അതിർത്തിയിൽ വീണ്ടും ചൈനീസ് പടയൊരുക്കം

Web Desk

ന്യൂഡൽഹി:

Posted on August 01, 2020, 10:31 pm

അതിർത്തിയിൽ വീണ്ടും ചൈനീസ് സൈനികവിന്യാസമെന്ന് സൂചന. ഉത്തരാഖണ്ഡ് അതിർത്തിയിലെ ലിപുലേഖ് ചുരത്തിന് സമീപം പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) സൈന്യമെത്തി. ലഡാക്ക് സെക്ടറിനു പുറത്ത് യഥാർത്ഥ നിയന്ത്രണ രേഖ (എൽഎസി) യിൽ ഉൾപ്പെടുന്ന മേഖലയായ ലിപുലേഖ് ഇന്ത്യ, ചൈന, നേപ്പാൾ രാജ്യങ്ങളുടെ അതിർത്തിപ്രദേശമാണ്. ഇവിടെ നേപ്പാളും ഇന്ത്യയും തമ്മിൽ അതിർത്തിതർക്കം നിലനിൽക്കുന്നുണ്ട്. ഈ പ്രദേശം ഉൾപ്പെടുത്തി രാഷ്ട്രീയ ഭൂപടം തയ്യാറാക്കിയ നേപ്പാളിന്റെ നടപടിയോടെ ഇന്ത്യ‑നേപ്പാൾ ബന്ധം വഷളായിരുന്നു.

മെയ് ആദ്യം മുതലേ ഇന്ത്യയും ചൈനയും ലഡാക്കിൽ ഏറ്റുമുട്ടലുകൾ തുടങ്ങിയിരുന്നു. തുടർന്ന് ജൂൺ 15ന് ഇത് 45 വർഷത്തിനിടെ ഇരുരാജ്യങ്ങളും തമ്മിലുണ്ടാകുന്ന ഏറ്റവും വലിയ സംഘട്ടനമായി മാറുകയും ചെയ്തു. മൂന്നാഴ്ചയ്ക്കു ശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും നടത്തിയ ചർച്ചയിൽ ഇരുവിഭാഗങ്ങളിലെയും സൈനിക വിന്യാസത്തിന്റെ തീവ്രത കുറയ്ക്കാനും സൈനിക പിന്മാറ്റത്തിനും തീരുമാനം എടുത്തിരുന്നു.

എന്നാൽ തീവ്ര മേഖലകളിൽ ചൈന സൈനിക വിന്യാസം തുടരുന്നത് ശ്രദ്ധയിൽപ്പെട്ടതായി ലഡാക്ക് മേഖലയിലെ സൈനിക ഉദ്യോഗസ്ഥർ പറയുന്നു. എൽഎസിയുടെ മറ്റ് ഭാഗങ്ങളിലും ചൈന സൈനിക സാന്നിധ്യം വർധിപ്പിച്ചിട്ടുണ്ട്. വടക്കൻ സിക്കിം, അരുണാചൽ പ്രദേശ് ഭാഗങ്ങളിലുള്ള ലിപുലേഖ് ചുരത്തിന് സമീപം പിഎൽഎ ട്രൂപ്പുകളിൽ വലിയ വിന്യാസം നടത്തുന്നതായി സൈനിക കമാൻഡർ പറഞ്ഞു. പാംഗോംങ്, ദംപ്‌സാങ് മേഖലകളിൽ നിന്ന് ചൈന പിന്മാറിയിട്ടില്ലെന്ന് ഏറ്റവും പുതിയ ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നു. പാംഗോങ് തടാകത്തിലെ സംഘര്‍ഷ മേഖലകളിലേക്ക് കൂടുതല്‍ പട്രോളിങ് ബോട്ടുകൾ വിന്യസിച്ചതായും ഉപഗ്രഹചിത്രങ്ങളിൽ നിന്നും സൂചന ലഭിച്ചിട്ടുണ്ട്.

പിഎൽഎ സൈന്യത്തിന് സമാനമായി ഇന്ത്യ ശക്തി വർധിപ്പിച്ചിട്ടുണ്ടെന്നും അതിർത്തി അവകാശവാദങ്ങളെ തുടർന്ന് നേപ്പാളിനെയും സൂക്ഷ്മ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും സൈനികവൃത്തങ്ങള്‍ പറയുന്നു. ലഡാക്കിൽ പട്രോളിങ് ശക്തമാക്കാനും സൈന്യം തീരുമാനിച്ചിട്ടുണ്ട്. അതിനിടെ തൽസ്ഥിതി തുടരണമെന്ന ചര്‍ച്ചയിലെ തീരുമാനം നടപ്പിലാക്കണമെന്ന് ചൈന ആവശ്യപ്പെടുന്നു. ഇത് അംഗീകരിച്ചാൽ ലഡാക്ക് അതിർത്തിയിലെ റഫാല്‍ യുദ്ധവിമാന വിന്യാസം ഇന്ത്യയ്ക്ക് സാധിക്കാതെവരും.

ENGLISH SUMMARY: Chi­nese readi­ness on the bor­der again
YOU MAY ALSO LIKE THIS VIDEO<