ചൈനീസ് അവകാശവാദം അംഗീകരിക്കില്ല: ഇന്ത്യ

പ്രത്യേക ലേഖകൻ

ന്യഡൽഹി

Posted on June 21, 2020, 9:57 pm

ഗൽവാൻ വാലിയുമായി ബന്ധപ്പെട്ട ചൈനയുടെ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഗൽവാൻ വാലി ഇന്ത്യയുടെ അതിർത്തിയിലാണെന്ന കാര്യം ചരിത്ര സത്യമാണ്. ഇത് വളച്ചൊടിക്കുന്ന ചൈനീസ് നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ചൈനയുടെ വാദങ്ങൾ അംഗീകരിക്കാൻ കഴിയില്ല. കഴിഞ്ഞ കാലങ്ങളിൽ അതിർത്തിയുമായി ബന്ധപ്പെട്ട ചൈനയുടെ നിലപാടുകളിൽ നിന്നും വ്യത്യസ്ഥമാണ് ഇപ്പോഴത്തെ നിലപാട്. സ്വന്തം പ്രദേശത്താണ് ഇന്ത്യ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. യഥാർത്ഥ നിയന്ത്രണരേഖ ലംഘിക്കുന്ന ഒരു നിലപാടും ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ഇന്ത്യൻ മണ്ണിൽ ചൈനീസ് നുഴഞ്ഞുകയറ്റം അനുവദിക്കില്ലെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

ഇന്ത്യാ- ചൈന അതിർത്തിയിൽ സംഘർഷം നടന്ന ഗൽവാൻവാലി തങ്ങളുടെ അധീനതയിലുള്ള പ്രദേശമാണെന്ന് കഴിഞ്ഞ ദിവസം ചൈനീസ് വിദേശകാര്യ വക്താവ് സാഹു ലിജിൻ പറഞ്ഞിരുന്നു. ലഡാക്ക് അതിർത്തിയുമായി ബന്ധപ്പെട്ട് ജൂൺ ആറിന് ഇരു രാജ്യങ്ങളുടെ സൈനിക ഉദ്യോഗസ്ഥരും തമ്മിലുണ്ടാക്കിയ വ്യവസ്ഥകൾക്ക് വിപരീതമായാണ് ഇന്ത്യൻ സൈന്യം പ്രവർത്തിച്ചതെന്നും ബോധപൂർവമായ പ്രകോപനമാണിതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചതിന് മറുപടിയായാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.

ENGLISH SUMMARY: CHINESE CLAIMS DIDN’T ACCEPT: INDIA

YOU MAY ALSO LIKE THIS VIDEO: