.

ഡിസംബറില്‍ വുഹാനില്‍ കണ്ടെത്തിയ അഞ്ജാത വൈറസ് മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്കു പടരുന്നതാണെന്നാണ് ആദ്യം കണ്ടെത്തിയത്. മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പടരുമെന്നു കഴിഞ്ഞ ദിവസമാണു സ്ഥിരീകരിച്ചത്. മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്കു എത്തിയതെന്നു കരുതുന്ന വൈറസ് കൂടുതല്‍ ആളുകളിലേക്കു പടരുകയാണ്.

അതേസമയം ചൈനയിൽ അജ്ഞാത വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യ യാത്ര മുന്നറിയിപ്പ് നൽകി. ഫാമുകൾ, മൃഗ ചന്തകൾ, കശാപ്പുശാലകൾ എന്നിവ സന്ദർശിക്കുന്നത് ഒഴിവാക്കണം. പകുതി പാചകം ചെയ്തതോ, പച്ചയോ ആയ മാംസം കഴിക്കരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. സുഖമില്ലാത്തവരെ സന്ദർശിക്കുകയും അവരുമായി അടുത്തിടപഴകുകയുമരുത്. ചുമ, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരുമായി പ്രത്യേകിച്ചും ഇടപഴകരുത്. ശ്വാസകോശസംബന്ധമായ അസുഖങ്ങളുള്ളവർ എപ്പോഴും മുഖംമൂടി ധരിക്കണമെന്നും നിർദേശമുണ്ട്.

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.