പ്രത്യേക ലേഖകൻ

ന്യൂഡൽഹി

June 24, 2020, 11:15 pm

അതിർത്തി സംഘർഷത്തിന്റെ വിവരങ്ങൾ ഇന്ത്യ തെറ്റായി നൽകിയെന്ന് ചൈന

Janayugom Online

ലഡാക്ക് അതിർത്തിയിൽ ഇരു രാജ്യങ്ങളിലേയും സൈനികർ തമ്മിലുണ്ടായ സംഘർഷത്തിന്റെ വിവരങ്ങൾ ഇന്ത്യ തെറ്റായി നൽകിയെന്ന് ചൈന. ഇന്നലെ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന നയതന്ത്രതല ചർച്ചയിലാണ് ചൈന ഇക്കാര്യം ഉന്നയിച്ചത്. ഗൽവാൻ സംഭവം സംബന്ധിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ മാധ്യമങ്ങളും തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാറുകൾ ലംഘിക്കുന്ന പ്രവർത്തനങ്ങളാണ് ഇന്ത്യൻ സൈനികരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് സാഹു ലിജിൻ മാധ്യമങ്ങളോട് പറഞ്ഞു.

ഈ മാസം ആറിന് സൈനിക കമാൻഡർ തലത്തിലുള്ള ചർച്ചയിലെ തീരുമാനങ്ങൾ നടപ്പാക്കാൻ ഇന്നലെ നടന്ന നയതന്ത്രതല യോഗത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ തീരുമാനമായി. ലഡാക്ക് അതിർത്തിയിൽ സമാധാനം ഉറപ്പാക്കുന്നതിന് ഇരു രാജ്യങ്ങളിലേയും സൈനികർ പിൻമാറും. വീഡിയോ കോൺഫറൻസിലൂടെയാണ് ഇരുരാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥർ തമ്മിൽ ചർച്ച നടത്തിയത്.

കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ ചുമതലയുള്ള വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി നവീൻ സിൻഹ, ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ വു ജിയാങുവുമാണ് ചർച്ചയിൽ പങ്കെടുത്തത്. ജൂൺ 15 ന് നടന്ന സംഭവത്തിൽ ഇന്ത്യൻ സൈനികർ മരിക്കാനിടയായതിലുള്ള ആശങ്ക ഇന്ത്യ ചർച്ചയിൽ ഉന്നയിച്ചു. ഇരു രാജ്യങ്ങളും ലൈൻ ഓഫ് ആക്ച്യുവൽ കൺട്രോൾ മാനിക്കാൻ തയ്യാറാകണം.

അതിർത്തിയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഇരു രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ തമ്മിലുള്ള ചർച്ചയിലെ തീരുമാനങ്ങൾ നടപ്പാക്കാനും ചർച്ചയിൽ ധാരണയായി.അതിർത്തിയുമായി ബന്ധപ്പെട്ട് ചൈനീസ് സൈന്യം ഇപ്പോൾ ഉന്നയിക്കുന്ന വാദങ്ങൾ തെറ്റാണെന്ന് ഇന്ത്യ യോഗത്തെ അറിയിച്ചു. മാപ്പുകൾ, ചാർട്ടുകൾ, നേരത്തെയുള്ള ഉടമ്പടികൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ ഇക്കാര്യം ഉന്നയിച്ചത്.

ENGLISH SUMMARY: Chi­na wrong­ly claims India
YOU MAY ALSO LIKE THIS VIDEO