ഇന്ത്യയിലെ പ്രമുഖർ ചൈനീസ് കമ്പനി നിരീക്ഷണത്തിൽ

Web Desk

ന്യൂഡൽഹി

Posted on September 14, 2020, 11:23 pm

രാജ്യത്തെ 10,000ത്തിലധികം വ്യക്തികളും സംഘടനകളും ചൈനീസ് കമ്പനിയുടെ നിരീക്ഷണത്തിലെന്ന് റിപ്പോർട്ട്. ചൈനീസ് സർക്കാരും കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള ഷെൻഹായ് ഇൻഫർമേഷൻ ടെക്നോളജി എന്ന സ്ഥാപനമാണ് നിരീക്ഷണം നടത്തുന്നതെന്നാണ് ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ട്. ചൈനയുടെ തെക്കു-കിഴക്കൻ നഗരമായ ഷെൻഹുവ ആസ്ഥാനമായാണ് കമ്പനിയുടെ പ്രവർത്തനം. കേന്ദ്ര സർക്കാർ, പ്രതിപക്ഷ പാർട്ടികൾ, മാധ്യമ പ്രവർത്തകർ, കലാകാരന്മാർ, കായിക താരങ്ങൾ, സാംസ്കാരിക നായകന്മാർ തുടങ്ങിയവരെയാണ് ഷെൻഹായ് ലക്ഷ്യമിടുന്നത്.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ‚പ്രധാനമന്ത്രി നരേന്ദ്ര മോഡി, രാജ്നാഥ് സിങ്, ചീഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത്, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും കുടുംബവും, മമത ബാനർജി, ഉദ്ധവ് താക്കറെ, അശോക് ഗെലോട്ട്, ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ലോക്പാൽ ജസ്റ്റിസ് പി സി ഘോഷ്, കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ജി സി മർമ്മു, രത്തൻ ടാറ്റ, ഗൗതം അഡാനി എന്നിങ്ങനെ 10,000ത്തിലധികം ഇന്ത്യക്കാർ നിരീക്ഷണ പട്ടികയിലുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ‍ഡാറ്റ ടൂളുകള്‍ ഉപയോഗിച്ചാണ് നിരീക്ഷണം. 15ഓളം മുൻ കരസേന, നാവിക സേന മേധാവികൾ, വ്യവസായ പ്രമുഖർ, ന്യായാധിപന്മാർ തുടങ്ങിയവരും ഇതിൽ ഉൾപ്പെടുന്നു.

ഡാറ്റ ശേഖരണവും വിവരസാങ്കേതിക വിദ്യയും ഉൾപ്പെടുന്ന ഒരു സൈബർ യുദ്ധമുഖം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നിരീക്ഷണം എന്നാണ് സംശയിക്കപ്പെടുന്നത്.

വെബ്,സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ തുടങ്ങിയവയിൽ ഈ വ്യക്തികളുടെ നീക്കങ്ങളെ ലക്ഷ്യമിട്ട് ഡിജിറ്റൽ വിവരങ്ങൾ കൈക്കലാക്കുകയാണ് നിരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്. വ്യക്തിപരമായ വിവരശേഖരണത്തിലല്ല ഇവർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പകരം ലഭ്യമായ വിവരങ്ങൾ വച്ച് പ്രധാന വ്യക്തികൾക്ക് മറ്റുള്ളവരുമായും സംഘടനകളുമായുള്ള ബന്ധം ഉൾപ്പെടുത്തി ഒരു ഡാറ്റാബേസ് നിർമ്മിക്കുകയാണ് നിരീക്ഷണത്തിലൂടെ ചെയ്യുന്നത്.

ചൈനീസ് രഹസ്യാന്വേഷണ വിഭാഗം, സൈനിക സുരക്ഷാ ഏജന്‍സികൾ എന്നിവയുമായി കമ്പനി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. ലഡാക്കിലെ നിയന്ത്രണ രേഖയിൽ ഇന്ത്യാ-ചൈനാ സൈന്യങ്ങൾ മുഖാമുഖം നിൽക്കുന്ന സാഹചര്യത്തിൽ ചൈനീസ് കമ്പനി നിരീക്ഷണം നടത്തുന്നു എന്നത് ഗൗരവം വർധിപ്പിക്കുന്നു.

2018 ഏപ്രിലിൽ സ്ഥാപിതമായ ഷെൻഹായ് കമ്പനിക്ക് വിവിധ രാജ്യങ്ങളിലായി 20 പ്രോസസിങ് സെന്ററുകൾ ഉണ്ടെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.

Eng­lish summary;Chinese com­pa­ny sur­veil­lance in india

You may also like this video;