കള്ളി വെളിച്ചതായതോടെ കൈകഴുകി കേന്ദ്രം. ചൈനീസ് കമ്പനികളില്‍ നിന്ന് വാങ്ങിയ കോവിഡ് ദ്രുതപരിശോധനാ കിറ്റുകളുടെ വില തട്ടിപ്പും ഗുണനിലവാരം ഇല്ലായ്മയും പുറത്തു വന്നതോടെ കേന്ദ്ര സര്‍ക്കാർ കരാര്‍ റദ്ദാക്കി. 245 രൂപയ്ക്ക് വിതരണക്കാര്‍ വാങ്ങിയ കിറ്റ് 600 രൂപയ്ക്കാണ് ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്) നു വിറ്റത്. സംസ്ഥാനങ്ങള്‍ കിറ്റുകള്‍ കേന്ദ്രത്തില്‍ നിന്നും വാങ്ങണമെന്ന നിബന്ധന കേന്ദ്രം നേരത്തെ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇത്തരം കിറ്റുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനാ ഫലങ്ങള്‍ വ്യാപകമായി തെറ്റായതോടെയാണ് കിറ്റുകളുടെ സംഭരണത്തിലെ കള്ളക്കളികള്‍ പുറത്തു വന്നത്. വിഷയത്തില്‍ ഡല്‍ഹി ഹൈക്കോടതി ഇടപെടല്‍ ഉണ്ടായതോടെയാണ് കരാറില്‍നിന്നും കേന്ദ്രം പിന്മാറിയത്.
ഇടപാടില്‍ സര്‍ക്കാരിന് പണം നഷ്ടമായിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആറും തമ്മില്‍ കിറ്റുകള്‍ വാങ്ങുന്നത് സംബന്ധിച്ച് ഭിന്നതകള്‍ ഉണ്ടായിരുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഡല്‍ഹി ഹൈക്കോടതി ഉത്തരവിലൂടെയാണ് കിറ്റുകളുടെ വില സംബന്ധിച്ചുള്ള തീവെട്ടിക്കൊള്ള വെളിച്ചത്തു വന്നത്. ശരിയായ വിലയുടെ ഇരട്ടിതുക നല്‍കിയാണ് ഗുണനിലവാരം ഇല്ലാത്ത ദ്രുതപരിശോധനാ കിറ്റുകള്‍ ഇന്ത്യ വാങ്ങുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഗ്വാങ്സോ വുണ്‍ഫോ ബയോടെക്, സുഹായ് ലിവ്സോണ് ഡയഗ്നോസ്റ്റിക്സ് എന്നീ രണ്ടു കമ്പനികളാണ് കിറ്റുകളുടെ നിര്‍മ്മാതാക്കള്‍. ഇവരുടെ കിറ്റുകള്‍ ഗുണനിലവാരം ഇല്ലാത്തതാണെന്നും തെറ്റായ ഫലങ്ങളാണ് ലഭിക്കുന്നതെന്നും കണ്ടെത്തിയതായി ഐസിഎംആര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു. കരാര്‍ സംബന്ധിച്ച് കേന്ദ്രം നല്കിയ വിശദീകരണം ഇങ്ങനെയാണ്. കൃത്യമായ നടപടിക്രമം പാലിച്ചാണ് കിറ്റുകള്‍ വാങ്ങിയത്. മുഴുവന്‍ തുകയും മുന്‍കൂറായി നല്‍കാറില്ല. കിറ്റുകള്‍ ലഭിച്ചശേഷം ഗുണനിലവാരം ഉറപ്പാക്കാനുള്ള പരിശോധന നടത്തിയ ശേഷം മാത്രമേ തുക കൈമാറാറുള്ളൂ. അതിനാല്‍ത്തന്നെ സര്‍ക്കാരിന് ഒരു രൂപ പോലും നഷ്ടമായിട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പരിശോധനാ ഫലത്തിലെ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇറക്കുമതി ചെയ്ത ഈ ടെസ്റ്റിംഗ് കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധന നിര്‍ത്തിവയ്ക്കാന്‍ ഐസിഎംആര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. വുണ്‍ഫോ ബയോടെക്കില്‍ നിന്ന് മാര്‍ച്ച് 27ന് അഞ്ച് ലക്ഷം കിറ്റുകളാണ് കേന്ദ്രസര്‍ക്കാര്‍ ഐസിഎംആര്‍ മുഖേന ഓര്‍ഡര്‍ നല്‍കിയത്. ഐസിഎംആറും ആര്‍ക് ഫാര്‍മസ്യൂട്ടിക്കല്‍സും ചേര്‍ന്നാണ് വാങ്ങാനുള്ള ഓര്‍ഡര്‍ ഒപ്പുവച്ചത്.
ഐസിഎംആറുമായുള്ള കരാര്‍ പ്രകാരം മെട്രിക്സ് ലാബ് ഇറക്കുമതി ചെയ്ത കോവിഡ് ദ്രൂത പരിശോധനാ കിറ്റിന്റെ വില ജിഎസ്ടി ഉള്‍പ്പെടെ 400 രൂപയായി കുറച്ചു. റെയര്‍ മെറ്റബോളിക്സ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ഡല്‍ഹി ഹൈക്കോടതിയാണ് പരിശോധനാ കിറ്റിന്റെ വില കുറച്ചുകൊണ്ട് ഉത്തരവു പുറപ്പെടുവിച്ചത്. റെയര്‍ മെറ്റബോളിക് ലൈഫ് സയന്‍സ് എന്ന സ്ഥാപനമാണ് ഐസിഎംആര്‍ നല്കിയ കരാര്‍ പ്രകാരം മെട്രിക്സ് ലാബിന് പരിശോധനാ കിറ്റുകള്‍ നല്‍കിയത്. അഞ്ചു ലക്ഷം കിറ്റുകള്‍ക്കുള്ള ഓര്‍ഡറാണ് മെട്രിക്സ് ലാബ് നല്‍കിയത്. ഐസിഎംആറിനുവേണ്ടി അഞ്ചു ലക്ഷം കിറ്റുകള്‍ 600 രൂപ നിരക്കില്‍ 30 കോടി രൂപയ്ക്ക് ഇറക്കുമതി ചെയ്യാനായിരുന്നു കരാര്‍.
ഇതില്‍ ഏപ്രില്‍ 17ന് 2.76 ലക്ഷം കിറ്റുകള്‍ ഐസിഎംആറിനു കൈമാറി. ബാക്കിയുള്ള 2.24 ലക്ഷം കിറ്റുകളാണ് ഇനി നല്‍കാനുള്ളത്. കരാര്‍ പ്രകാരം അഞ്ച് ലക്ഷം കിറ്റുകള്‍ക്ക് ലഭിക്കേണ്ട മുഴുവന്‍ തുകയായ 12.75 കോടി രൂപ ലഭിച്ചു. ഫ്രൈറ്റ് ചാര്‍ജും ഇതില്‍ ഉള്‍പ്പെടുന്നതായി റെയര്‍ വ്യക്തമാക്കിയതോടെയാണ് ടെസ്റ്റ് കിറ്റിന്റെ ശരിയായ വില പുറം ലോകത്ത് എത്തിയത്. ഇതോടെ കിറ്റിന്റെ വില 400 രൂപയായി കുറച്ചുകൊണ്ട് കോടതി ഉത്തരവു പുറപ്പെടുവിക്കുകയായിരുന്നു. ഇറക്കുമതിക്കാരനും വിതരണക്കാരനും തമ്മില്‍ വിലയെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് ഹൈക്കോടതിക്കു മുന്നില്‍ എത്തിയത്. ജസ്റ്റിസ് നജ്മി വസീരിയാണ് കേസില്‍ വാദം കേട്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.