27 March 2024, Wednesday

ക്രെംലിന്‍ കൂടിക്കാഴ്ചയുടെ ഭാവി സാധ്യതകള്‍

Janayugom Webdesk
March 24, 2023 5:00 am

ചെെനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിന്റെ ദ്വിദിന റഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയായിരിക്കുന്നു. റഷ്യയും ഉക്രെയ്‌നുമായി നടക്കുന്ന, അവസാനിച്ചിട്ടില്ലാത്ത യുദ്ധത്തിനിടെയാണ് ചൈനീസ് ഭരണാധികാരി റഷ്യയിലെത്തിയത്. പടിഞ്ഞാറന്‍ ശക്തികള്‍ സന്ദര്‍ശനത്തെ ആകാംക്ഷയോടെയാണ് നോക്കിയത്. പ്രതിപക്ഷ റോളില്‍ നില്‍ക്കുന്ന ചൈന ഇപ്പോഴത്തെ സാഹചര്യത്തില്‍ യുദ്ധത്തില്‍ പങ്കാളിയായ റഷ്യയിലെത്തി പക്ഷം ചേരുമോയെന്നതായിരുന്നു അവരുടെ ആകാംക്ഷ. അതേസമയം പുതിയ ലോകക്രമത്തില്‍ ഏകധ്രുവീകരണശ്രമം വിജയകരമായി മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ ചൈനയും റഷ്യയും ചേര്‍ന്നുള്ള പുതിയ ശാക്തികചേരി രൂപപ്പെടുന്നുവോ എന്നത് മറ്റൊരു വിഭാഗത്തിന് പ്രതീക്ഷയുമാണ്. റഷ്യയുടെ വിശ്വസ്ത പങ്കാളിയാണെന്ന പ്രഖ്യാപനം ക്രെംലിനില്‍ നടത്തിയപ്പോഴും റഷ്യ‑ഉക്രെയ്‌ന്‍ യുദ്ധത്തില്‍ പക്ഷം ചേരുമെന്നതിന്റെ ഒരു സൂചനയും ഷീ നല്കിയില്ല. അതുകൊണ്ടുതന്നെ ഷീയുടെ സന്ദര്‍ശനം സംബന്ധിച്ച പടിഞ്ഞാറിന്റെ-പ്രത്യേകിച്ച് യുഎസിന്റെയും കൂട്ടാളികളുടെയും-ആകാംക്ഷ അവസാനിക്കേണ്ടതാണ്. പക്ഷേ റഷ്യ വിശ്വസ്ത പങ്കാളിയാണെന്ന ഷീയുടെ പ്രഖ്യാപനത്തില്‍ പലതും അടങ്ങിയിട്ടുണ്ടെന്ന ചിന്ത അവരുടെ ഉറക്കം കെടുത്താന്‍ പോന്നതാണ്. അതുമാത്രമല്ല, അവരുടെ അസ്വസ്ഥത വര്‍ധിപ്പിക്കുന്ന ചില മുന്‍കൈപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ആഴ്ചകളില്‍ ചൈനയുടെ ഭാഗത്തുനിന്നുണ്ടായതുമാണ്.

ഇറാനും സൗദി അറേബ്യയും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമമായിരുന്നു അത്. ഇറാനും സൗദിയും തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്നത് അകല്‍ച്ചയുടെ അന്തരീക്ഷമായിരുന്നു. ഇരുരാജ്യങ്ങളിലെയും ഇന്ധനസംഭരണിയില്‍ കണ്ണുവച്ച് യുഎസും സഖ്യശക്തികളും അകല്‍ച്ച വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരുന്നത്. അതിനിടെയാണ് ചൈന ഇരുരാജ്യങ്ങളുടെയും ഇടയിലെ മധ്യസ്ഥത ഏറ്റെടുത്തത്. നയതന്ത്ര ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാനും സ്ഥാനപതി കാര്യാലയങ്ങള്‍ തുറക്കാനും ഷീ ജിന്‍ പിങ്ങിന്റെ മധ്യസ്ഥതയില്‍ സമ്മതിച്ചതായാണ് പുറത്തുവന്ന വാര്‍ത്തകള്‍. ത്രികക്ഷി സംയുക്ത പ്രസ്താവനയും പുറത്തുവന്നിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് ആത്യന്തിക പരിഹാരമായെന്ന് പറയാനാകില്ലെങ്കിലും ഈ കൂടിക്കാഴ്ചകള്‍ നേരിയ പ്രതീക്ഷ നല്കുന്നതാണ്. ഇതിനൊപ്പമാണ് ചൈനീസ് പ്രസിഡന്റിന്റെ റഷ്യ സന്ദര്‍ശനമുണ്ടായിരിക്കുന്നത് എന്നത് പടിഞ്ഞറന്‍ അസ്വസ്ഥത കൂട്ടുമെന്നുറപ്പാണ്. അധിനിവേശത്തിന്റെയും ആഗോളപ്രതിസന്ധിയുടെയും ഉപജ്ഞാതാക്കളും കോര്‍പറേറ്റ് പ്രീണനത്തിന്റെ ഭാഗമായി ദുരിതങ്ങള്‍ വര്‍ധിപ്പിച്ച്, അവ കയറ്റുമതി നടത്തുകയും ചെയ്യുന്ന യുഎസ് നേതൃത്വത്തിലുള്ള ശക്തികളുടെ നിലപാടുകളെ നേരെനിന്ന് ചോദ്യം ചെയ്യുന്നൊരു ചേരി വളര്‍ന്നുവരുമെന്നതാണ് ചൈന‑റഷ്യ കൂടിക്കാഴ്ച നല്കുന്ന പ്രതീക്ഷ. ഐക്യരാഷ്ട്ര സഭ (യുഎന്‍)യെ കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര സംവിധാനത്തെ പ്രതിരോധിക്കുവാന്‍ തയ്യാറാണെന്ന്, ക്രെംലിനില്‍ ഷീ നടത്തിയ പരാമര്‍ശം ശ്രദ്ധേയമാണ്.


