ചൈന പാകിസ്ഥാനിലെ പെഷവാറില്‍ വിസ ഓഫീസ് തുടങ്ങുന്നു

Web Desk
Posted on September 20, 2019, 1:02 pm

പെഷവാര്‍: ചൈന പാകിസ്ഥാനിലെ പെഷവാറില്‍ വിസ ഓഫീസ് തുടങ്ങുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.

പാകിസ്ഥാനിലെ ചൈനീസ് സ്ഥാനപതി യാവോ ജിങ് ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ചൈനയുടെ സംസ്‌കാരം അറിയാനായി സ്ഥാപിച്ച ഏകജാലക കേന്ദ്രം സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രഖ്യാപനം. ചൈനീസ് സംസ്‌കാരം, കല, സാഹിത്യം, ചരിത്രം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നുണ്ട്. ഇതിന് പുറമെ ചലച്ചിത്ര പ്രദര്‍ശനവും പരിശീലനും ഈ കേന്ദ്രം നല്‍കുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നിനാണ് കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ സുരക്ഷാ ഭീഷണി ഉണ്ടായതോടെ കേന്ദ്രം അടച്ചു. പിന്നീട് ഇക്കഴിഞ്ഞ ജനുവരി രണ്ടിനാണ് വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ചൈന‑പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയിലെ ഖൈബര്‍ പഖ്തുന്‍ഖ്വയിലെ രഷകയില്‍ ഈ വര്‍ഷം തന്നെ ആദ്യ ചെറു സാമ്പത്തിക മേഖല പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനും സഹായകമാകും.