അരുണാചല്‍ പ്രദേശില്‍ നിന്നും കാണാതായ യുവാക്കളെ ചൈനീസ് സൈന്യം കൈമാറി

Web Desk

ന്യൂഡൽഹി

Posted on September 12, 2020, 10:32 pm

അരുണാചല്‍ പ്രദേശില്‍ നിന്നും കാണാതായ അഞ്ച് യുവാക്കളെ ചൈനീസ് സൈന്യം ഇന്ത്യയ്ക്ക് കൈമാറിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.സെപ്റ്റംബര്‍ ഒന്ന് മുതലാണ് അരുണാചല്‍ പ്രദേശിലെ സുബാന്‍സിരിയിലെ ഇന്ത്യ‑ചൈന നിയന്ത്രണരേഖയ്ക്ക് സമീപത്ത് നിന്നും അഞ്ച് യുവാക്കളെ കാണാതായത്. മൃഗങ്ങളെ വേട്ടയാടാനായി പോയ ഇവര്‍ അബദ്ധത്തില്‍ അതിര്‍ത്തി കടക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ ചൈനീസ് സൈന്യം കണ്ടെത്തി, ഇന്ത്യന്‍ സൈന്യത്തിന് വിവരം കൈമാറി.

അഞ്ച് പേരെയും ഇന്ത്യയ്ക്ക് കൈമാറുമെന്ന് ചൈനീസ് സൈന്യം അറിയിച്ചിരുന്നതായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇവരെ കാണാതായതിനെ തുടര്‍ന്ന് ചൈനീസ് പട്ടാളം ഇവരെ തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് യുവാക്കളില്‍ ഒരാളുടെ സഹോദരന്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് ഇട്ടിരുന്നു.

വേട്ടയ്ക്കായി ഇറങ്ങിയ ഏഴംഗസംഘത്തില്‍ അഞ്ചുപേര്‍ അബദ്ധത്തില്‍ അതിര്‍ത്തി കടക്കുകയായിരുന്നു. ഇന്ത്യ‑ചൈന അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ യുവാക്കളെ കാണാതായതും തുടര്‍ന്ന് ഇവരെ തട്ടിക്കൊണ്ടുപോയതാണെന്ന് വന്ന ആരോപണവും ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.

Eng­lish sum­ma­ry: Chi­nese army hand­ed over five miss­ing youths

You may also like this video;