ചൈനീസ് പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം

Web Desk
Posted on August 17, 2019, 12:18 pm

ന്യൂഡല്‍ഹി: ബൈക്ക് ഓടിക്കുന്നതിനിടെ പട്ടം കഴുത്തില്‍ ചുറ്റിയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. സിവില്‍ എഞ്ചിനീയര്‍ ആയ മാനവ് ശര്‍മ്മ (28)യാണ് മരിച്ചത്. ഡല്‍ഹി പശ്ചിം
വിഹാരില്‍ വ്യാഴാഴ്ചയാണ് സംഭവം. ചില്ലുകള്‍ പുരട്ടിയ ചൈനീസ് പട്ടത്തിന്റെ ചരട് കഴുത്തില്‍ മുറുകിതോടെ കഴുത്തുമുറിഞ്ഞാണ് യുവാവ് മരിച്ചത്.

വ്യാഴാഴ്ച രക്ഷാബന്ധന്‍ ആഘോഷിച്ച ശേഷം ഹരിനഗറിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു മാനവ്. മാനവിനൊപ്പം ഇളയ രണ്ട് സഹോദരിമാരും ബൈക്കിലുണ്ടായിരുന്നു. ഇവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.

പശ്ചിം വിഹാര്‍ ഫ്‌ലൈ ഓവറിലൂടെ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. മാനവിന്റെ കഴുത്തിനേറ്റ മുറിവ് മാരകമായിരുന്നു. ശ്വാസനാളിവരെ മുറിഞ്ഞുപോയെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ എത്തിക്കും മുന്‍പ് മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ബുദ്ധവിഹാര്‍ സ്വദേശിയായ മാനവ് ഒരു സ്വകാര്യ ബില്‍ഡിംഗ് കമ്പനിയില്‍ സിവില്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുകയായിരുന്നു.

ചൈനീസ് പട്ടം അപകടം വരുത്തിയതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച മാത്രം പതിനഞ്ച് സന്ദേശങ്ങളാണ് എത്തിയതെന്ന് പോലീസ് പറയുന്നു. എട്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചില്ലുപുരട്ടിയ പട്ടം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പതിനേഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐപിസി സെക്ഷന്‍ 188 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

YOU MAY LIKE THIS VIDEO ALSO