ചുവപ്പ് ധരിച്ചവരെ പിന്തുടര്‍ന്ന് പീഡനം; 11 സ്ത്രീകളെ കൊന്നയാളെ തൂക്കിലേറ്റി

Web Desk
Posted on January 03, 2019, 4:05 pm
ബെയ്ജിംഗ്: ചൈനയെ ഞെട്ടിച്ച പരമ്പര കൊലായാളിയെ തൂക്കിലേറ്റി. പതിനൊന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഗാവു ചെങ്ങ്യോങ്ങിനെ (54)യാണ് ചൈന വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ആദ്യ കൊലപാതകം കഴിഞ്ഞ് 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇയാളെ തൂക്കിലേറ്റിയത്.
1988 ലാണ് ‘ജാക്ക് ദി റിപ്പര്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ഗാവു ആദ്യ കൊലപാതകം നടത്തുന്നത്. അന്നുമുതല്‍ 2002 വരെയുള്ള കാലയളവില്‍ 11 സ്ത്രീകള്‍ ഇയാളുടെ ക്രൂരതയ്ക്ക് ഇരയായി. കൊലചെയ്യപ്പെട്ടതില്‍ ഏറ്റവും പ്രായം കുറഞ്ഞത് എട്ടു വയസുള്ള പെണ്‍കുട്ടിയായിരുന്നു.
ചുവന്ന വസ്ത്രം ധരിച്ച യുവതികളെയാണ് ഇയാള്‍ പ്രധാനമായും ലക്ഷ്യം വയ്ക്കാറുള്ളത്.
ഇത്തരക്കാരെ പിന്തുടര്‍ന്ന് ഇവരുടെ വീടുകളെത്തി ബലാത്സംഗം ചെയ്തശേഷം കഴുത്ത് അറത്ത് കൊല്ലുകയാണ് പതിവ്. കൊലപാതകശേഷം മൃതദേഹം വികൃതമാക്കുകയും
രഹസ്യഭാഗങ്ങള്‍ വെട്ടിമാറ്റുകയും ചെയ്യും.
വര്‍ഷങ്ങളോളം നീണ്ട തിരച്ചിലിനൊടുവില്‍ 2016 ലാണ് ഇയാള്‍ പൊലീസിന്‍റെ പിടിയിലായത്.
 കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഗാവു തൂക്കി കൊല്ലാന്‍ വിധിച്ചത്. സുപ്രീം കോടതി അനുമതി നല്‍കിയതോടെ ശിക്ഷാവിധി നടപ്പിലാക്കുകയായിരുന്നു.