Web Desk

January 17, 2020, 6:12 pm

ചൈനയിൽ ജനനിരക്ക് കുറയുന്നു

Janayugom Online

ബെയ്ജിങ്: ചൈന ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ ജനനനിരക്ക് രേഖപ്പെടുത്തിയത് 2019ലെന്ന് റിപ്പോർട്ട്. ജനസംഖ്യ പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ പൂർണമായും പരാജയപ്പെട്ടെന്നതിന്റെ തെളിവാണ് ഇത്.
കഴിഞ്ഞ കൊല്ലം 146 ലക്ഷം കുട്ടികൾ മാത്രമാണ് ജനിച്ചത്. തൊട്ടുമുൻവർഷത്തെക്കാൾ അഞ്ച് ലക്ഷം കുറവ് ഇത്. തുടർച്ചയായ മൂന്നാം വർഷമാണ് രാജ്യത്തെ ജനനനിരക്കിൽ കുറവ് ഉണ്ടായിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം പുറത്ത് വന്ന ദേശീയ സ്ഥിതിവിവര ബ്യൂറോയുടെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ കുറവാണ് കഴിഞ്ഞ കൊല്ലത്തേത്. 1961ലെ വലിയ ക്ഷാമകാലത്ത് മാത്രമാണ് ഇതിന് ഒരു അപവാദം ഉണ്ടായത്. 1000 പേർക്ക് 10.48 ആണ് 2019ലെ ജനനിരക്ക്. 1949ൽ ചൈന സ്ഥാപിച്ച ശേഷം ഉണ്ടാകുന്ന ഏറ്റവും കുറഞ്ഞ ജനനനിരക്കാണിത്.
ഇംഗ്ലണ്ടിലും വെയിൽസിലും കഴിഞ്ഞ കൊല്ലമിത് 11.1 ആയിരുന്നു. 1938ന് ശേഷം ഇരുസ്ഥലത്തുമുണ്ടാകുന്ന ഏറ്റവും കുറഞ്ഞ ജനനനിരക്കാണിത്. ലോകത്തെ ജനനനിരക്ക് കുറഞ്ഞ രാജ്യങ്ങളിലൊന്നായ സിംഗപ്പൂരിൽ ഇത് 8.9ആണ്.
ലോകത്തിൽ ഏറ്റവും കൂടിയ ജനനനിരക്ക് രേഖപ്പെടുത്തിയ രാജ്യം നൈജർ ആണ്. ലോകബാങ്കിന്റെ കണക്കുകൾ പ്രകാരം 2017ൽ ആയിരം പേർക്ക് 46.5 എന്നതോതിലാണ് ഇവിടുത്തെ ജനനനിരക്ക്.
ചൈനയിലെ ജനനനിയന്ത്രണ നയങ്ങൾ മാത്രമല്ല ഇക്കാര്യത്തിൽ പ്രതികൾ. സാമൂഹ്യവും സാമ്പത്തികവുമായ കാരണങ്ങളും ജനനനിരക്ക് കുറയാൻ കാരണമായിട്ടുണ്ടെന്ന് ഇർവിനിലെ കാലിഫോർണിയ സർവകലാശാല സോഷ്യോളജി പ്രൊഫസർ വാങ് ഫെങ് ചൂണ്ടിക്കാട്ടുന്നു. ഭാവിയിലും ഇത് ഇങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ചൈനയിൽ പ്രായമേറിയവരുടെ എണ്ണം വൻതോതിൽ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് ജനസംഖ്യാ നിയന്ത്രണ നയങ്ങൾ പൊളിച്ചെഴുതാൻ ചൈന തീരുമാനിച്ചത്. പതിറ്റാണ്ടുകളായി ശക്തമായ കുടുംബാസൂത്രണ നയങ്ങളാണ് രാജ്യം പിന്തുടർന്നിരുന്നത്. 1980കൾ മുതൽ ഒറ്റക്കുട്ടി നയമാണ് രാജ്യം സ്വീകരിച്ചത്.
2015 മുതൽ രാജ്യത്തെ ദമ്പതികൾക്ക് രണ്ട് കുട്ടികളാകാം എന്ന നയം നിലവിൽ വന്നു. എന്നാൽ മിക്ക കുടുംബങ്ങളും ഇപ്പോഴും ഒരു കുട്ടി എന്ന നയം തന്നെയാണ് പിന്തുടരുന്നത്. വിദ്യാഭ്യാസ, ഭവന, ആരോഗ്യ ചെലവുകൾക്കും വേണ്ടി വരുന്ന ഭീമമായ തുക ചൂണ്ടിക്കാട്ടിയാണ് ഇവർ ഒറ്റക്കുട്ടി നയം പിന്തുടരുന്നത്. രാജ്യത്തെ വിവാഹമോചന നിരക്ക് കൂടിയതും സ്ത്രീകൾ ഏറെ വൈകി മാത്രം വിവാഹിതരാകുന്നതും ഏറെ പേരും വിവാഹം വേണ്ടെന്ന് വയ്ക്കുന്നതും ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നു.
ഒരു സമൂഹത്തിന്റെ ശീലങ്ങൾ മാറ്റുക വളരെ പ്രയാസമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. സമൂഹം ഒറ്റക്കുട്ടി സംവിധാനത്തിൽ വാർത്തെടുക്കപ്പെട്ടിരിക്കുന്നത് കൊണ്ട് തന്നെ ജനനനിരക്കിലെ ഇടിവ് ഇനിയും തുടരുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ചൈനയിലെ ജനസംഖ്യ അടുത്ത പതിറ്റാണ്ടുമുതൽ ചുരുങ്ങുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. 2050ഓടെ രാജ്യത്തെ മൂന്നിലൊന്ന് ജനതയും അറുപത് വയസിന് മേൽ പ്രായമുള്ളവരായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു. പൊതുസേവന വിഭാഗത്തിനും കുട്ടികൾക്കും ഇത് വലിയ ബാധ്യതയാകും സൃഷ്ടിക്കുക. ഒരു കുട്ടി മാത്രമായതിനാൽ പ്രായമുള്ള മാതാപിതാക്കളെ സംരക്ഷിക്കേണ്ടതിന്റെ ബാധ്യത ഇവർ ഏറ്റെടുക്കേണ്ടി വരികയും ചെയ്യുന്നു. ജനനനിരക്ക് കുറയുന്നത് ഭാവിക്ക് ഗുണകരമാകില്ലെന്ന വിലയിരുത്തലുമുണ്ട്.
ലോകത്ത് മിക്ക രാജ്യങ്ങളും ജനനനിരക്കിലെ ഇടിവ് നേരിടേണ്ടി വരും. രാജ്യങ്ങൾ കൂടുതൽ കുടുംബ സൗഹൃദമാകുന്നതിന് വേണ്ടി അനുഭവങ്ങളിൽ നിന്ന് കൂടുതൽ പാഠങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ടെന്നും വാങ് ചൂണ്ടിക്കാട്ടുന്നു. 

Chi­na’s birthrate falls to low­est lev­el despite push for more babies

Efforts by pol­i­cy­mak­ers to bol­ster the pop­u­la­tion after decades of strict fam­i­ly plan­ning seem to be failing