യുദ്ധസമാന സാഹചര്യത്തിലും തട്ടേക്കാട്ടിൽ ചൈനീസ് അതിഥി

Web Desk

കൊച്ചി

Posted on June 18, 2020, 2:59 pm

ചൈന ഇന്ത്യയുടെ അതിർത്തിയിൽ കുഴപ്പമുണ്ടാക്കുമ്പോൾ ഇതൊന്നും അറിയാതെ ഒരു ചൈനീസ് അതിഥി കോതമംഗലത്തെത്തി, ചാരനൊന്നുമല്ല ഒരു കൊക്കാണ് ഈ വിരുന്നുകാരൻ. ചൈനീസ് പോണ്ട് ഹോറൺ വിഭാഗത്തിൽപ്പെട്ട കൊക്കിനെ തട്ടേക്കാട് പക്ഷി സങ്കേതത്തിനടത്താണ് കണ്ടെത്തിയത്. സംസ്ഥാനത്ത് ആദ്യമായാണ് ചൈന്നീസ് പോണ്ട് ഹോറണിനെ കണ്ടെത്തുന്നത്. തെക്കേ ഇന്ത്യയിൽ തന്നെ ഈ ഇനത്തിൽപ്പെട്ട കൊക്കുകളെ കണ്ടെത്തുന്നത് അത്യഅപൂർവമാണ്.
തട്ടേക്കാട് പക്ഷിസങ്കേതത്തിലെ ഗൈഡും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ രജീവാണ് പക്ഷിയെ യാദൃശ്ചികമായി കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണവും പഠനത്തിലൂടെയുമാണ് പക്ഷി ചൈനീസ് പോണ്ട് ഹോറനാണെന്ന് സ്ഥിരീകരിച്ചത്. സാധാരണ 19 ഇഞ്ചുവരെയാണ് പോണ്ട് ഹോറണുകളുടെ വലിപ്പം. മഞ്ഞ നിറത്തിലുള്ള ചുണ്ടും കണ്ണുകളും കാലുകളുമാണ് ഇവയ്ക്ക്. മത്സ്യങ്ങൾ, പ്രാണികൾ, തവളകൾ, ഞണ്ട് എന്നിവയാണ് പ്രധാന ഭക്ഷണം. മങ്ങിയ തവിട്ട് നിറമാണ് ചിറകിന് പുറത്ത്. പറന്നുയരുമ്പോൾ ഇവ തൂവെള്ളയാകും. നാടൻ കുളക്കൊക്കിന് സമാനമായ ഇവയുടെ ജീവിതചര്യ. ചൈനീസ് പോണ്ടിന്റെ വരവോടെ തട്ടേക്കാട് പക്ഷിസങ്കേതത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 322 പക്ഷികളുടെ കൂട്ടത്തിൽ പുതിയതായി ഒരിനം കൂടി കൂട്ടിച്ചേർത്തു. 2002ൽ പറമ്പിക്കുളത്ത് ചൈനീസ് കുളക്കൊക്കിനെ കണ്ടെത്തിയിരുന്നു.
രാജീവ് പകർത്തിയ ചിത്രങ്ങൾ വിലയിരുത്തിയാണ് ചൈനീസ് പോണ്ട് ഹോറനെന്ന നിഗമനത്തിൽ എത്തിയത്. ഈ ഇനത്തിൽ ഒരു പക്ഷിയെ മാത്രമാണ് തട്ടേക്കാട് കണ്ടത്. അതിനാൽ പ്രചനന സമയത്ത് സാധാരണയായി അവ സഞ്ചരിക്കുന്ന സ്ഥലങ്ങളിലേക്ക് നീങ്ങുന്നതിനിടെ കാലാവസ്ഥ വ്യതിയാനം മൂലം ദിശമാറി ഇവിടെയെത്തിയതാകാമെന്നാണ് കരുതുന്നത്.

you may also like this video