ഹുവാവെയ്ക്ക് പിന്നാലെ ചൈനീസ് ഡ്രോണുകളെ ലക്ഷ്യമിട്ട് യുഎസ്

Web Desk
Posted on May 23, 2019, 8:57 pm

ഹുവാവെയ്ക്ക് പിന്നാലെ ചൈനീസ് ഡ്രോണുകളെ ലക്ഷ്യമിട്ട് യുഎസ് സുരക്ഷാ വിഭാഗം. ചൈനീസ് നിര്‍മിത ഡ്രോണുകള്‍ സുരക്ഷാഭീഷണിയാണെന്നാണ് വാഷിങ്ടണ്‍ നല്‍കുന്ന പുതിയ മുന്നറിയിപ്പ്. ചൈനയുടെ ടെലികമ്യൂണിക്കേഷന്‍ ഭീമന്‍ ഹുവാവെയ്ക്ക് നിരോധനമേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഡ്രോണുകള്‍ക്കെതിരേയും യുഎസ് നീക്കമാരംഭിച്ചത്.

പുത്തന്‍ നീക്കവുമായി യുഎസ് ആഭ്യന്തരസുരക്ഷാവിഭാഗമാണ് ഡ്രോണുകള്‍ ചൈനീസ് ചാരസംഘടനകള്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിക്കുന്നതായി ആരോപണമുയര്‍ത്തിയത്. ചൈനീസ് ഡ്രോണ്‍ നിര്‍മാതാക്കളായ ഡിജിഐയുടെ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍നിന്ന് സൈന്യത്തെ 2017 മുതല്‍ യുഎസ് വിലക്കിയിട്ടുണ്ട്.

നിലവിലെ ഏറ്റവും വലിയ ഡ്രോണ്‍ നിര്‍മ്മാതാക്കളും ചൈനയാണ്. ലോകമാകെ ഉപയോഗിക്കുന്ന ഡ്രോണുകളില്‍ 70 ശതമാനവും ഡിജിഐയുടേതാണ്.
അതിനിടെ ഹുവാവെ ടെക്‌നോളജീസിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് 90 ദിവസത്തേക്ക് യുഎസ് വൈകിപ്പിച്ചിട്ടുണ്ട്. നിലവിലുള്ള ഉപയോക്താക്കള്‍ക്കുള്ള സേവനം തടസപ്പെടാതിരിക്കുന്നതിനായുള്ള നടപടികള്‍ ഈ ദിവസങ്ങള്‍ക്കുള്ളില്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശം. ഇതിനായി ആവശ്യമായ സാധന സേവനങ്ങള്‍ അമേരിക്കന്‍ കമ്പനികളില്‍ നിന്നും വാങ്ങാനും ഉപയോഗിക്കാനും വാവേയ്ക്ക് അനുമതി ലഭിക്കും. എന്നാല്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ കഴിയില്ല.

ചൈനീസ് കമ്പനികള്‍ക്കുമേല്‍ നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഹുവാവെ ടെക്‌നോളജീസിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി നിയന്ത്രിക്കാനും വിലക്കാനും യുഎസ് തീരുമാനിച്ചത്. അതേസമയം ഹുവാവെ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കുള്ള പിന്തുണ ഗൂഗിളും പിന്‍വലിക്കുകയാണ്. ക്വാല്‍കോ, ഇന്റല്‍ പോലുള്ള ചിപ്പ് നിര്‍മാണ കമ്പനികളും ഹുവാവെയുമായുള്ള സഹകരണം നിര്‍ത്താന്‍ നിര്‍ബന്ധിതരായി.