ഇതുകൂടി വായിക്കൂ:  റഷ്യ‑ഉക്രെയ്ന്‍ യുദ്ധത്തിന്റെ ബാക്കിപത്രം


കോവിഡ് കാലത്തുപോലും യുഎന്‍ കേന്ദ്രീകൃതമായ സംവിധാനം യുഎസിനെയും സഖ്യരാജ്യങ്ങളെയും ആശ്രയിച്ചാണ് നിലപാടുകള്‍ കൈക്കൊണ്ടിരുന്നത് എന്ന പശ്ചാത്തലത്തില്‍ ഷീയുടെ ഈ നിലപാടിന് പ്രാധാന്യമേറെയുണ്ട്. അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ കാവല്‍ക്കാരാകാനുള്ള സന്നദ്ധതയും നേരത്തെ ഷീ പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ റഷ്യയിലെത്തി അക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. ഏഷ്യന്‍ മേഖലയില്‍ സമാധാനഭംഗം സൃഷ്ടിക്കുന്ന യുഎസ്‍ നീക്കങ്ങള്‍ക്കും അന്താരാഷ്ട്ര വേദികളെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്കും നാറ്റോ പോലുള്ള സംവിധാനങ്ങള്‍ക്കുമെതിരെ യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ സഹകരണം എല്ലാ രാജ്യങ്ങളെയും ഉള്‍ക്കൊള്ളുന്നതായിരിക്കണമെന്നും തുല്യർ തമ്മിലുള്ള സംവാദമാണ് നടക്കേണ്ടതെന്നും ഇരുരാജ്യങ്ങളും വ്യക്തമാക്കുന്നു. അതുപോലെ വികസനത്തിനുള്ള പങ്കാളിത്തത്തിലും എല്ലാ രാജ്യങ്ങൾക്കും തുല്യ പ്രവേശനം ഉണ്ടായിരിക്കണം.

സമാധാനം, വികസനം, സഹകരണം എന്നിവ പുതിയ സാര്‍വദേശീയ വ്യവസ്ഥയുടെ കാതലാണെന്ന് ഇരുരാജ്യങ്ങളും കരുതുന്നുവെന്നും വിശദീകരിച്ചിട്ടുണ്ട്. ഒരു ബഹുധ്രുവലോകവും എല്ലാ രാജ്യങ്ങളുടെയും സുസ്ഥിര വികസനവും കൈവരിക്കുന്നതിന് സാർവത്രികത, തുറന്ന സമീപനം, ഉൾക്കൊള്ളൽ, വിവേചനമില്ലായ്മ, എല്ലാവരുടെയും താല്പര്യങ്ങൾ കണക്കിലെടുക്കുക തുടങ്ങിയ തത്വങ്ങൾ ഉയർത്തിപ്പിടിക്കണം. ഏറ്റുമുട്ടലിനുപകരം സംവാദം, ഒഴിവാക്കുന്നതിനു പകരം സഹിഷ്ണുത എന്നിവയും യോജിപ്പോടെ ജീവിക്കുവാനും മുന്നോട്ടുപോകാനും സഹകരണം നിലനിര്‍ത്തുവാനും ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന എല്ലാ രാജ്യങ്ങളോടും ആഹ്വാനം ചെയ്യുന്നു. 2030 വരെയുള്ള സാമ്പത്തിക സഹകരണം തുടരുന്നതിനുള്ള രണ്ടാമത് സംയുക്ത പ്രസ്താവനയും പുറപ്പെടുവിക്കുകയുണ്ടായി. കൃത്രിമ ബുദ്ധി, വിവര സാങ്കേതിക വിദ്യ എന്നിവയില്‍ ലോകനേതാക്കളാകുവാന്‍ സാധിക്കുമെന്ന പ്രതീക്ഷ ഇരുരാജ്യങ്ങളും വച്ചുപുലര്‍ത്തുന്നുണ്ട്. അങ്ങനെ രാഷ്ട്രീയത്തിലും വികസനത്തിലും സാങ്കേതിക വിദ്യയിലും യുഎസിന്റെ നേതൃത്വത്തില്‍ സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്ന ഏകധ്രുവ ലോകക്രമത്തെ ബഹുധ്രുവ തലത്തിലേയ്ക്ക് നയിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്നാണ് ഇരുരാജ്യങ്ങളും നല്കുന്ന സൂചന. അതുകൊണ്ടുതന്നെ ചൂഷണത്തിന്റെയും ലാഭേച്ഛയുടെയും അടിസ്ഥാനത്തിലല്ലാതെ, സഹവര്‍ത്തിത്വത്തിന്റെയും സമാധാനത്തിന്റെയും ലോകക്രമം ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് ഈ കൂടിക്കാഴ്ചയ്ക്ക് പ്രാധാന്യമേറുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.